സര്‍വകക്ഷി യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി; പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ദമാകും
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഇറങ്ങിപ്പോയി. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ 20 എംപിമാരെ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പാര്‍ട്ടിയുടെ പേരില്‍ യോഗത്തിലേക്ക് വിളിച്ചതില്‍ പ്രതിഷേധിച്ചാണിത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലാത്ത ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും പ്രതിഷേധത്തില്‍ പങ്കാളികളായി.
പ്രതീകാത്മക ബഹിഷ്‌കരണം നടത്തിയ ശേഷം പ്രതിപക്ഷം യോഗത്തിലേക്ക് തിരിച്ചെത്തി. തൃണമൂലിന്റെ 20 വിമത സഭാംഗങ്ങള്‍ ഉള്‍പ്പെട്ട നാഷണലിസ്റ്റ് സിറ്റിസന്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ എങ്ങനെ സര്‍വകക്ഷി യോഗത്തിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷം ചോദിച്ചു. പാര്‍ലമെന്റിലെ വെബ്‌സൈറ്റില്‍ പേരുപോലുമില്ലാത്ത പാര്‍ട്ടിയെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പാര്‍ലമെന്റ് വെബ്സൈറ്റില്‍ ഈ എംപിമാരെ തൃണമൂല്‍ അംഗങ്ങളായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും പ്രതിപക്ഷം പറഞ്ഞു.

ലയനം സ്പീക്കര്‍ അംഗീകരിച്ചിട്ടില്ലെന്ന് തൃണമൂല്‍ അംഗം മഹുവ മൊയ്ത്ര പറഞ്ഞു. രേഖകളില്‍ തൃണമൂല്‍ അംഗബലം 28 ആണ്. 20 അയോഗ്യതാ ഹരജികള്‍ ഇപ്പോഴും പരിഗണനയിലാണ്. അപ്പോള്‍ പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ഈ 20 വിമത എംപിമാരെ ക്ഷണിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും മഹുവ മൊയ്ത്ര ചോദിച്ചു.
പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തിങ്കളാഴ്ച മുതല്‍ അടുത്ത മാസം 13 വരെയാണ്. മണ്ഡല പുനര്‍ നിര്‍ണയത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സമ്മേളനത്തില്‍ നിന്ന് വളരെ വ്യത്യസ്തമായ രാഷ്ട്രീയ ചിത്രമാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍. തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ശിവസേനവ ഉദ്ധവ് വിഭാഗം എന്നീ പാര്‍ട്ടികളിലുണ്ടായ കൂറുമാറ്റം സഭയില്‍ പ്രതിഫലിക്കും.
പ്രതിപക്ഷ ചേരിയില്‍ വലിയ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. എന്‍ഡിഎക്ക് അംഗ ബലം കൂടുകയും ചെയ്തു. അതുകൊണ്ടുതന്നെ നിര്‍ണായക ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഇത് പ്രക്ഷുബ്ദ രംഗങ്ങള്‍ക്ക് ഇടയാക്കും. അയോധ്യയിലെ രാമക്ഷേത്ര തട്ടിപ്പ്, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കും.
നേരത്തെ പരാജയപ്പെട്ട വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയവും ലക്ഷ്യവച്ചുള്ള 131ാം ഭരണഘടനാ ഭേദഗതി ബില്ലിന് പുറമെ വിദേശ സംഭാവന നിയന്ത്രണം ഭേദഗതി ബില്‍, ആദായനികുതി ഭേദഗതി ബില്‍, സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം സംബന്ധിച്ച ഭേദഗതി ബില്‍, ജനന-മരണ രജിസ്‌ട്രേഷന്‍ ഭേദഗതി ബില്‍, വന്ദേമതരത്തെ അപമാനിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിനുള്ള ബില്‍, സൂക്ഷ്മ, ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വികസനം ഭേദഗതി ബില്‍ തുടങ്ങിയവയും കേന്ദ്രസര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ അവതിരിപ്പിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലും പരിഗണനയ്ക്ക് വന്നേക്കും.


Click it and Unblock the Notifications