യുപിയില്‍ ഉവൈസിയുടെ വന്‍ പ്രഖ്യാപനം; 2 പാര്‍ട്ടികളുമായി സഖ്യം... 2 മുഖ്യമന്ത്രി, 3 ഉപമുഖ്യമന്ത്രിമാര്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമാകാനുള്ള ശ്രമവുമായി എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഒബിസി, ദളിത് സമുദായ പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാണ് അദ്ദേഹത്തിന്റെ നീക്കം. സഖ്യം അധികാരത്തിലെത്തിയാല്‍ രണ്ട് മുഖ്യമന്ത്രിമാരും മൂന്ന് ഉപമുഖ്യമന്ത്രിമാരുമുണ്ടാകുമെന്ന വിചിത്ര പ്രഖ്യാപനനും അദ്ദേഹം നടത്തി. ലഖ്‌നൗവില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ സംബന്ധിച്ച് ഉവൈസി വിശദീകരിച്ചത്.
നേരത്തെ എസ്ബിഎസ്പിയുമായി സഖ്യത്തിന് ഉവൈസി ശ്രമിച്ചെങ്കിലും അവര്‍ അഖിലേഷിനൊപ്പം പോയതോടെ പാതി വഴിയിലായി. തുടര്‍ന്നാണ് മറ്റൊരു സഖ്യം ഉവൈസി രൂപീകരിച്ചിരിക്കുന്നത്. ബിഹാറില്‍ സംഭവിച്ച പോലെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് സാധിക്കുമോ എന്നാണ് അറിയേണ്ടത്...

ബാബു സിങ് കുശ്വാഹയുടെ ജന അധികാര്‍ പാര്‍ട്ടിയുമായും ഭാരത് മുക്തി മോര്‍ച്ചയുമായും സഖ്യമുണ്ടാക്കിയാണ് മജ്‌ലിസ് പാര്‍ട്ടി യുപിയില്‍ തിരഞ്ഞെടുപ്പ് നേരിടുന്നതെന്ന് ഉവൈസി പ്രഖ്യാപിച്ചു. നേരത്തെയുള്ള സഖ്യ ചര്‍ച്ചകള്‍ പൊളിഞ്ഞതോടെയാണ് ഉവൈസി മറിച്ചുള്ള നീക്കം നടത്തിയത്. അഖിലേഷുമായി സഖ്യത്തിന് ഉവൈസിയുടെ പാര്‍ട്ടിക്ക് താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും അഖിലേഷ് പിന്നാക്കം നില്‍ക്കുകയായിരുന്നു.

അധികാരത്തിലെത്തിയാല്‍ രണ്ട് മുഖ്യമന്ത്രിമാരുണ്ടാകുമെന്ന പ്രഖ്യാപനമാണ് ഉവൈസി നടത്തിയിരിക്കുന്നത്. ഒബിസി വിഭാഗത്തില്‍ നിന്നും ദളിത് വിഭാഗത്തില്‍ നിന്നും ഓരോ മുഖ്യമന്ത്രിമാരെയാണ് ഉവൈസി നിര്‍ദേശിക്കുന്നത്. അതേസമയം, മൂന്ന് ഉപമുഖ്യമന്ത്രിമാരെയും അദ്ദേഹം നിര്‍ദേശിച്ചു. മുസ്ലിം സമുദായത്തില്‍ നിന്നുള്‍പ്പെടെയാണ് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുക.

വിവിധ പാര്‍ട്ടികള്‍ ഭരിച്ചിട്ടും ഉത്തര്‍ പ്രദേശില്‍ ദളിതുകളെയും മുസ്ലിംങ്ങളെയും അവഗണിക്കുകയാണ് ചെയ്തതെന്ന് ഉവൈസി നേരത്തെ ആരോപിച്ചിരുന്നു. മുസ്ലിം മുഖ്യമന്ത്രിമാര്‍ വരാത്തത് എന്തെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു. ദളിത്- പിന്നാക്ക- മുസ്ലിം ഐക്യമാണ് വേണ്ടതെന്ന് ഉവൈസി വാദിക്കുന്നു. എന്നാല്‍ ഉവൈസിയുടെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

നേരത്തെ ഓം പ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ്പിയുമായി സഖ്യം പ്രഖ്യാപിച്ചിരുന്നു ഉവൈസി. എന്നാല്‍ രാജ്ഭര്‍ ഈ സഖ്യം വിടുകയും അഖിലേഷ് യാദവിനൊപ്പം ചേരുകയുമാണുണ്ടായത്. രാജ്ഭര്‍ സമുദായത്തിന് കിഴക്കന്‍ യുപിയില്‍ നിര്‍ണായകമായ വോട്ട് ബാങ്കുണ്ട്. ഇതു ലക്ഷ്യമിട്ടാണ് അഖിലേഷ് എസ്ബിഎസ്പിയെ കൂടെ ചേര്‍ത്തത്. ഇതോടെ ഉവൈസിയുടെ മോഹം പൊലിയുകയായിരുന്നു.

ഉവൈസിയെ അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സഖ്യത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് എസ്ബിഎസ്പി നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ അഖിലേഷ് മൗനം പാലിച്ചു. ഉവൈസിയെ കൂടെ ചേര്‍ക്കുന്നത് ദോഷം ചെയ്യുമെന്നാണ് അഖിലേഷിന്റെ നിലപാട്. ബിജെപി ഇത് പ്രചാരണ ആയുധമാക്കുമെന്ന് അഖിലേഷ് ഭയന്നു. മാത്രമല്ല, ഉവൈസി കൂടെയില്ലെങ്കിലും മുസ്ലിം വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് അഖിലേഷ്.

ഉത്തര്‍ പ്രദേശില്‍ 100 സീറ്റില്‍ മല്‍സരിക്കാനാണ് ഉവൈസിയുടെ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുമായി നിരന്തരം സംവദിക്കുകയാണ്. മല്‍സരിക്കേണ്ട മണ്ഡലങ്ങള്‍ തീരുമാനിച്ചു. സഖ്യത്തിന്റെ സീറ്റ് വിഭജനം സംബന്ധിച്ച് ഏകദേശ ധാരണയായെന്നും ഉവൈസി സൂചിപ്പിച്ചു. അതേസമയം, ഉവൈസിയുടെ പാര്‍ട്ടി മല്‍സരിച്ചാല്‍ ബിജെപിക്ക് നേട്ടമാകുമെന്ന് കോണ്‍ഗ്രസ്-എസ്പി നേതാക്കള്‍ പറയുന്നു. ബിഹാറില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിച്ച എംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.
Recommended Video

മുസ്ലിങ്ങളെ ഉത്തര്‍ പ്രദേശിലെ എല്ലാ രാഷ്ട്രീയ നേതാക്കളും അവഗണിക്കുകയാണ് ചെയ്തത്. വികസനത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. മുസ്ലിങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരു സര്‍ക്കാരും ശ്രമിച്ചില്ല. മുസ്ലിം വോട്ടുകള്‍ എല്ലാവരും വാങ്ങുകയും ചെയ്തു. സമുദായത്തെ പ്രീണിപ്പിച്ച് വോട്ട് വാങ്ങുക മാത്രമാണ് ചെയ്തത്. ഇത്തരം വിഷയങ്ങള്‍ ജനങ്ങളുമായി സംസാരിക്കും. ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും ഉവൈസി പറഞ്ഞു.












Click it and Unblock the Notifications