'ജാര്‍ഖണ്ഡിലെ കുതിരക്കച്ചവടം പരാജയപ്പെടുത്തിയത് ഇന്ത്യാ മുന്നണി'; ബിജെപിയെ പേടിയില്ലെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ കുതിരക്കച്ചവടം നടത്താനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ തടഞ്ഞത് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്ര കിഴക്കന്‍ സംസ്ഥാനത്ത് പര്യടനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബി ജെ പി പണവും അന്വേഷണ ഏജന്‍സികളും ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയും താനും ബി ജെ പിയെ ഭയപ്പെടുന്നില്ലെന്നും വിഭജന പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടം തുടരുമെന്നും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന്‍ പറഞ്ഞു. അതേസമയം തങ്ങള്‍ നേരത്തെ നടത്തിയ ഭാരത് ജോഡോ യാത്ര ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും ഭിന്നിപ്പുണ്ടാക്കുന്ന അജണ്ടയ്ക്കെതിരായിരുന്നുവെങ്കില്‍, ഇപ്പോഴത്തെ യാത്ര രാജ്യത്തെ ജനങ്ങള്‍ക്ക് നീതി തേടിയുള്ളതാണെന്ന് രാഹുല്‍ പറഞ്ഞു.

ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനവിധി മാറ്റി മറിക്കാന്‍ ഇന്ത്യാ ബ്ലോക്ക് ബി ജെ പിയെ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം വ്യാപകമായ അനീതി നിലനില്‍ക്കുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലക്കയറ്റവും വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും രാജ്യം നേരിടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുക അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയം, തെറ്റായ ജിഎസ്ടി തുടങ്ങിയ സാമ്പത്തിക നയങ്ങളാണ് ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ നാശത്തിന് കാരണമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി ജാര്‍ഖണ്ഡിലെ ജനങ്ങളെ ക്ഷണിച്ചു. മന്‍ കി ബാത്തിന്റെ പേരില്‍ പ്രധാനമന്ത്രിയെ പരിഹസിക്കാനും രാഹുല്‍ മറന്നില്ല. ജെ എം എം മേധാവി ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത്. എന്നാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പി ശ്രമം നടത്തിയിരുന്നു.
തനിക്ക് ഭൂരിപക്ഷ എം എല്‍ എമാരുടെ പിന്തുണയുണ്ട് എന്ന് ചംപയ് സോറന്‍ അറിയിച്ചിട്ടും ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നില്ല. പിന്നാലെ ജെ എം എം - കോണ്‍ഗ്രസ് എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കുതിരക്കച്ചവടം നടക്കില്ലെന്ന് കണ്ടതോടെയാണ് ചംപയ് സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്.












Click it and Unblock the Notifications