ബജറ്റിനെതിരെ പ്രതിപക്ഷം നാളെ പാർലമെന്റില്‍ പ്രതിഷേധിക്കും: കുംഭമേളയില്‍ അടിയന്തര പ്രമേയ നോട്ടീസ്
ഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പ്രതിഷേധവുമായി പ്രതിപക്ഷം നാളെ ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കും. സാധാരണക്കാരെ മറന്ന ബജറ്റാണ് നടത്തിയതെന്നും തിരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയിലേയും ബിഹാറിലേയും വോട്ടർമാരെ സ്വാധീനിക്കാനുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുണ്ടായതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച പരിഗണന എന്തുകൊണ്ട് മറ്റുള്ളവർക്ക് ലഭിച്ചില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നു.
ആദായനികുതിയിലെ ഇളവിനെ അടക്കം രൂക്ഷമായി വിമർശിക്കുന്നുവെന്നാണ് ശ്രദ്ധേയം. 'കഴിഞ്ഞ പത്ത് വർഷത്തിനിടെ മോദി സർക്കാർ മധ്യവർഗത്തിൽ നിന്ന് 54.18 ലക്ഷം കോടി രൂപ ആദായനികുതി പിരിച്ചെടുത്തു, ഇപ്പോൾ 12 ലക്ഷം വരെ ഇളവ് നൽകുന്നുണ്ട്, അതനുസരിച്ച് പ്രതിവർഷം 80,000 രൂപ ലാഭിക്കാനാകുമെന്ന് ധനമന്ത്രി തന്നെ പറയുന്നു. അതായത്, പ്രതിമാസം 6,666 രൂപ മാത്രം' എ ഐ സി സി അധ്യക്ഷന്‍ ഖാർഗെ അഭിപ്രായപ്പെട്ടു.

2025-26 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളോടുള്ള ക്രൂരമായ വഞ്ചനയാണെന്ന് സി പി എം നേതത്വവും അഭിപ്രായപ്പെട്ടു. സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളും അഭിമുഖീകരിക്കുന്ന പ്രശ്‌നം, വൻതോതിലുള്ള തൊഴിലില്ലായ്മയും വേതനത്തിലുള്ള കുറവും കാരണം വലയുന്ന ജനങ്ങളെ അതിൽ നിന്ന് കരകയറ്റുന്നതിനു പകരം ബജറ്റിലൂടെ മോദി സർക്കാർ കൂടുതൽ വലയ്ക്കാനാണ് ശ്രമിക്കുന്നതെന്നും സി പി എം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ ചില പദ്ധതികൾ പ്രഖ്യാപിക്കുകയും എന്നാൽ ആ സംസ്ഥാനങ്ങളിലടക്കമുള്ള ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങളിൽ നിന്നും മുഖം തിരിക്കുകയും ചെയ്യുന്ന ബജറ്റാണ് 2025-26 ലെ യൂണിയൻ ബജറ്റെന്ന് കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപി വി ശിവദാസനും അഭിപ്രായപ്പെട്ടു. ഗ്രാമീണ ദരിദ്ര ദുർബല ജനവിഭാഗങ്ങളെ ആകെ അവഗണിക്കുന്നതോടൊപ്പം , കേരളത്തോടും പൊതുവെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും കടുത്ത രാഷ്ട്രീയവിവേചനം കാണിക്കുന്ന ബജറ്റ് ആണ് ബിജെപി അവതരിപ്പിച്ചിരിക്കുന്നത് . ബജറ്റിനെ ഒരു തെരഞ്ഞെടുപ്പ് തന്ത്രമാക്കി ചുരുക്കുന്ന രാഷ്ട്രീയനിലപാട് ഫെഡറലിസത്തിനും സാമാന്യനീതിക്കും നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക സർവേ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ്, നീതി ആയോഗ് റിപ്പോർട്ട് തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ എല്ലാ റിപ്പോർട്ടുകളിലും "പ്രധാന സ്ഥാനം" വഹിക്കുന്നുണ്ടെങ്കിലും ബജറ്റില്‍ തമിഴ്നാടിന് അർഹമായ പരിഗണന കിട്ടിയിലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പ്രതികരിച്ചു.കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലെ ഹൈവേകൾക്കും മെട്രോ സംവിധാനങ്ങൾ പോലുള്ള പദ്ധതികൾക്കും ധനസഹായം നൽകുന്നതിന് കേന്ദ്രത്തിന് എന്താണ് തടസ്സം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും ബിജെപി സഖ്യം അധികാരത്തിലിരിക്കുന്നതുമായ സംസ്ഥാനത്തിന് മാത്രമേ പദ്ധതികളും ഫണ്ടുകളും പ്രഖ്യാപിക്കൂന്നുള്ളുവെന്നും അദ്ദേഹം ആരോപിച്ച.
പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ പാർട്ടികള്‍ക്ക് ഇടയില്‍ പഴയ ഐക്യം ഇല്ലെങ്കിലും പരമാവധി പാർട്ടികള്‍ ഒന്നിച്ച് നിന്ന് ബജറ്റിലെ ചില നിർദേശങ്ങള്‍ എതിർക്കാനാണ് നീക്കം. ഇതോടൊപ്പം തന്നെ പല സംസ്ഥാനങ്ങളും നേരിട്ട അവഗണനയും ചൂണ്ടിക്കാട്ടി നാളെ പാർലമെന്റില്‍ പ്രതിഷേധം നടത്താനും തീരുമാനമുണ്ട്. സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കാനാണ് നീക്കം. കുംഭമേള സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസും നാളെ നല്‍കും. ബജറ്റ് ദിനത്തില്‍ കുംഭമേള വിഷയം ഉയർത്തി പ്രതിപക്ഷം പ്രതീകാത്മകമായി സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങിയിരുന്നു.












Click it and Unblock the Notifications