ഒരു പവൻ സ്വർണവും പട്ട് സാരിയും, ആറ് സൗജന്യ എൽപിജി സിലിണ്ടറുകൾ, വൻ വാഗ്ദാനങ്ങളുമായി വിജയുടെ ടിവികെ
വമ്പൻ പ്രഖ്യാപനങ്ങളുമായി കന്നി പ്രകടനപത്രിക പുറത്തിറക്കി വിജയ് സ്ഥാപിച്ച തമിഴക വെട്രി കഴകം. ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് നിരവധി സൌജന്യ പ്രഖ്യാപനങ്ങൾ അടങ്ങിയ പ്രകടന പത്രിക ടിവികെ പുറത്തിറക്കിയിരിക്കുന്നത്.
60 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം ടി.വി.കെ. വാഗ്ദാനം ചെയ്യുന്നു. ഒരു വർഷം ഓരോ കുടുംബങ്ങൾക്കും ആറ് സൗജന്യ എൽ.പി.ജി. സിലിണ്ടറുകളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വധുക്കൾക്ക് വിവാഹസഹായമായി ഒരു പവൻ സ്വർണവും പട്ട് സാരിയും നൽകുമെന്നും പത്രികയിലുണ്ട്.
അഞ്ച് ഏക്കറിൽ താഴെയുള്ളവരുടെ കാർഷിക സഹകരണ വിള വായ്പകൾ പൂർണമായും, വലിയ ഭൂവുടമകളുടെ 50% വും ടി.വി.കെ. എഴുതിത്തള്ളും. സമ്പൂർണ്ണ വിള ഇൻഷുറൻസും അഞ്ച് ലക്ഷം സൗജന്യ സോളാർ പമ്പ് സെറ്റുകളും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. സ്കൂൾ കൊഴിഞ്ഞുപോക്ക് തടയാൻ സർക്കാർ, എയ്ഡഡ് സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രതിവർഷം 15,000 രൂപ സഹായം വാഗ്ദാനം ചെയ്യുന്നു.

5 ലക്ഷം യുവാക്കൾക്ക് തൊഴിലവസരങ്ങൾ, തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും, പന്ത്രണ്ടാം ക്ലാസ്, ഐ.ടി.ഐ., ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 2,500 രൂപയും ടി.വി.കെ. ഉറപ്പ് നൽകുന്നു. മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രതിമാസം 3,000 രൂപ പെൻഷനും വാഗ്ദാനത്തിലുണ്ട്.
മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന നിരോധന, ക്ഷാമ കാലങ്ങളിൽ 27,000 രൂപയുടെ സഹായം, കുടുംബങ്ങൾക്ക് ഭവനങ്ങൾ എന്നിവ പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. കുടിയാൻ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പ്രതിവർഷം 10,000 രൂപ നേരിട്ട് ലഭിക്കും. നിലവിലെ 100 യൂണിറ്റ് സൗജന്യ വൈദ്യുതിക്ക് പുറമെ അധികമായി 100 യൂണിറ്റും ടി.വി.കെ. പ്രഖ്യാപിച്ചു.
പ്രധാന രോഗങ്ങൾക്കും ശസ്ത്രക്രിയകൾക്കും 25 ലക്ഷം രൂപയുടെ സാർവത്രിക ആരോഗ്യ ഇൻഷുറൻസും, ലോകോത്തര സൗകര്യങ്ങൾ, പട്ടയ ക്രമവൽക്കരണം, 100% പൈപ്പ് വെള്ളം എന്നിവയും വാഗ്ദാനങ്ങളിലുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 100 "കാമരാജർ സ്കൂൾസ് ഓഫ് എക്സലൻസ്" സ്ഥാപിക്കാനും, എ.ഐ. സഹായത്തോടെ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകാനും ടി.വി.കെ. ഉറപ്പ് നൽകുന്നു.
പുസ്തക രൂപത്തിൽ പുറത്തിറക്കിയ പ്രകടനപത്രിക വിജയ് ഒരു കർഷകന് കൈമാറിയാണ് പ്രകാശനം ചെയ്തത്. ഓട്ടോ ഡ്രൈവർ, അധ്യാപകൻ, ട്രാൻസ്ജെൻഡർ വ്യക്തി തുടങ്ങിയവർക്കും പകർപ്പുകൾ വിതരണം ചെയ്തു. ഡിഎംകെയുടേയും എൻഡിഎയുടേയും പ്രകടന പത്രികകളെ ചടങ്ങിൽ വിജയ് വിമർശിച്ചു.
"അവർ രണ്ടുപേരുടെയും തിരഞ്ഞെടുപ്പ് പ്രകടനപത്രികകൾ നോക്കൂ. ഒന്നോ രണ്ടോ കാര്യങ്ങളിൽ സാമ്യമുണ്ടായിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു. പക്ഷേ, അവർ ചെയ്തത് എന്താണെന്ന് അറിയാമോ? ഒരാൾ 10,000 രൂപ നൽകുമ്പോൾ, മറ്റൊരാൾ 8,000 രൂപയുടെ കൂപ്പൺ നൽകുന്നു. ഒരാൾ ഫ്രിഡ്ജ് നൽകുമ്പോൾ, മറ്റൊരാൾ ഫ്രിഡ്ജ് വാങ്ങാനുള്ള ടോക്കൺ നൽകുന്നു, രണ്ടും ഒരേ പത്രികയാണ് നൽകിയത്, പേരും നിറവും മാത്രം മാറ്റി," വിജയ് പറഞ്ഞു.














Click it and Unblock the Notifications