ബംഗാളില്‍ യുവതിയെ നടുറോഡില്‍ തല്ലിച്ചതച്ചു: പ്രതി തൃണമൂല്‍ നേതാവെന്ന്, മമതയ്ക്കെതിരെ പ്രതിപക്ഷം
കൊല്‍ക്കത്ത: യുവതിയെ നടുറോഡിലിട്ട് മർദ്ദിച്ച സംഭവത്തില്‍ പശ്ചിമ ബംഗാളില്‍ പ്രതിഷേധം ശക്തമാകുന്നു. ആൾക്കൂട്ടം നോക്കിനിൽക്കെ യുവതിയേയും മറ്റൊരാളേയും യുവാവ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
സംഭവത്തില്‍ ബി ജെ പി, കോണ്‍ഗ്രസ്, സി പി എം ഉള്‍പ്പെടേയുള്ള പാർട്ടികള്‍ സർക്കാറിനും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായി എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ മർദ്ദനം നടത്തിയ ആള്‍ തങ്ങളുടെ പാർട്ടി നേതാവ് അല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

ഏത് രാഷ്ട്രീയ ബന്ധമുള്ളവരാണെങ്കിലും പ്രതികളെ വെറുതെ വിടില്ലെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു. "ബി ജെ പി പറയുന്നത് അടിസ്ഥാനരഹിതമാണ്. കാരണം അവർ രാഷ്ട്രീയമായി പാപ്പരായതിനാൽ അവർ എന്തും പറയും. ഇത് ഹീനമായ കുറ്റകൃത്യമാണ്. . ഇയാൾ ആരാണെന്നോ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ബന്ധം എന്താണെന്നോ അറിയാൻ തൃണമൂൽ കോൺഗ്രസിന് താൽപ്പര്യമില്ല. ഇയാളെ പിടികൂടിയാലുടൻ നിയമത്തിൻ്റെ ഏറ്റവും കർക്കശമായ നടപടി സ്വീകരിക്കും," തൃണമൂൽ വക്താവ് റിജു ദത്ത പറഞ്ഞു.
വടക്കൻ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ചോപ്രയെന്ന നഗരത്തിലെ തെരുവില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. ആൾക്കൂട്ടം നോക്കിനിൽക്കെ, ഒരു പുരുഷൻ സ്ത്രീയെ വടികൊണ്ട് ആവർത്തിച്ച് അടിക്കുന്നതും വേദന സഹിക്കാന്‍ കഴിയാതെ അവള്‍ നിലവിളിക്കുന്നതും വീഡിയോയിൽ കാണാന്‍ സാധിക്കും. യുവതി നിലവിളിക്കുമ്പോഴും യുവാവ് തല്ല് തുടരുകയാണ്. പിന്നീട് മറ്റൊരു പുരുഷനേയും ആക്രമിക്കുന്നതും കാണാം. ആൾക്കൂട്ടം ആക്രമണം തടയാൻ ശ്രമിക്കുന്നതിന് പകരം അക്രമിയെ സഹായിക്കുന്ന തരത്തിലാണ് ചിലപ്പോള്‍ പെരുമാറുന്നത്.
സി പി എം, ബി ജെ പി നേതാക്കൾ പറയുന്നതനുസരിച്ച്, തൃണമൂലുമായി ബന്ധമുള്ളതും തർക്കങ്ങളില്‍ ഇടപെട്ട് വിഷയം പരിഹരിക്കാന്‍ ശ്രമിക്കാറുമുള്ള പ്രാദേശിക നേതാവായ തജെമുൾ ആണ് വീഡിയോയിലെ അക്രമി. സ്ത്രീയെയും പുരുഷനെയും ഇയാള്‍ ആക്രമിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ല. യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മര്‍ദനം നടന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications