ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്, എന്താണ് ഇതിന്റെ നേട്ടങ്ങള്‍? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയുള്ള തിയതികളിലായി നടത്താനിരിക്കുകയാണ്. ഈ സെഷനില്‍ ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.
ഇതിനോടകം രാജ്യത്താകെ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഇക്കാര്യം. എന്താണ് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് കൊണ്ട് കേന്ദ്രം ലക്ഷ്യമിടുന്നത്. അതിന്റെ നേട്ടങ്ങളും, കോട്ടങ്ങളും എന്തെല്ലാമാണ്. അതെല്ലാം ഒന്ന് പരിശോധിക്കാം.

എന്താണ് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്
ഒരേസമയം രാജ്യത്താകെ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ നിയമം വന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും, സംസ്ഥാന തെരഞ്ഞെടുപ്പുകളും രാജ്യത്താകെ ഒരുമിച്ച് നടത്തേണ്ടി വരും. വോട്ടര്‍മാര്‍ക്ക് ഒരേസമയം ലോക്‌സഭയിലേക്കും, നിയമസഭയിലേക്കും ഒരുമിച്ച് വോട്ട് ചെയ്യാം.
നിലവില്‍ സംസ്ഥാന-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചല്ല നടത്താറുള്ളത്. അഞ്ച് വര്‍ഷം എപ്പോഴാണോ പൂര്‍ത്തിയാവുന്നത് ആ സമയത്താണ് രണ്ട് തെരഞ്ഞെടുപ്പുകളും നടക്കാറുള്ളത്.
ഗുണങ്ങള്‍ എന്തെല്ലാം?
തെരഞ്ഞെടുപ്പുകള്‍ ഒരേ സമയത്ത് നടന്നാല്‍ വലിയ തുക ലാഭിക്കാന്‍ സാധിക്കും. പലപ്പോഴായി തെരഞ്ഞെടുപ്പ് നടക്കുന്നത് നമ്മുടെ ചെലവ് വര്‍ധിപ്പിക്കും. അത് വളരെ കുറയ്ക്കാന്‍ ഈ നിയമം കൊണ്ട് സാധിക്കും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി 60000 കോടിയാണ് ചെലവിട്ടതെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ ചെലവും, തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് നടത്താന്‍ ചെലവായ തുകയും ചേര്‍ത്താണിത്.
രാജ്യത്താകെയുള്ള ഭരണസംവിധാനത്തില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നത്. പലതവണ തെരഞ്ഞെടുപ്പ് നടക്കുന്നതിലൂടെ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണം നടത്തുന്നത് കുറയും. അവര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടാവും. അതൊഴിവാക്കാന്‍ ഒരു തവണ തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് സാധിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളും പദ്ധതികളും തുടര്‍ന്ന് പോകാനും ഈ രീതി സഹായിക്കും. അതേസമയം നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്, ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നത് വോട്ടര്‍മാര്‍ കൂടുതല്‍ വരാന്‍ സഹായിക്കുമെന്നാണ്. ഒരിക്കലെങ്കിലും വോട്ട് ചെയ്യുന്നവര്‍ ധാരാളമുണ്ടാകും. ഒരേസമയം ഇവരുടെ രണ്ട് വോട്ടുകളും അതിലൂടെ രേഖപ്പെടുത്താനാവും. ഇത് പോളിംഗ് ശതമാനം ഉയരാനും കാരണമാകും.
കോട്ടങ്ങള്‍ ഇങ്ങനെ
ഒരേസമയം തെരഞ്ഞെടുപ്പ് നടത്താന്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നിയമങ്ങളെ, ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലും, പാര്‍ലമെന്റ് നടപടിക്രമങ്ങളിലും ഭേദഗതി വരുത്തേണ്ടി വരും. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തിയാലുള്ള ആശങ്കകള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കുണ്ട്.
കാരണം സംസ്ഥാന വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കാനാവില്ല. ദേശീയ വിഷയങ്ങള്‍ക്കായിരിക്കും പലപ്പോഴും മുന്‍തൂക്കം ലഭിക്കുക. ദേശീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് ചെലവിലും, തന്ത്രത്തിലും പിടിച്ച് നില്‍ക്കാനും പ്രാദേശിക പാര്‍ട്ടികള്‍ക്ക് സാധിക്കില്ല.
ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടന്നാല്‍ നിലവിലെ ഭരണകക്ഷിയെ തന്നെ വോട്ടര്‍മാര്‍ തെരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഐഡിഎഫ്‌സി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുന്നുണ്ട്. 77 സാധ്യതയാണ് ഇക്കാര്യത്തിലുള്ളത്. ആറ് മാസത്തിന്റെ ഇടവേളകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ 61 ശതമാനം പേര്‍ മാത്രമേ ഒരേ പാര്‍ട്ടിയെ തന്നെ വിജയിപ്പിക്കൂ.
ആരൊക്കെ പിന്തുണയ്ക്കും
1967 വരെ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചായിരുന്നു നടന്നത്. എന്നാല്‍ 1968, 1969, വര്‍ഷങ്ങളില്‍ നിയമസഭകള്‍ കാലാവധി എത്തും മുമ്പ് പിരിച്ചുവിട്ടതും, 1970 ലോക്‌സഭ അതുപോലെ പിരിച്ചുവിട്ടതുമെല്ലാം തെരഞ്ഞെടുപ്പ് കാലയളവ് തെറ്റിക്കുന്നതായിരുന്നു. 1983ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരേസമയം എല്ലാ തെരഞ്ഞെടുപ്പും നടത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിന ഐതിര്‍ക്കുകയായിരുന്നു.
1999ല്‍ നിയമ കമ്മീഷനും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. നിലവില്‍ ബിജെപിയാണ് ഇതിനെ പിന്തുണച്ച് നിയമമാക്കാന്‍ ശ്രമിക്കുന്നത്. 2016 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരമൊരു കാര്യം നിര്‍ദേശിച്ചിരുന്നു. നീതി ആയോഗ് ഇക്കാര്യത്തില്‍ ശ്രമങ്ങളും ആരംഭിച്ചിരുന്നു. അഞ്ചോളം ഭരണഘടനാ ശുപാര്‍ശകള്‍ ആവശ്യമാണെന്ന് 2018ല്‍ നിയമ കമ്മീഷന്‍ അറിയിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുമായി മോദി നേരത്തെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതാണ്.
എതിര്‍ക്കാന്‍ നിരവധി പേര്‍
എഎപി ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ശിവസേന ഉദ്ധവ് വിഭാഗവും എതിര്‍ക്കുന്നവരിലുണ്ട്. ആര്‍ജെഡി, ജെഡിയു, സമാജ് വാദി പാര്‍ട്ടി എന്നിവരും എതിര്‍ത്തവരാണ്.












Click it and Unblock the Notifications