എന്നാലും പൊന്ന് ഉള്ളി! ഉള്ളി വില കുതിച്ചുയരുന്നു, ഉള്ളിയെ ഗെറ്റ് ഔട്ടടിച്ച് അടുക്കളകൾ, ഇനി എന്ന് കുറയും?
സാധാരണ ഉള്ളി അരിയുമ്പോഴാണ് കണ്ണുനിറയാറുള്ളത്. പക്ഷേ ഇപ്പോൾ വില കേട്ടാൽ തന്നെ കണ്ണുനിറയും. രാജ്യത്ത് ഉള്ളി വില കുതിച്ച് ഉയരുകയാണ്. കാലവസ്ഥയെ തുടർന്ന് ഉത്പാദനത്തിലുണ്ടായ കുറവാണ് ഉള്ളി വില കൂടാൻ കാരണം. സവാള വൻതോതിൽ കൃഷി ചെയ്യുന്ന മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കനത്ത മഴയിൽ സവാള നശിച്ചത് വില കയറ്റത്തിന് കാരണമായി.
ഒരാഴ്ചയ്ക്കിടെ മൊത്ത വിവപണിയിൽ കൂടിയത് 25 രൂപയോളമാണ്. ചില്ലറ വിപണയിൽ ശരാശരി 30 രൂപ കൂടിയതായാണ് പറയുന്നത്. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ അവസ്ഥയാണ്. ഉള്ളി വില കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് എല്ലാവരും. കേരളത്തിലും വില കുതിക്കുകയാണ്.

കോഴിക്കോട് മൊത്തവില കിലോ ഗ്രാമിന് 75 രൂപ വരെ ഉയർന്നു. ചില്ലറ വിപണിയിൽ കിലോ ഗ്രാമിന് 40 - 70 രൂപയിൽ നിന്ന് കുത്തനെ വർദ്ധിച്ച് 85 രൂപ വരെ ഉയർന്നു. കേരളത്തിൽ ഉടനീളമുള്ള മറ്റ് നഗരങ്ങളിലും സ്ഥിതി സമാനമാണ്. കൊച്ചിയിൽ മാെത്ത വിപണിയിൽ കിലോയ്ക്ക് 60 രൂപ വിലയുള്ള സവാളയ്ക്ക് കിലോയ്ക്ക് 90 വരെ വിലയുണ്ട് എന്നാണ് റിപ്പോർട്ട്. . തിരുവനന്തപുരത്ത് മൊത്തവില കിലോയ്ക്ക് 65 രൂപയായപ്പോൾ ചില്ലറ വിൽപന വില 75 രൂപയായി.
ഉള്ളി വില താങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ആളുകൾ. വിഭവങ്ങളിൽ നിന്ന് ഉള്ളിയെ മാറ്റിനിർത്തേണ്ട സ്ഥിതിയാണ്. ഉള്ളിക്ക് മാത്രമല്ല വെളുത്തുള്ളിക്കും വില കൂടുകയാണ്. ഉള്ളി വില തന്നെ താങ്ങാൻ പറ്റാത്ത അവസ്ഥയിൽ വെളുത്തുള്ളിക്ക് കൂടി വില കൂടുന്നത് ഉപഭോക്തക്കളെ നെട്ടോട്ടമോടിക്കുകയാണ്. ഇനിയും ഉള്ളി വില കൂടുകയാണെങ്കിൽ ഉള്ളിയെ സ്ഥിരമായി ഒഴിവാക്കേണ്ടി വരും.
കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇതുപോലെ ഉള്ളി വില കൂടിയിരുന്നു. അന്ന് വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ കയറ്റുമതി നിരോധിക്കുകയായിരുന്നു. തുടർന്ന് കർഷക പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പും കേരളത്തിലടക്കം ഉപ തിരഞ്ഞെടുപ്പുകളും നടക്കുന്നതിനാലും ഇത്തവണ അത്തരം ഒരു നീക്കം കേന്ദ്രം നടത്താൻ സാധ്യതയില്ല. ഏറെ വൈകാതെ ഉള്ളി വില കുറയും എന്ന പ്രതീക്ഷിയിൽ തന്നെയാണ് ആളുകൾ. ഉള്ളിയെ ഒഴിവാക്കുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്.












Click it and Unblock the Notifications