ഗിമ്മിക്ക്.. വീണ്ടും ഗിമ്മിക്ക്.. ഇതെന്താ മിനി ബഡ്ജറ്റോ.. നിരോധിച്ച നോട്ടിനെക്കുറിച്ച് പറയ് മോദിജീ!
കോണ്‍ഗ്രസ് മുതല്‍ സി പി എം വരെയുള്ള പ്രതിപക്ഷ പാര്‍ട്ടികൾ മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് രംഗത്തെത്തി. വിമര്‍ശനങ്ങള്‍ ഇങ്ങനെ...
ദില്ലി: രാജ്യത്തെ ഞെട്ടിച്ച നോട്ട് നിരോധനം പ്രഖ്യാപിച്ച് അമ്പത് ദിവസം കഴിഞ്ഞു. ഈ പ്രഖ്യാപനം നടത്തിയ നവംബര്‍ എട്ടിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്തത്. സ്വാഭാവികമായും നോട്ട് നിരോധനത്തിന്റെ ഗുണവും ദോഷവും മോദി പ്രസംഗത്തില്‍ പറയുമെന്ന് ആളുകള്‍ കരുതി. എത്ര കിട്ടി എന്നും എത്ര ദോഷം വന്നു എന്നെങ്കിലും. എന്നാല്‍ അതൊന്നും ഉണ്ടായില്ല.
പതിവ് പോലെ ഷോ ഓഫും ഗിമ്മിക്കും കൊണ്ട് പ്രധാനമന്ത്രി തടി കയ്ച്ചലാക്കി എന്നാണ് മോദിയുടെ ന്യൂ ഇയര്‍ പ്രസംഗത്തിന് കിട്ടിയ പൊതുവേയുള്ള പ്രതികരണം. അരുണ്‍ ജെയ്റ്റ്‌ലി നടത്തേണ്ടിയിരുന്ന ബജറ്റ് പ്രസംഗമാണോ മോദി നടത്തിയത് എന്ന് ചോദിക്കുന്നവരും ഉണ്ട്. കോണ്‍ഗ്രസ് മുതല്‍ സി പി എം വരെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് രംഗത്തെത്തി. വിമര്‍ശനങ്ങള്‍ ഇങ്ങനെ...

ഡെഡ്‌ലൈന്‍ ഇല്ല, ഹെഡ്‌ലൈന്‍ മാത്രം - കോണ്‍ഗ്രസ്
നോട്ട് നിരോധനത്തിന് പിന്നാലെയുണ്ടായ നിയന്ത്രണങ്ങള്‍ക്ക് ഒരു ഡെഡ്‌ലൈന്‍ നരേന്ദ്ര മോദി പ്രഖ്യാപിക്കും എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി കരുതിയിരുന്നത്. എന്നാല്‍ അതൊന്നും ഉണ്ടായില്ല. പകരം കുറെ ഹെഡ്‌ലൈനുകള്‍ ഉണ്ടാക്കി മോദി പ്രസംഗം നിര്‍ത്തി. മോദി കുറെ കാര്യങ്ങള്‍ പറയും. എന്നാല്‍ ചെയ്യില്ല - കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി.

എന്തൊരു പരാജയം - തൃണമൂല്‍
സാധാരണക്കാരന്റെ സാമ്പത്തിക അവകാശങ്ങള്‍ പിടിച്ചുപറിക്കുകയാണ് നോട്ട് നിരോധനത്തിലൂടെ ചെയ്തത്. ഈ നോട്ട് പിന്‍വലിക്കല്‍ പദ്ധതി തന്നെ ഒരു വലിയ പരാജയമാണ് - തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ധനകാര്യ മന്ത്രിയുടെ ജോലി കൂടി ഏറ്റെടുത്ത് ബഡ്ജറ്റ് പ്രസംഗം അവതരിപ്പിച്ചിരിക്കുകയാണ്.

എന്തിനാണീ പ്രസംഗം - സിപിഎം
എന്ത് കാര്യത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ ഒരു പ്രസംഗം നടത്തിയത് എന്നാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അറിയേണ്ടത്. പാര്‍ലമെന്റില്‍ ധനകാര്യമന്ത്രി വായിക്കുന്ന ബഡ്ജറ്റ് പ്രസംഗം പോലെയാണ് മോദിയുടെ പ്രസംഗം തോന്നിയത്. കൃത്യമായി ഒന്നും പറഞ്ഞില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പ്രധാനമന്ത്രിക്ക് പേടിയാണ് എന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു - യെച്ചൂരി പറഞ്ഞു.

ബിജെപി ഫ്രീ ഇന്ത്യ - കെജ്രിവാള്‍
സ്വന്തം പാര്‍ട്ടിയുടെ കുഴിതോണ്ടുകയാണ് നരേന്ദ്ര മോദി എന്നാണ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ട മോദി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ബി ജെ പി മുക്ത ഇന്ത്യയ്ക്ക് വേണ്ടിയാണ് എന്ന് തോന്നും. അടുത്ത 20 വര്‍ഷത്തേക്കെങ്കിലും ബി ജെ പിക്ക് വോട്ട് ചെയ്യാത്ത വിധം ആളുകള്‍ വെറുത്തുകഴിഞ്ഞു - കെജ്രിവാള്‍ പറഞ്ഞു.

എന്ത് നേടി - സിപിഐ
ജനങ്ങളെല്ലാം സന്തോഷവാന്മാരാണ് എന്ന് പറഞ്ഞ പ്രധാനമന്ത്രി, അവര്‍ക്ക് വേദനയുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. നോട്ട് നിരോധനത്തിലൂടെ എന്താണ് നേടിയതെന്ന് ഒരു വാക്ക് പോലും പക്ഷേ പ്രധാനമന്ത്രി പറഞ്ഞില്ല. എത്ര കള്ളപ്പണം പിടിച്ചെന്നോ കള്ളനോട്ട് പിടിച്ചെന്നോ ഒന്നും പറഞ്ഞില്ല. ബഡ്ജറ്റില്‍ പറയുന്നത് പോലെ കുറെ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി - സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ പ്രതികരണം ഇങ്ങനെ.












Click it and Unblock the Notifications