ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്: ഗുണകരമെന്ന് സമിതി, റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറി
ഡൽഹി: ഒരു രാജ്യം ഒരു തിഞ്ഞെടുപ്പ് എന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതി രാഷ്ട്രപതി ദ്രൗപതി മുർമുവിന് പഠന റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്രമന്ത്രി അമിത് ഷാ, നിയമമന്ത്രി അർജുൻ റാം മേഘ്വാൾ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ട് കൈമാറിയത്. 18,000 പേജുകളിൽ എട്ട് വോള്യങ്ങളിലായുള്ള റിപ്പോർട്ടിൽ ഒറ്റത്തിരഞ്ഞെടുപ്പ് നടത്തുന്നത് ഗുണകരമാണെന്നാണ് സമിതി വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിച്ചത്. 191 ദിവസത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്ന്. തിരഞ്ഞെടുപ്പ് ഏകീകരിക്കുന്നത് പണച്ചെലവ് കുറക്കാൻ സഹായിക്കുമെന്നും ദേശീയ താത്പര്യം മുൻനിർത്തി ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. പ്രതിവർഷം 200 മുതൽ 300 ദിവസങ്ങൾ വരെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആയി മാറ്റി വെയ്ക്കുകയാണെന്നും ഇത് സാമ്പത്തികമായും സാമൂഹികപരമായുമെല്ലാം വലിയ ബാധ്യതയാണ് രാജ്യത്തിന് സൃഷ്ടിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആദ്യ ഘട്ടത്തിൽ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പും രണ്ടാം ഘട്ടത്തിൽ 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടത്താം എന്നാണ് സമിതി നിർദ്ദേശം. ഏകീകൃത വോട്ടർ പട്ടിക സൃഷ്ടിക്കുന്നതിനും വോട്ടർ ഐഡി കാർഡ് നൽകുന്നതിനും സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികളുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സഹകരിക്കണമെന്നും സമിതി നിർദ്ദേശിച്ചു.
രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, നിതി ആയോഗ് മുൻ അധ്യക്ഷൻ എൻ കെ സിംഗ്, ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ എന്നിവർ സമിതിയിൽ അംഗങ്ങളാണ്. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആദ്യം കമ്മിറ്റിയുടെ ഭാഗമായിരുന്നുവെങ്കിലും, സമിതി രൂപീകരിച്ചത് കേവലം പ്രകടനത്തിന് മാത്രമാണെന്ന് വിമർശിച്ച് സമിതിയിലേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായ്രുന്നു. സമിതിയുടെ ചർച്ചകളിൽ പ്രത്യേക പങ്കാളിയായി നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിനെ ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാലാവധി പൂർത്തിയാക്കുന്നതിന് അനുസരിച്ചാണ് ഇതുവരെ തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. അധികാരത്തിലേറിയത് മുതൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ബി ജെ പി ശക്തമാക്കിയിരുന്നു.












Click it and Unblock the Notifications