'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നയത്തിലേക്ക് കൂടുതല്‍ അടുത്ത് രാജ്യം: ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ഡല്‍ഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭാ യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് രാജ്യത്തെ ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകളെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ബില്ലിന് അംഗീകാരം നല്‍കിയത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളനത്തില്‍ തന്നെ ബില്ല് അവതരിപ്പിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പ് ഏകോപിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ ഒരു ഉന്നതതല സമിതിയെ കേന്ദ്ര സർക്കാർ നേരത്തെ നിയോഗിച്ചിരുന്നു. വിവിധ കക്ഷികളുമായി കൂടിയാലോചിച്ച ശേഷം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയത്തിന് അനുകൂലമായ റിപ്പോർട്ട് സമിതി കേന്ദ്ര സർക്കാറിന് സമർപ്പിച്ചു.

രാജ്യത്തെ ഒട്ടുമിക്ക അംഗീകൃത പാർട്ടികളോടെല്ലാം തന്നെ സമിതി വിഷയത്തില്‍ അഭിപ്രായം തേടിയപ്പോള്‍ എന്‍ ഡി എ ചേരിയിലേത് ഉള്‍പ്പെടെ 32 പാർട്ടികൾ പുതിയ നയത്തെ അംഗീകരിച്ചു. അതേസമയം കോണ്‍ഗ്രസ് ഉള്‍പ്പെടെ 15 പാർട്ടികള്‍ തങ്ങളുടെ എതിർപ്പ് സമിതിക്ക് മുന്നിലും ആവർത്തിച്ചു. മുസ്ലിം ലീഗ്, ആർ എസ് പി, കേരള കോണ്‍ഗ്രസ് എം പാർട്ടികള്‍ എന്നിവരോടൊപ്പം മറ്റ് 12 പാർട്ടികളും കമ്മീഷന്റെ ചോദ്യത്തോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ലെന്നും ശ്രദ്ധേയമാണ്.
ദേശീയ പാർട്ടികളില്‍ ബി ജെ പിയും എന്‍ പി പിയും മാത്രമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയത്തെ അനുകൂലിക്കുന്നത്. മറുവശത്ത് കോൺഗ്രസ്, സി പി എം, ബി എസ് പി, എസ് പി, എ എ പി പാർട്ടികൾ കേന്ദ്രത്തിന്റെ നീക്കത്തിന് എതിരാണ്. ഇന്ത്യാ സംഖ്യത്തിലെ പ്രധാന കക്ഷിയായ എന്‍ സി പിയും എന്‍ ഡി എ സഖ്യത്തിലെ ടി ഡി പിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.
അതേസമയം കഴിഞ്ഞ സ്വാതന്ത്രദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്രമ മോദി 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യം ആവർത്തിച്ചിരുന്നു. അടിക്കടിയുള്ള തിരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നു എന്നും അദ്ദേഹം വാദിച്ചു. 1980-കളില്‍ തന്നെ ഇത്തരമൊരു ആശയും ഉയർന്ന് വന്നിരുന്നു. 1999 ല്‍ ജസ്റ്റിസ് ബി പി ജീവന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള നിയമ കമ്മീഷന്‍ ഇതൊരു നിർദേശമായി മുന്നോട്ട് വെക്കുകയും ചെയ്തു.












Click it and Unblock the Notifications