ഓപ്പറേഷന്‍ സിന്ദൂര്‍; ലോക്സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ചോദ്യശരങ്ങള്‍ എയ്ത് ഈ വനിതാ എംപിമാര്‍
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച ചൂടു പിടിക്കുമ്പോള്‍ ഇന്നത്തെ ശ്രദ്ധാകേന്ദ്രം പ്രതിപക്ഷത്തെ മൂന്ന് വനിതാ എംപിമാരായിരുന്നു. പ്രിയങ്ക ഗാന്ധിയും കനിമൊഴിയുമാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഇന്ന് ചോദ്യ ശരങ്ങള്‍ എയ്തത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ച്ച ആരോപിച്ച എംപിമാര്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പല വിഷയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്ന നിലപാടാണ് സുപ്രിയ സുലെ എംപി സ്വീകരിച്ചത്.
കേന്ദ്ര സര്‍ക്കാറിനെയും ആഭ്യന്തര മന്ത്രിയെയും കടന്നാക്രമിക്കാനുള്ള ആദ്യത്തെ ഊഴം പ്രിയങ്ക ഗാന്ധിയുടേതായിരുന്നു. കാശ്മീര്‍ ശാന്തമെന്ന് പ്രചരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ പഹല്‍ഗാമിലെ സുരക്ഷാ വീഴ്ചയില്‍ മൗനം പാലിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. 26 പേരെ കൊന്ന ശേഷം ഭീകരര്‍ക്ക് എങ്ങനെയാണ് രക്ഷപ്പെടാനായതെന്ന ചോദ്യം ഉന്നയിച്ച പ്രിയങ്ക ഗാന്ധി പഹല്‍ഗാമില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നുവെന്ന് ഓര്‍മിപ്പിച്ചു.

സൈനിക നടപടികളില്‍ എല്ലാ പാര്‍ട്ടികളും സര്‍ക്കാരിനൊപ്പം നിന്നു. ധീരതയോടെ പോരാടിയ സേനയെ ഓര്‍ത്ത് അഭിമാനമുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. ക്രെഡിറ്റ് എടുക്കുന്നത് മാത്രമല്ല നേതൃഗുണം. ഉത്തരവാദിത്തം ഏറ്റെടുക്കല്‍ കൂടിയാണ്. പാകിസ്ഥാന് എതിരെയുള്ള സൈനിക നടപടി നിര്‍ത്തിയത് താന്‍ ഇടപെട്ടാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു.
എന്റെ അമ്മയുടെ കണ്ണുനീര്‍ വീണത് അച്ഛനെ ഭീകരവാദികള്‍ വധിച്ചപ്പോഴാണ്. പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന വ്യക്തമായി മനസിലാകുമെന്നും പ്രിയങ്ക പറഞ്ഞു.
ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ച് കനിമൊഴി
കേന്ദ്രത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിന് സര്‍വകക്ഷി യോഗത്തില്‍ പൂര്‍ണ പിന്തുണ നല്‍കിയതാണ് പ്രതിപക്ഷമെന്ന് ഓര്‍മിപ്പിച്ച് ഡിഎംകെ എംപി കനിമൊഴി. സൈനിക നടപടിക്കു ശേഷം കേന്ദ്രം ഒന്നും പറയാത്തതെന്തെന്താണെന്നും കനിമൊഴി ലോക്‌സഭയില്‍ ചോദിച്ചു. സേനയ്ക്ക് അഭിവാദ്യവുമായി പ്രകടനം നടത്തിയ മുഖ്യമന്ത്രിയാണ് സ്റ്റാലിന്‍. അത് ദേശസ്‌നേഹം കൊണ്ടാണെന്ന് ഓര്‍മപ്പെടുത്തിയ കനിമൊഴി രാജ്യം ഒന്നിച്ച് നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷമെന്നും വ്യക്തമാക്കി.
പാകിസ്ഥാനുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പ്രതികരിക്കാത്തതെന്താണെന്നും നമുക്ക് പിന്തുണയുമായി ലോക രാജ്യങ്ങള്‍ ഒന്നു പോലും വരാത്തതെന്തെന്നും ചോദിച്ച കനിമൊഴി ഇത് സൂചിപ്പിക്കുന്നത് വിദേശനയത്തിന്റെ പാളിച്ചയല്ലേ എന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യസ്‌നേഹത്തെ കുറിച്ച് വാചാലരാകുന്ന കേന്ദ്ര സര്‍ക്കാര്‍ കേണല്‍ സോഫിയ ഖുറേഷിയേയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയേയും ആക്ഷേപിച്ചവര്‍ക്ക് എതിരെ നടപടിയെടുക്കാത്തത് എന്തു കൊണ്ടാണെന്നും കനിമൊഴി ചോദിച്ചു. തിരിച്ചടിക്കാനുള്ള ശക്തിയല്ല, ഇങ്ങോട്ട് ആക്രമിക്കാന്‍ തോന്നാത്ത കരുത്താണ് ഭരണാധികാരിക്ക് വേണ്ടതെന്നും കനിമൊഴി പറഞ്ഞു. നെഹ്‌റുവിനെ ഓര്‍മിപ്പിക്കുന്നത് കോണ്‍ഗ്രസിനേക്കാളും ബിജെപിയാണെന്നും ബിജെപി ഇടക്കിടെ പഴയ ഭരണാധികാരികളെയെല്ലാം പരിഹസിക്കുന്നത് കാരണം യുവാക്കളും വിദ്യാര്‍ത്ഥികളും ചരിത്രം കൂടുതലായി തെരയാന്‍ തുടങ്ങിയെന്നും കനിമൊഴി പരിഹസിച്ചു.
പ്രശംസയുമായി സുപ്രിയ സുലെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) എംപി സുപ്രിയ സുലെയുടെ പ്രസംഗം ആരംഭിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ഇന്ത്യയുടെ ഭീകരതയ്ക്കെതിരായ പോരാട്ടം ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടാനുള്ള പ്രതിനിധി സംഘത്തെ നയിക്കാന്‍ പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുത്തതിലായിരുന്നു പ്രശംസ.
അതേസമയം, പഹല്‍ഗാം ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ പിടികൂടുന്നതു വരെ ഓപ്പറേഷന്‍ സിന്ദൂരിനെ വിജയകരമെന്ന് വിളിക്കാനാവില്ലെന്നാണ് സുപ്രിയ സുലെ ഇന്നലെ ലോക്‌സഭയില്‍ പറഞ്ഞത്.












Click it and Unblock the Notifications