ജാതി സെൻസസ് നടത്താനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
ഡൽഹി: സെൻസസ് നടത്താൻ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ബിഹാറിലെ ജാതി സെൻസസുമായി ബന്ധപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.
കഴിഞ്ഞയാഴ്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്ര സർക്കാരിന്റെ നിയമപരമായ നിലപാട് രേഖപ്പെടുത്താൻ സമയം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച കോടതി പക്ഷേ സർവ്വേ അനുവദിച്ച പാട്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. 'ജാതി സെൻസസ് റദദ് ചെയ്യുന്നില്ല. ഞങ്ങൾക്ക് ഇതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. പ്രഥമദൃഷ്ടാ കേസ് എടുത്തില്ലെങ്കിൽ ഞങ്ങൾ ഉത്തരവ് സ്റ്റേ ചെയ്യില്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലേലും ജാതി സെൻസസിന്റെ നടപടികൾ പൂർത്തിയായിട്ടുണ്ട്. ബിഹാർ സർക്കാരിന് അനുകൂലമായ ഹൈക്കോടതി വിധിയുണ്ട്', എന്നായിരുന്നു ജസ്റ്റിസ് വിഎൻ ഭാട്ടി, ജസ്റ്റിസ് ഖന്ന എന്നിവർ ഉൾപ്പെടുന്ന ബെഞ്ച് വ്യക്തമാക്കിയത്.

ജാതി സെൻസസുമായി മുന്നോട്ട് പോകാൻ നേരത്തേ ബിഹാർ സർക്കാരിന് പാട്ന ഹൈക്കോടതി അനുമതി നൽകിയിരുന്നു. നീതിയോടെ വികസനം ഉറപ്പാക്കുക എന്ന നിയമപരമായ ലക്ഷ്യത്തോടെ ആരംഭിച്ച നടപടി തികച്ചും സാധുതയുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു', എന്നായിരുന്നു ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. സർവ്വേ വ്യക്തിയുടെ സ്വകാര്യതയുടെ അവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ജനുവരിയിലാണ് നിതീഷ് കുമാർ സർക്കാർ ബിഹാറിൽ ജാതി സെൻസസ് ആരംഭിച്ചത്. നേരത്തേ ജാതി സെൻസസ് നടത്തണമന്ന ആവശ്യം ജെ ഡി യുവും ആർ ജെ ഡിയും ഉന്നയിച്ചിരുന്നുവെങ്കിലും കേന്ദ്രം നടത്തിയിരുന്നി. തുടർന്നാണ് സർവ്വേ നടത്താൻ ജെ ഡി യു സർക്കാർ തീരുമാനിച്ചത്.
500 കോടി മുടക്കി നടത്തുന്ന സെൻസസ് രണ്ടു ഘട്ടങ്ങളിലായാണ് നടന്നത്. സർവ്വേ പൂർത്തിയായെന്നും ഉടൻ തന്നെ അന്തിമ റിപ്പോർട്ട് ഉടൻ തന്നെ ലഭ്യമാക്കുമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. ജാതി സർവേ വിവരങ്ങൾ സർക്കാർ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജസ്ഥാൻ, കർണാടക സർക്കാരുകൾ ജാതി സർവേ നടത്തിയെങ്കിലും വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. ബിഹാർ ജാതി സർവേ മറ്റു സംസ്ഥാനങ്ങൾക്ക് അനുകരണീയ മാതൃകയായി മാറുമെന്നായിരിന്നു നിതീഷ്് വ്യക്തമാക്കിയത്.












Click it and Unblock the Notifications