ഭിക്ഷയാചിച്ച് സമ്പാദിച്ചത് ഒരു ലക്ഷം; ജഗന്നാഥ ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കി 70കാരി
ഭുവനേശ്വര്‍: ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ ഫുല്‍ബാനിയിലെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച ഒരു ലക്ഷം രൂപ സംഭാവന ചെയ്തു 70 വയസ്സുള്ള ഒരു സ്ത്രീ. ഫുല്‍ബാനി സ്വദേശിയായ തുലാ ബെഹ്റ വര്‍ഷങ്ങളായി കാണ്ഡമാലിലെ തെരുവുകളില്‍ ഭിക്ഷ യാചിക്കുകയാണ്. ഇങ്ങനെ ലഭിച്ച തന്റെ ഒരു ലക്ഷം രൂപയുടെ സമ്പാദ്യമാണ് തുല ക്ഷേത്രത്തിലേക്ക് സംഭാവനയായി നല്‍കിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ശാരീരിക വൈകല്യമുള്ള ഭര്‍ത്താവ് പ്രഫുല്ല ബെഹ്റയ്ക്കൊപ്പം വീടുകള്‍ തോറും കയറിയിറങ്ങി ഭിക്ഷാടനം നടത്തിയിരുന്നു. പറയാന്‍ കാര്യമായ ബന്ധുക്കള്‍ ഒന്നും തന്നെ തുല ബെഹ്‌റയ്ക്കില്ല. ജഗന്നാഥ ക്ഷേത്രത്തിനും സായി ക്ഷേത്രത്തിനും ഫുല്‍ബാനി നഗരത്തിലെ മറ്റ് ആരാധനാലയങ്ങള്‍ക്കും മുന്നിലിരുന്നാണ് ഭിക്ഷാടനം തുടര്‍ന്നത്. ഇതിനിടെ ആരുമില്ലാത്ത ഒരു പെണ്‍കുട്ടിയെ തുല ദത്തെടുത്തിരുന്നു. ഇപ്പോള്‍ ഇരുവരും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഭക്തരില്‍ നിന്ന് ലഭിക്കുന്ന ഭിക്ഷ വാങ്ങിയാണ് ജീവിക്കുന്നത്.

ജഗന്നാഥ ഭഗവാന്റെ വലിയ ഭക്തയാണ് തുലാ. ഏറെ നാളായി ക്ഷേത്രത്തിലേക്ക് സംഭവാന നല്‍കാന്‍ ആഗ്രഹിക്കുന്നെന്ന് അവര്‍ പറഞ്ഞു. അടുത്തിടെയാണ് ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന പണം ഒരു ലക്ഷം രൂപയുടെ അടുത്തെത്തിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചത്. ആ തുക ഭഗവാന്‍ ജഗന്നാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി സംഭാവന ചെയ്യാന്‍ തീരുമാനിച്ചെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ തനിക്ക് പണം സംഭാവന ചെയ്യണമെന്ന് അറിയിച്ചപ്പോള്‍ ക്ഷേത്രം അധുികൃതര്‍ നിരാകരിക്കുകയാണ് ചെയ്തത്. ഒരു യാചകയില്‍ നിന്നും സ്വീകരിക്കില്ലെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ അവര്‍ക്ക് ഭഗവാനോടുള്ള ഭക്തി കണ്ട് ക്ഷേത്രം അധികൃതര്‍ ആ തുക സ്വീകരിക്കുകയായിരുന്നു.

വര്‍ഷങ്ങളോളമായി ഭിക്ഷ യാചിച്ച് പണം സ്വരൂപിച്ചുകൊണ്ടിരുന്നു. എനിക്ക് കുടുംബമില്ല. ഞാന്‍ എന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ്. എനിക്ക് പണത്തിന്റെ ആവശ്യമില്ല. സത്യത്തില്‍, ജഗന്നാഥന് എന്തെങ്കിലും സേവനം ചെയ്യാന്‍ കഴിയുമെങ്കില്‍, ഈ ഭൂമിയിലെ എന്റെ ജീവിതത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചതായി എനിക്ക് തോന്നുമെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച ധനു സംക്രാന്തി ദിനത്തില്‍ ക്ഷേത്രത്തിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയത്. ഇതിന് പിന്നാലെ ക്ഷേത്ര്ം ഭരണ സമിതി തുലായെ അനുമോദിച്ചു.












Click it and Unblock the Notifications