ഓണ്‍ലൈന്‍ ടാക്‌സികള്‍ നാളെ ആറു മണിക്കൂര്‍ പണിമുടക്കും; യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ടത്
കൊച്ചി: മെട്രോ നഗരങ്ങളിലെ യാത്രയ്ക്ക് ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്ന യാത്രക്കാര്‍ നാളെ ചില തടസങ്ങള്‍ നേരിടേണ്ടി വരും. ഊബര്‍, ഓല, റാപ്പിഡോ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളിലെ ഡ്രൈവര്‍മാര്‍ നാളെ (ഫെബ്രുവരി 7) രാജ്യവ്യാപകമായി പണിമുടക്കുകയാണ്. 'ഓള്‍ ഇന്ത്യ ബ്രേക്ക്ഡൗണ്‍' പേരിട്ടിരിക്കുന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പങ്കെടുക്കും. ഇവര്‍ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഒരേസമയം തങ്ങളുടെ ആപ്പുകള്‍ ഓഫാക്കി വെച്ച് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും. തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് ഈ സമരം നടക്കുന്നത്.
ദേശീയ തലത്തില്‍ നടക്കുന്ന സമരത്തിന് ഒന്നിലധികം തൊഴിലാളി സംഘടനകളുടെ പിന്തുണയുണ്ട്. ക്യാബുകള്‍, ഓട്ടോറിക്ഷകള്‍, ബൈക്ക് ടാക്‌സികള്‍ എന്നിവയൊക്കെ നാളെ തടസപ്പെടാന്‍ സാധ്യതയുണ്ട്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ആറ് മണിക്കൂര്‍ ഓഫ്ലൈനില്‍ പോകുമെന്ന് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു. അതേസമയം, സമരത്തിന് പങ്കാളിത്തം കുറവുള്ള നഗരങ്ങളില്‍ സര്‍വീസുകള്‍ക്ക് വലിയ തടസമുണ്ടാകില്ല. കേരളത്തില്‍ സമരം ഭാഗികമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന കൂലി വളരെ കുറവാണെന്നും, കൃത്യമായ നിയമങ്ങളില്ലാതെ കമ്പനികള്‍ സ്വന്തം ഇഷ്ടപ്രകാരം നിരക്കുകള്‍ നിശ്ചയിക്കുന്നുവെന്നുമാണ് ഡ്രൈവര്‍മാരുടെ പരാതി. സര്‍ക്കാര്‍ ഇടപെട്ട് ഓരോ യാത്രയ്ക്കും ചുരുങ്ങിയ നിരക്ക് നിശ്ചയിക്കണമെന്നും ടാക്‌സി പെര്‍മിറ്റില്ലാത്ത സ്വകാര്യ വാഹനങ്ങള്‍ സര്‍വീസിനായി ഉപയോഗിക്കുന്നത് തടയണമെന്നും ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നു. 2025-ല്‍ പുതിയ നിയമങ്ങള്‍ വന്നിട്ടും തങ്ങളുടെ വരുമാനത്തില്‍ കാര്യമായ മാറ്റമില്ലെന്നാണ് ഇവരുടെ വാദം.
എല്ലാ ആപ്പ് അധിഷ്ഠിത ഗതാഗത സേവനങ്ങള്‍ക്കും സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത മിനിമം നിരക്കുകള്‍ നിശ്ചയിക്കണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം.
നാളെ വാരാന്ത്യമായതിനാല്‍ നഗരങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ പണിമുടക്ക് വലിയ പ്രയാസമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ടാക്‌സികള്‍ക്ക് പുറമെ ഓട്ടോകളും ബൈക്ക് ടാക്‌സികളും പണിമുടക്കില്‍ പങ്കുചേരുമെന്നാണ് കരുതുന്നത്. അതിനാല്‍ നാളെ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ ഓണ്‍ലൈന്‍ ടാക്‌സികളെ മാത്രം ആശ്രയിക്കാതെ ബസ് പോലുള്ള മറ്റ് യാത്രാ സൗകര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുവെക്കുന്നത് നന്നായിരിക്കും.












Click it and Unblock the Notifications