നാവിക സേനയുടെ മിഗ് 29കെ വിമാനം കടലിൽ തകര്‍ന്ന് വീണു, പൈലറ്റിനെ കാണാനില്ല, ഒരാളെ രക്ഷപ്പെടുത്തി
ദില്ലി: ഇന്ത്യന്‍ നാവിക സേനയുടെ വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. നാവികസേനയുടെ മിഗ്-29-കെ വിമാനം ആണ് അപകടത്തില്‍പ്പെട്ടത്. പരിശീലനത്തിന് ഉപയോഗിക്കുന്ന വിമാനം വ്യാഴാഴ്ച രാത്രി കടലിന് മുകളില്‍ വെച്ച് തകരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ കാണാതായിട്ടുണ്ട്. മറ്റൊരാളെ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച വൈകിട്ട് 5 മണിക്കാണ് വിമാനം അപകടത്തില്‍പ്പെട്ടത് എന്ന് നാവിക സേന അറിയിച്ചു. ഒരു പൈലറ്റിനെ രക്ഷപ്പെടുത്തിയെന്നും രണ്ടാമത്തെ പൈലറ്റിനായി കടലില്‍ തിരച്ചില്‍ നടത്തുകയാണ് എന്നും വ്യോമസേന പ്രസ്താവനയില്‍ അറിയിച്ചു. വിമാനം അപകടത്തില്‍പ്പെട്ടതില്‍ അന്വേഷണം പ്രഖ്യാപിച്ചതായും നാവിക സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് മിഗ് 29 കെ വിമാനം തകരുന്ന സംഭവമുണ്ടായിരിക്കുന്നത്. 2019 നവംബര്‍ 16ന് ഗോവയില്‍ മിഗ് - 29 കെ പരിശീലന വിമാനം തകര്‍ന്നിരുന്നു. വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നുണ്ടായ എഞ്ചിന് തകരാറാണ് അപകട കാരണം. സംഭവത്തില്‍ വിമാനത്തിലെ രണ്ട് പൈലറ്റുകളും പരിക്കേല്‍ക്കാതെ സുരക്ഷിതരായി രക്ഷപ്പെട്ടിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലും മിഗ് 20കെ വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ പൈലറ്റ് രക്ഷപ്പെട്ടു. 2018 ജനുവരിയില്‍ ഗോവയിലെ ഐഎന്‍എസ് ഹന്‍സ ആസ്ഥാനത്ത് റണ്‍വേയില്‍ വെച്ചും വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. ഈ അപകടത്തിലും പൈലറ്റിന് സുരക്ഷിതനായി രക്ഷപ്പെടാന്‍ സാധിച്ചിരുന്നു. റഷ്യയില്‍ നിന്നാണ് 45 മിഗ്29 കെ വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയത്. വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലാണ് മിഗ് 29 വിമാനങ്ങള്‍. അടുത്തിടെ നടന്ന മലബാര്‍ എക്സസൈസില്‍ അമേരിക്കയുടെയും ഓസ്ട്രേലിയയുടേയും ജപ്പാന്റെയും നാവിക സേനകള്‍ക്കൊപ്പം മിഗ് 29കെ വിമാനങ്ങളടക്കം ഉള്‍പ്പെടുത്തി ഇന്ത്യന്‍ നാവിക സേനയും പങ്കെടുത്തിരുന്നു.