എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടു? സിഡിഎസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം
ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള സൈനിക ഏറ്റുമുട്ടലിന്റെ ആദ്യ ദിവസം ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടു എന്ന പ്രതിരോധ മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം. കേന്ദ്ര സര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ എന്തൊക്കയോ ഒളിക്കുന്നുണ്ട് എന്നും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
തന്ത്രപരമായ പിഴവുകള്‍ മൂലമാണ് പാകിസ്ഥാനുമായുള്ള സൈനിക ഏറ്റുമുട്ടലിന്റെ ആദ്യ ദിവസം ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടത് എന്ന് അനില്‍ ചൗഹാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിംഗപ്പൂരില്‍ ബ്ലൂംബെര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''എന്ത് തെറ്റുകള്‍ സംഭവിച്ചു എന്നത് പ്രധാനമാണ്. സംഖ്യകള്‍ പ്രധാനമല്ല. നല്ല കാര്യം എന്തെന്നാല്‍, ഞങ്ങള്‍ ചെയ്ത തന്ത്രപരമായ തെറ്റ് മനസ്സിലാക്കാനും, അത് പരിഹരിക്കാനും, അത് തിരുത്താനും, രണ്ട് ദിവസത്തിന് ശേഷം അത് വീണ്ടും നടപ്പിലാക്കാനും, ദീര്‍ഘദൂര ലക്ഷ്യമാക്കി ഞങ്ങളുടെ ജെറ്റുകള്‍ വീണ്ടും പറത്താനും കഴിഞ്ഞു എന്നതാണ്,' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇതിന് പിന്നാലെയാണ് പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു എന്നും യുദ്ധത്തിന്റെ മൂടല്‍മഞ്ഞ് ഇപ്പോള്‍ മാറുകയാണ് എന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കാര്‍ഗില്‍ അവലോകന സമിതിയുടെ മാതൃകയില്‍, ഒരു സ്വതന്ത്ര വിദഗ്ദ്ധ സമിതിയെക്കൊണ്ട് നമ്മുടെ പ്രതിരോധ തയ്യാറെടുപ്പിനെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചു എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളെ കുറിച്ചും അദ്ദേഹം ചോദ്യമുന്നയിച്ചു. 'ഷിംല കരാറിനോടുള്ള നേരിട്ടുള്ള അവഹേളനമാണിത്. ട്രംപിന്റെ ആവര്‍ത്തിച്ചുള്ള വാദങ്ങളും യുഎസ് വാണിജ്യ സെക്രട്ടറി യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും എന്താണ് അര്‍ത്ഥമാക്കുന്നത്?,' അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും കേന്ദ്രത്തിനെതിരെ രംഗത്തെത്തി. പ്രധാനമന്ത്രി സര്‍വകക്ഷി യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കില്ലെന്നും പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രതിരോധ മേധാവിയുടെ അഭിമുഖത്തിലൂടെയാണ് രാജ്യം ഓപ്പറേഷന്‍ സിന്ദൂരിന്റെ ആദ്യ ഘട്ടത്തെക്കുറിച്ച് അറിയുന്നത് എന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ എത്ര ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് തെലങ്കാന മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉത്തര്‍ കുമാര്‍ റെഡ്ഡിയും പറഞ്ഞു.
''യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടുവെന്ന വസ്തുത സര്‍ക്കാര്‍ നിഷേധിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. സിഡിഎസ് തന്നെ അത് പരാമര്‍ശിച്ചു. നേരത്തെ, എയര്‍ മാര്‍ഷല്‍ ഭാരതി തന്റെ ബ്രീഫിംഗ് റിപ്പോര്‍ട്ടില്‍ ഡിജിഎംഒയോടൊപ്പം പരോക്ഷമായി ഇത് പരാമര്‍ശിച്ചിരുന്നു,'' അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പൗരന്മാര്‍ക്ക് മുന്നില്‍ വസ്തുതകള്‍ അവതരിപ്പിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ ഉപനേതാവ് സാഗരിക ഘോഷും ആരോപിച്ചു.












Click it and Unblock the Notifications