കുട്ടിക്കാലത്ത് ജനാധിപത്യം എന്തെന്ന് പോലും അറിയില്ലായിരുന്നു; ഹൃദയംതുറന്ന് രാംനാഥ് കോവിന്ദ്
ന്യൂഡല്‍ഹി: നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ ഭാരതത്തിന്റെ ഭാവി സുരക്ഷിതമാണൈന്ന് സ്ഥാനം ഒഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ജനങ്ങളാണ് യഥാര്‍ഥ രാഷ്ട്രശില്പികളെന്നും അദ്ദേഹം പറഞ്ഞു. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായി മാറ്റാന്‍ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാംനാഥ് കോവിന്ദ്.
കുട്ടിക്കാലത്ത് ജനാധിപത്യം എന്തെന്ന് പോലും അറിയില്ലായിരുന്നു. സ്വതന്ത്രഭാരതത്തിന്റെ നിര്‍മാണപ്രക്രിയകള്‍ ആരംഭിച്ചിരുന്ന ആ കാലത്ത് നടന്ന ദേശീയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി തനിക്കും ഭാവിയില്‍ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കണം എന്ന് ആഗ്രഹം തോന്നിയിരുന്നു. എന്നാല്‍ ജനാധിപത്യത്തിന്റെ മുകളിലേക്കുള്ള സ്ഥാനങ്ങളൊന്നും സ്വപ്നം കാണുകപോലും ചെയ്തിരുന്നില്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം കാണ്‍പൂരിലെ പരോങ്ക് ഗ്രാമത്തില്‍ നിന്നുള്ള സാധാരണക്കാരനായ രാംനാഥ് കോവിന്ദ് ഇന്ന് ഭാരതത്തിന്റെ മൊത്തം ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. നമ്മുടെ ഊര്‍ജ്ജസ്വലമായ ജനാധിപത്യ ശക്തിയോട് നന്ദി പറയുകയും നമിക്കുകയും ചെയ്യുന്നു. നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ സാധാരണക്കാരില്‍ സാധാരണക്കാരന്‍ ആയവര്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനാവും എന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളില്‍ ഒന്നാണ് രാഷ്ട്രപതി പദത്തിലിരിക്കുമ്പോള്‍ കാണ്‍പൂരിലെ തന്റെ പഴയ അധ്യാപകരുടെ പാദങ്ങള്‍ തൊട്ട് അവരുടെ അനുഗ്രഹം തേടിയ അനുഭവം. നമ്മുടെ വേരുകളുമായുള്ള ബന്ധം ഇന്ത്യയുടെ സത്ത ആണ്. ഗ്രാമവുമായും നഗരവുമായും സ്‌കൂളുകളുമായും അധ്യാപകരുമായും ബന്ധപ്പെട്ടിരിക്കുന്ന ഈ പാരമ്പര്യം തുടരണമെന്നും യുവതലമുറയോട് അദ്ദേഹം പറയുന്നു.

നമ്മുടെ കുട്ടികള്‍ക്കുവേണ്ടി നമ്മുടെ പരിസ്ഥിതിയും ഭൂമിയും വായുവും വെള്ളവും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. സര്‍വപള്ളി രാധാകൃഷ്ണന്‍, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എന്നിവരുള്‍പ്പെടെ മുന്‍ രാഷ്ട്രപതിമാരെയും അദ്ദേഹം അനുസ്മരിച്ചു. അഞ്ച് വര്‍ഷത്തെ നീണ്ട ഭരണകാലത്ത്, കഴിവിന്റെ പരമാവധി ഉപയോഗിച്ച് കടമകള്‍ നിറവേറ്റിയിട്ടുണ്ട്. മഹാരഥന്മാരുടെ പിന്‍ഗാമി ആകുകയെന്നത് വലിയൊരു ചുമതലയായിരുന്നു. ജനപ്രതിനിധികളുള്‍പ്പെടെ എല്ലാ ഇന്ത്യക്കാരോടും നന്ദി അറിയിക്കുന്നു. അഞ്ചുവര്‍ഷംമുമ്പ് എന്നിലേല്‍പ്പിച്ച വിശ്വാസം കാക്കാന്‍ പറ്റി എന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും അവസരങ്ങൾ നല്കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. വേരുകളോട് ചേർന്ന് നിൽക്കണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ഇന്ത്യയുടെ യാത്ര 75 വർഷം പിന്നിടുന്നത് ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിൻറെ നേട്ടങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ്. ജനാധിപത്യത്തിൻറെ രൂപരേഖ തയ്യാറാക്കിയത് ഭരണഘടനാ ശില്പികളാണെന്നും അദ്ദേഹം പറഞ്ഞു.
ഹലോ നിങ്ങള്‍ അന്വേഷിക്കുന്ന ഞാന്‍ ഇവിടെയുണ്ട്..പുതിയ ചിത്രവുമായി അമൃത സുരേഷ്












Click it and Unblock the Notifications