ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍; വിനയായി മാറിയ രാഷ്ട്രീയ മോഹം: വിജയ്‌യുടെ ആസ്തി
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ആരാധകര്‍ സ്‌നേഹത്തോടെ ദളപതി എന്ന് വിളിക്കുന്ന വിജയ്. ഒരു സിനിമയില്‍ നിന്ന് ഏകദേശം 100 കോടി രൂപ മുതല്‍ 150 കോടി വരെയാണ് വിജയ് സമ്പാദിക്കുന്നത്. വിലയേറിയ ആഡംബര കാറുകള്‍, കടല്‍ത്തീരത്തെ കൊട്ടാരസമാനമായ ആഡംബര വസതി എന്നിങ്ങനെ കണക്കില്ലാത്ത സ്വത്തിന്റെ ഉടമയും കൂടിയാണ് ഇദ്ദേഹം. ഇതുകൂടാതെയാണ് വലിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവും.
50 വയസ് പിന്നിട്ടിട്ടും താരത്തിളക്കത്തോടെ നില്‍ക്കുമ്പോഴാണ് രാഷ്ട്രീയ മോഹം വിജയ്‌യുടെ മനസില്‍ ഉദിക്കുന്നത്. കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് രാഷ്ട്രീയ പാര്‍ട്ടിയായ തമിഴഗ വെട്രി കഴകം ആരംഭിച്ചത്. ഒരു ഉഗ്രന്‍ തമിഴ് സിനിമ കണ്ടതു പോലെയായിരുന്നു വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം. എന്നാല്‍ പിച്ചവച്ചു നടക്കുമ്പോള്‍ തന്നെ പാര്‍ട്ടി ഇടറി വീഴുന്ന കാഴ്ച്ചയാണിപ്പോള്‍ കാണുന്നത്.

തമിഴ്നാട്ടില്‍ കരൂരില്‍ നടന്ന റാലിക്കിടെ 38 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദാരുണമായ സംഭവത്തിന് ശേഷം സിനിമയിലെ 'രക്ഷകന്‍' പകച്ച് വീട്ടിലേക്കു മുങ്ങുന്ന കാഴ്ച്ചയാണ് ഇന്നലെ ജനം കണ്ടത്. ഈ സംഭവത്തോടെ വിജയ്‌ക്കെതിരേ വിമര്‍ശനവും ശക്തമാണ്. വിജയ്‌യെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു.
ജീവിതം ആഡംബരപൂര്‍ണം
ആഡംബരപൂര്‍ണമായ ജീവിതശൈലിയാണ് തമിഴകത്തെ ഈ സൂപ്പര്‍ സ്റ്റാര്‍ നയിക്കുന്നത്. തുപ്പാക്കി, മെര്‍സല്‍, മാസ്റ്റര്‍, ലിയോ തുടങ്ങിയ വമ്പന്‍ ബ്ലോക്ക്ബസ്റ്ററുകളിലൂടെ വാണിജ്യ സിനിമയിലെ അഭിവാജ്യ ഘടകമാണ് വിജയ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വാണിജ്യ വിജയം നേടിയ നിരവധി സിനിമകളാണ് വിജയ്‌യുടെ പേരിലുള്ളത്. ഏതു സിനിമ ഇറങ്ങിയാലും അത് ഏറ്റെടുക്കുന്ന വിശ്വസ്തരായ ആരാധകവൃന്ദം വിജയ്ക്കുള്ളതാണ് നിര്‍മ്മാതാക്കള്‍ക്ക് അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കാനുള്ള കാരണം. സിനിമകളുടെ ഡിജിറ്റല്‍, സാറ്റലൈറ്റ്, തിയേറ്റര്‍ അവകാശങ്ങളിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്.
റോള്‍സ് റോയ്സ് ഗോസ്റ്റ്, ബിഎംഡബ്ല്യു എക്‌സ് 5, ഓഡി എ 8, മിനി കൂപ്പര്‍, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗ് എന്നിവയുള്‍പ്പെടെ പ്രീമിയം കാറുകളുടെ വിപുലമായ ശേഖരം വിജയ്ക്കുണ്ട്. ചെന്നൈയില്‍ കടല്‍ത്തീരത്തെ കൊട്ടാരസമാനമായ ആഡംബര വസതി എന്നിങ്ങനെ കരിയറില്‍ അദ്ദേഹം നേടിയെടുത്ത ആസ്തികളുടെ മൂല്യം കോടികളാണ്.
അവസാന ചിത്രം ജനനായകന്‍
ദളപതി വിജയ് അവസാനമായി അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ 69-ാമത്തെ ചിത്രമായ ജന നായകനിലാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, നരേന്‍, പ്രകാശ് രാജ് എന്നിവരുള്‍പ്പെടെ നിരവധി മുന്‍നിര താരങ്ങള്‍ വേഷങ്ങളില്‍ അഭിനയിക്കുന്നു. കെവിഎന്‍ പ്രൊഡക്ഷന്‍സ് ബാനറിലാണ് നിര്‍മാണം. അടുത്ത വര്‍ഷം ജനുവരി ഒന്‍പതിന് ലോകമെമ്പാടും റിലീസ് ചെയ്യാനാണ് തീരുമാനം.












Click it and Unblock the Notifications