മഹാകുംഭമേളയിലെത്തുന്നവർ പട്ടിണികിടക്കില്ല: ഇതുവരെ വിതരണം ചെയ്തത് 1000 മെട്രിക് ടണ്ണിലധികം റേഷൻ
പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ ഇതുവരെ വിതരണം ചെയ്തത് 1000 മെട്രിക് ടണ്ണിലധികം റേഷൻ. കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം നാഫെഡാണ് (നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ) ഗോതമ്പ് മാവ്, പയർവർഗ്ഗങ്ങൾ, അരി, മറ്റ് അവശ്യവസ്തുക്കൾ എന്നിവ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്.
തീർത്ഥാടകടക്ക് വാട്ട്‌സ്ആപ്പ് വഴിയോ ഫോൺ കോൾ വഴിയോ റേഷൻ ആവശ്യപ്പെടാവുന്ന രീതിയിലാണ് വിതരണം സജ്ജീകരിച്ചിരികുന്നത് . ഇതുവരെയായി 1000 മെട്രിക് ടണ്ണിലധികം റേഷൻ വിതരണം ചെയ്തു കഴിഞ്ഞു. മഹാ കുംഭമേളയില്‍ എത്തുന്ന സന്യാസിമാർക്കും ഭക്തർക്കും ഭക്ഷ്യക്ഷാമം നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ, മൊബൈൽ വാനുകൾ വഴിയാണ് റേഷൻ വിതരണം നടത്തുന്നത്. ഇതിനായി 20 ലേറെ മൊബൈല്‍ റേഷന്‍ സംവിധാനങ്ങള്‍ ഏർപ്പാടാക്കി.

ഭക്തർക്ക് ഭക്ഷണവുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്‌നവും ഉണ്ടാകരുതെന്ന് ഉറപ്പാക്കുന്നതിനാണ് സഹകരണ മന്ത്രാലയം ഈ പ്രത്യേക പദ്ധതി നടത്തുന്നതെന്ന് നാഫെഡിന്റെ സംസ്ഥാന മേധാവി രോഹിത് ജെയിൻ പറഞ്ഞു. ഓരോ വ്യക്തിക്കും കൃത്യസമയത്ത് ഭക്ഷണസാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നാഫെഡ് കുംഭമേളയില്‍ സജീവമായി തന്നെ പ്രവർത്തിക്കുന്നു.
കുംഭമേള നഗരിയില്‍ എത്തുന്ന ഭക്തർക്ക് 7275781810 എന്ന നമ്പറിൽ വിളിക്കുകയോ വാട്ട്‌സ്ആപ്പ് വഴി റേഷൻ ആവശ്യപ്പെടുകയോ ചെയ്യാം. സബ്‌സിഡി റേഷനിൽ ഗോതമ്പ് മാവും അരിയും 10 കിലോ പാക്കറ്റുകളിലായും ചെറുപയർ, മസൂർ, കടല പരിപ്പ് എന്നിവ 1 കിലോ പാക്കറ്റുകളിലുമായിട്ടാണ് വിതരണം ചെയ്യുന്നത്. റേഷൻ ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചാലുടൻ മൊബൈൽ വാനുകൾ , ബന്ധപ്പെട്ട ആശ്രമങ്ങളിലും സന്യാസിമാർക്കും ഉടന്‍ തന്നെ റേഷന്‍ എത്തിക്കും.
ഇതുവരെയായി 700 മെട്രിക് ടൺ ഗോതമ്പ് മാവ്, 350 മെട്രിക് ടൺ പയർവർഗ്ഗങ്ങൾ (ചെറുപയർ, മസൂർ, കടല പരിപ്പ്), 10 മെട്രിക് ടൺ അരി എന്നിവ വിതരണം ചെയ്തു. നാഫെഡിന്റെ ഉൽപ്പന്നങ്ങളും 'ഭാരത് ബ്രാൻഡ്' ധാന്യങ്ങളും ഭക്തർക്കിടയിൽ വളരെ പെട്ടെന്ന് പ്രചാരം നേടിക്കൊണ്ടിരിക്കുകയാണെന്നും അധികൃതർ അവകാശപ്പെടുന്നു. ഈ പദ്ധതിയിലൂടെ, മഹാകുംഭത്തിൽ പങ്കെടുക്കുന്ന ദശലക്ഷക്കണക്കിന് ഭക്തർക്ക് ഉയർന്ന നിലവാരമുള്ള റേഷൻ ഉറപ്പ് വരുത്തുകയും റേഷൻ വിതരണപ്രക്രിയ സൗകര്യപ്രദവും കൂടുതല്‍ എളുപ്പവുമാക്കി മാറ്റുകയും ചെയ്യുന്നുവെന്നും നാഫെഡ് വ്യക്തമാക്കി.












Click it and Unblock the Notifications