തെലങ്കാനയിലെ തുരങ്ക അപകടം; ബോറിംഗ് മെഷീന്‍റെ അടുത്ത് എത്തി ദൗത്യസംഘം: രക്ഷാപ്രവർത്തനം ദുഷ്കരം
ഹൈദരബാദ്: തെലങ്കാനയില്‍ നാഗർകുർണൂലില്‍ തുരങ്ക അപകടത്തിലെ രക്ഷാപ്രവർത്തനം തുടരുന്നു. തുരങ്കത്തിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് തകർന്ന ബോറിംഗ് മെഷീന്‍റെ അടുത്ത് വരെ ദൗത്യസംഘത്തിന് എത്താനായെങ്കിലും കുടുങ്ങിക്കിടക്കുന്ന എട്ടുപേരോട് ബന്ധപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കുടുങ്ങിക്കിടക്കുന്നവരോട് ലൗഡ് സ്പീക്കർ വഴി സംസാരിക്കാൻ ദൗത്യ സംഘം നിരവധി തവണ ശ്രമിച്ചു. എന്നാല്‍ ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ജാഗ്രതയോടെ മുന്നോട്ട് പോകുകയാണെന്നും സംഘം അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് മേൽക്കൂര പൊളിഞ്ഞ് അപകടമുണ്ടായത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എട്ട് തൊഴിലാളികാണ് തുരങ്കത്തിന് അകത്ത് പെട്ടുപോയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. കുടുങ്ങിയവരില്‍ രണ്ടുപേർ എഞ്ചിനീയർമാരാണ്. കുറച്ചുനാളായി നിർമാണ പ്രവർത്തനങ്ങൾ നടക്കാതിരുന്ന തുരങ്കത്തിൽ കഴിഞ്ഞയാഴ്ചായാണ് വീണ്ടും നിർമാണം ആരംഭിച്ചത്. അപകട സമയത്ത് സ്ഥലത്ത് നിരവധി തൊഴിലാളികളുണ്ടായിരുന്നു. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

മണ്ണും ചെളിയും സിമന്‍റ് കട്ടകളും അടിഞ്ഞുകിടക്കുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. തുരങ്കത്തിൽ ഓക്‌സിജനും വൈദ്യുതിയും ലഭ്യമാക്കിയാണ് രക്ഷാപ്രവർത്തനം മുന്നോട്ട് പോകുന്നത്. 24 സൈനികർക്ക് പുറമെ എൻ ഡി ആർ എഫിൻ്റെ നാല് ടീമുകൾ, എസ് ഡി ആർ എഫ് ഉദ്യോഗസ്ഥർ, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡിലെ (എസ് സി സി എൽ) 23 അംഗങ്ങൾ, ഇൻഫ്രാ സ്ഥാപനത്തിലെ അംഗങ്ങൾ എന്നിവരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
അതേസമയം, സാഹചര്യങ്ങള്‍ അത്ര ശുഭകരം അല്ലെന്ന് തെലങ്കാന മന്ത്രി ജെ കൃഷ്ണ റാവു അഭിപ്രായപ്പെട്ടു. 'തുരങ്കത്തിനുള്ളിൽ ചെളി വളരെ ഉയരത്തിൽ കുന്നുകൂടിയിരിക്കുന്നതിനാൽ അതിലൂടെ നടക്കാൻ പോലും കഴിയില്ല. രക്ഷാപ്രവർത്തകർ റബ്ബർ ട്യൂബുകളും മരപ്പലകകളും ഉപയോഗിച്ച് അതിലൂടെ സഞ്ചരിക്കുന്നു' തുരങ്കത്തിനുള്ളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം കൃഷ്ണ റാവു മാധ്യമപ്രവർത്തകരോട് പറഞ്ഞു.












Click it and Unblock the Notifications