'ജനാധിപത്യം അപകടത്തില്‍': വിജയ് ചൗക്കിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിക്ഷ പാർട്ടി നേതാക്കളുടെ പ്രതിഷേധം
വിജയ് ചൗക്കിൽ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പ്രതിഷേധ പ്രകടനം. നിരോധനാജ്ഞ ലംഘിച്ചുകൊണ്ടാണ് പ്രതിപക്ഷ പ്രതിഷേധം. ജനാധിപത്യം അപകടത്തില്‍ എന്ന വലിയ ബാനറുമേന്തിയാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാർട്ടി എംപിമാർ ജാഥയായി പാർലമെന്റിന് മുന്നിലേക്ക് നീങ്ങിയത്. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് വിജയ് ചൗക്കിൽ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചാണ് പ്രതിഷേധം.
എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെയ്ക്ക് പുറമെ സി പി എം, സി പി ഐ, ഡി എം കെ, എ എ പി, ടി എം സി, ടി ആർ എസ് തുടങ്ങിയ പാർട്ടികളുടെ നേതാക്കള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. രാഷ്ട്രപതി ഭവന് മുന്നിലേക്ക് നീങ്ങിയ നേതാക്കളെ പൊലീസ് തടഞ്ഞു. ഇതോടെ എംപിമാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് പൊലീസ് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി.

പാർലമെന്റിന് അകത്തും ഇന്നും പ്രതിപക്ഷ വലിയ പ്രതിഷേധമായിരുന്നു നടത്തിയത്. കോടതിവിധിക്കെതിരായ രാഷ്ട്രീയ നീക്കത്തില്‍ പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ചു. 2019 ലെ ക്രിമിനൽ മാനനഷ്ടക്കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ശിക്ഷയിൽ പ്രതിഷേധിക്കുന്ന പാർട്ടികൾ, അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷിക്കണമെന്നും ഈ വിഷയങ്ങളില്‍ പ്രസിഡന്റ് ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തണമെന്നുമാണ് ആവശ്യപ്പെടുന്നത്.
കേന്ദ്രം രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് ആരോപിച്ച് പല സംസ്ഥാനങ്ങളിലെയും കോൺഗ്രസ് യൂണിറ്റുകളും ഇതേസമയം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സൂറത്ത് കോടതി വിധിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറിനെയും മറ്റ് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കർണാടക പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എന്നാല്‍ ഒബിസി വികാരം ഇളക്കി കോൺഗ്രസിന്‍റെ പ്രതിരോധത്തെ നേരിടാനാണ് ബിജെപിയുടെ നീക്കം. 'കള്ളൻ' എന്ന പരാമർശത്തിലൂടെ ഒബിസി സമുദായത്തെ ഗാന്ധി അപമാനിച്ചതിനെ തുടർന്നാണ് സ്വതന്ത്ര ജുഡീഷ്യറി രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചതെന്നും അതില്‍ മറ്റ് തരത്തിലുള്ള യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് ബി ജെ പി നേതൃത്വം വ്യക്തമാക്കുന്നത്. അതേസമയം, അയോഗ്യതാ ഭീഷണിക്കിടെ രാഹുല്‍ ഗാന്ധി ഇന്ന് പാര്‍ലമെന്‍റ് മന്ദിരത്തിലെത്തി. ഭരണപ്രതിപക്ഷ ഏറ്റുമുട്ടലിനിടെ രാഹുല്‍ ഗാന്ധി ലോക്സഭയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് സഭ നിര്‍ത്തി വെക്കുകയും ചെയ്തു.












Click it and Unblock the Notifications