ഓപ്പറേഷൻ അമിസ്റ്റാഡ്: ഭൂകമ്പം ബാധിച്ച വെനസ്വേലയിലേക്ക് ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സംഘം
ഭൂകമ്പം കനത്ത നാശനഷ്ടം വിതച്ച വടക്കൻ വെനസ്വേലൻ ജനതയ്ക്ക് അടിയന്തര സഹായമെത്തിക്കാൻ ഇന്ത്യൻ സൈന്യം. 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘം രണ്ട് വ്യോമസേനാ വിമാനങ്ങളിലായി ഇന്ന് ഉച്ചയോടെയാണ് ഹിൻഡൻ വ്യോമസേനാ താവളത്തിൽ നിന്ന് പുറപ്പെട്ടത്.
9 മെഡിക്കൽ ഓഫീസർമാർ അടക്കം 41 വിദഗ്ധരാണ് ഈ സംഘത്തിലുള്ളത്. ഭൂകമ്പ ബാധിതർക്ക് അടിയന്തിര ചികിൽസ, ട്രോമ കെയർ, ജീവൻ രക്ഷാ ശസ്ത്രക്രിയകൾ എന്നിവ നൽകാനുള്ള എല്ലാ സജ്ജീകരണങ്ങളുമടക്കമാണ് മെഡിക്കൽ സംഘം വെനസ്വേലയിലേക്ക് തിരിച്ചിട്ടുളളത്.
വെനിസ്വേലയ്ക്ക് സഹായമെത്തിക്കുന്ന ദൌത്യത്തിന് ഓപ്പറേഷൻ അമിസ്റ്റാഡ് എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ വെനസ്വേലയെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയശങ്കർ എക്സിൽ കുറിച്ചു. ഏകദേശം ആറ് ടൺ വരുന്ന മരുന്നുകളും മറ്റ് അത്യാവശ്യ ദുരിതാശ്വാസ സാമഗ്രികളും മെഡിക്കൽ സംഘം കൊണ്ടുപോകുന്നുണ്ട്. ഇതിനുപുറമേ ആരോഗ്യ മൈത്രി പദ്ധതിയുടെ ഭാഗമായുള്ള ഒരു ഭീഷ്മം ക്യൂബും ഈ വിമാനങ്ങളിൽ ഒന്നിൽ എത്തിക്കുന്നുണ്ട്.

ദുരന്തമുഖങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും അതിവേഗം സ്ഥാപിക്കാൻ കഴിയുന്ന ഇന്ത്യയിൽ തന്നെ നിർമ്മിച്ച അത്യാധുനിക മെഡിക്കൽ സൗകര്യമാണ് ഭീഷ്മം ക്യൂബ്. പെട്ടെന്ന് കൂട്ടിയിണക്കാൻ കഴിയുന്ന ചെറിയ മെഡിക്കൽ ബോക്സുകൾ അടങ്ങിയതാണ് ഇത്. ദുരന്തസ്ഥലത്ത് എത്തിച്ചയുടൻ തന്നെ ഇതിനെ അത്യാധുനിക സൌകര്യങ്ങളുള്ള ഒരു താൽക്കാലിക ആശുപത്രിയാക്കി മാറ്റാൻ സാധിക്കും. ഒരേസമയം 200 രോഗികൾക്ക് വരെ ഇവിടെ അടിയന്തിര ശസ്ത്രക്രിയകളും തീവ്രപരിചരണ വിഭാഗം അടക്കമുള്ള ചികിത്സകളും നൽകാനാകും.
പോർട്ടബിൾ വെന്റിലേറ്ററുകൾ, പേഷ്യന്റ് മോണിറ്ററുകൾ, രോഗനിർണ്ണയ ഉപകരണങ്ങൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, സ്വന്തമായി വൈദ്യുതി നിർമ്മിക്കാനുള്ള ജനറേറ്ററുകൾ, ഓക്സിജൻ സംവിധാനങ്ങൾ എന്നിവയെല്ലാം ഈ ഭീഷ്മം ക്യൂബിലുണ്ട്. ലോകത്ത് എവിടെയും ഉണ്ടാകുന്ന വലിയ ദുരന്തങ്ങളിൽ അതിവേഗം മികച്ച ചികിത്സ എത്തിക്കാൻ ഇത് ഇന്ത്യയെ സഹായിക്കുന്നു.












Click it and Unblock the Notifications