10 ലക്ഷം തൊഴിലുകള്‍; സ്‌കൂളുകളില്‍ എഐ വിദ്യാഭ്യാസം; ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപവുമായി ആമസോണ്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികളുമായി ആഗോള ടെക് ഭീമനായ ആമസോണ്‍. 2030 ഓടെ ഇന്ത്യയില്‍ 35 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 2.9 ലക്ഷം കോടി രൂപ വരും.
മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ 17.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.5 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ആമസോണിന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഇതിനു പിന്നാലെയാണ് മൈക്രോസോഫ്റ്റിനേക്കാള്‍ വലിയ തുക നിക്ഷേപിക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഡിജിറ്റലൈസേഷന്‍, കയറ്റുമതി വളര്‍ച്ച, തൊഴിലവസരങ്ങളുടെ സൃഷ്ടി എന്നിവ കേന്ദ്രീകരിച്ചായിരിക്കും നിക്ഷേപം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 40 ബില്യണ്‍ ഡോളറിലേറെ ആമസോണ്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് പുതിയ പ്രഖ്യാപനം.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ തങ്ങളുടെ എല്ലാ ബിസിനസുകളിലുമായി 35 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കുമെന്ന പ്രഖ്യാപനം വന്നത് ന്യൂഡല്‍ഹിയില്‍ നടന്ന ആറാമത് ആമസോണ്‍ സംഭവ് ഉച്ചകോടിയിലാണ്.
ഇന്ത്യയുടെ ഡിജിറ്റല്‍, ദേശീയ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് അനുസൃതമായിരിക്കും ആമസോണിന്റെ ഭാവി നിക്ഷേപങ്ങള്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇ-കൊമേഴ്‌സ് കയറ്റുമതി 80 മില്യണ്‍ ഡോളറായി ഉയര്‍ത്താനും ചെറുകിട കച്ചവടക്കാര്‍ക്ക് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ ആനുകൂല്യങ്ങള്‍ നല്‍കാനും നാലു ലക്ഷത്തോളം സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എഐ വിദ്യാഭ്യാസവും കരിയര്‍ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ഈ വമ്പന്‍ നിക്ഷേപ പദ്ധതിയിലൂടെ ആമസോണ്‍ ലക്ഷ്യമിടുന്നത്.
ആത്മനിര്‍ഭര്‍, വീക്ഷിത് ഭാരത് എന്നീ ഇന്ത്യന്‍ ആശയങ്ങളുമായി യോജിച്ചു കൊണ്ടായിരിക്കും ആമസോണിന്റെ നിക്ഷേപ പദ്ധതികള്‍. ഇന്ത്യയിലെ ചെറുകിട ബിസിനസുകള്‍ക്കുള്ള ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ഈ നിക്ഷേപ പദ്ധതികള്‍ പ്രയോജനപ്പെടുത്തുമെന്ന് ആമസോണിലെ എമര്‍ജിങ് മാര്‍ക്കറ്റുകളുടെ സീനിയര്‍ വൈസ് പ്രസിഡന്റ്് അമിത് അഗര്‍വാള്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ നിന്ന് 20 ബില്യണ്‍ ഡോളറില്‍ അധികം കയറ്റുമതി സാധ്യമാക്കിയതായി ആമസോണ്‍ വ്യക്തമാക്കി. 2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ നിന്നും 80 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി സാധ്യമാക്കാനാണ് കമ്പനി ലക്ഷ്യം ഇടുന്നത്.
ഇന്ത്യയിലൂടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുള്ള പ്രവേശനം എല്ലാവര്‍ക്കും സാധ്യമാക്കാനും ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഐഎ ഉപകരണങ്ങള്‍ നല്‍കാനും ആമസോണ്‍ ലക്ഷ്യമിടുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 15 ദശലക്ഷം ചെറുകിട ബിസിനസുകളിലേക്ക് എഐയുടെ പ്രയോജനങ്ങള്‍ എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ഈ മാസം ആദ്യം, തെലങ്കാനയിലും മഹാരാഷ്ട്രയിലും എഐ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ ആമസോണ്‍, ഇന്ത്യയില്‍ 12.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ചത്തെ പ്രഖ്യാപനത്തോടെ, നിക്ഷേപം 35 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.












Click it and Unblock the Notifications