ഐടി മന്ത്രിയ്ക്ക് അവകാശലംഘനത്തിന് നോട്ടീസ്; പെഗാസസ് പാര്‍ലമെന്റില്‍ കത്തിക്കാന്‍ പ്രതിപക്ഷം
ന്യൂദല്‍ഹി: പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വിവാദം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. സഭാ സമ്മേളനം ചേരാനിരിക്കെ കോണ്‍ഗ്രസ് എം പി അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് വിവരസാങ്കേതിക വകുപ്പ് മന്ത്രിയ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസയച്ചു. ഇത് സംബന്ധിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അധിര്‍ രഞ്ജന്‍ ചൗധരി കത്തയച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ജഡ്ജിമാരെയും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരെയും സ്‌പൈവെയര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതോടെ പെഗാസസ് വിഷയം കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തെ പിടിച്ചുകുലുക്കിയിരുന്നുവെന്നും അധീര്‍ രഞ്ജന്‍ ചൗധരി കത്തില്‍ ചൂണ്ടിക്കാട്ടി.
പെഗാസസ് സ്പൈവെയറുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും എന്‍ എസ് ഒ ഗ്രൂപ്പില്‍ നിന്ന് സ്പൈവെയര്‍ വാങ്ങിയിട്ടില്ലെന്നുമാണ് സഭയില്‍ സര്‍ക്കാര്‍ വാദിച്ചത്. പെഗാസസ് വാങ്ങിയതും വിന്യസിക്കുന്നതും നേരിട്ട് ചോദ്യം ചെയ്തപ്പോള്‍ മോദി സര്‍ക്കാര്‍ സുപ്രീം കോടതിയോടും കള്ളം പറഞ്ഞു. പെഗാസസ് വിഷയത്തില്‍ സര്‍ക്കാരിനെതിരെയുള്ള എല്ലാ ആരോപണങ്ങളും തങ്ങള്‍ നിഷേധിക്കുന്നുവെന്നായിരുന്നു സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്, അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ത്യ, ഇസ്രായേലില്‍ നിന്ന് പെഗാസസ് വാങ്ങിയെന്ന റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്. 'ലോകത്തിലെ ഏറ്റവും ശക്തമായ സൈബര്‍ ആയുധത്തിനായുള്ള യുദ്ധം' എന്ന തലക്കെട്ടിലാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2017 ജൂലൈയിലെ പ്രധാനമന്ത്രി മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പെഗാസസും മിസൈല്‍ സംവിധാനവും കേന്ദ്രബിന്ദുവാക്കി ഏകദേശം 2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അത്യാധുനിക ആയുധങ്ങളുടെയും രഹസ്യാന്വേഷണ ഉപകരണങ്ങളുടെയും ഒരു പാക്കേജ് വില്‍ക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രയേല്‍ സര്‍ക്കാരിന്റെ അറിവോടെയാണ് എന്‍ എസ് ഒ നിര്‍മിത സോഫ്‌റ്റ്വെയര്‍ ഇന്ത്യ വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം ഇസ്രയേല്‍ സര്‍ക്കാരും ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ഇന്ത്യ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇസ്രായേല്‍ സോഫ്‌റ്റ്വെയര്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളും ഈ ചാര സോഫ്റ്റ്വെയര്‍ വാങ്ങിയതിനെക്കുറിച്ചും അത് ദുരുപയോഗം ചെയ്തതിനെക്കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അമേരിക്ക സോഫ്റ്റ് വെയര്‍ വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയത് സംസ്ഥാന നേതാക്കളെയും പൊതുജനങ്ങളെയും ചാരപ്പണി ചെയ്യാനാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മോദി സര്‍ക്കാര്‍ രാജ്യദ്രോഹിയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പ്രവര്‍ത്തിക്കുകയും ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ യുദ്ധായുധം പ്രയോഗിക്കുകയും ചെയ്തതെന്നായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചത്.

നേരത്തെ ഇന്ത്യയില്‍ നിരവധി പ്രമുഖരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തി എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി രൂപം നല്‍കിയത്. ഈ സമിതിയുടെ അന്വേഷണം തുടരുന്ന പശ്ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ പെഗാസസ് വിഷയം സഭയെ പ്രക്ഷുബ്ധമാക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications