'ഉവൈസിക്ക് വയനാട്ടിൽ മത്സരിക്കാൻ വരാം; ന്യൂനപക്ഷങ്ങളുടെ പിന്തുണ ആർക്കാണെന്ന് നോക്കാം'; ടി സിദ്ധിഖ്
രാഹുൽ ഗാന്ധിയെ ഹൈദരാബാദിൽ മത്സരിക്കാൻ വെല്ലുവിളിച്ച ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തുഹാദുൽ മുസ്ലിമിൻ (എഐഎംഐഎം) നേതാവ് അസദുദ്ദിൻ ഉവൈസിക്ക് മറുപടിയുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. ഉവൈസിക്ക് വേണമെങ്കിൽ വയനാട്ടിൽ മത്സരിക്കാമെന്നും ന്യൂനപക്ഷ വോട്ട് ആർക്കാണ് കൂടുതൽ കിട്ടുകയെന്ന് നോക്കാമെന്നും സിദ്ധിഖ് പറഞ്ഞു.
ഉവൈസി മത്സരിച്ചാൽ അദ്ദേഹത്തിന് കെട്ടിവെച്ച കാശ് പോലും ഇവിടെ നിന്ന് കിട്ടില്ല. വയനാട്ടിലെ മാത്രമല്ല ഭാവിയിൽ ഹൈദരാബാദിലെ ന്യൂനപക്ഷവും കോൺഗ്രസിനൊപ്പമാവുമെന്നും സിദ്ധിഖ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'രാഹുൽ ഗാന്ധിയെ വയനാടിന് പകരം ഹൈദരാബാദിൽ മത്സരിക്കാൻ വെല്ലുവിളിച്ചിരിക്കുകയാണ് ഉവൈസി. ആരാണ് ഉവൈസി? രാഹുൽ ഗാന്ധിയടക്കം ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളും സ്ഥാനാർഥികളും ഇ ഡി, സിബിഐ വേട്ടയാടൽ നേരിടുമ്പോൾ മോദിയെ നിരന്തരം വിമർശിക്കുന്ന ഉവൈസിയ്ക്കെതിരെ ഇന്ന് വരെ ഒരു പെറ്റി കേസെങ്കിലും അവർ എടുത്തോ? നിരവധി ആരോപണങ്ങൾ ഉള്ള ഉവൈസിയുടെ പാർട്ടിക്കും നേതാക്കൾക്കുമെതിരെ എന്തെങ്കിലും ചലനം ബിജെപിയിൽ നിന്ന് ഉണ്ടായോ? ഇല്ല..! എന്ത് കൊണ്ട്?
അവിടെയാണ് ഉവൈസി ബിജെപിയുടെ ബി ടീമല്ല; ഇ ടീം തന്നെയാണെന്ന് നമ്മൾക്ക് ബോധ്യമാകുക. ബിജെപി ആഗ്രഹിക്കുന്നത് പോലെ ഓരോ സംസ്ഥാനത്തും പോയി ന്യൂനപക്ഷങ്ങളെ ഏകീകരിക്കുന്ന വൈകാരിക പ്രകടനങ്ങൾ നടത്തുന്ന ഒവൈസിയും പാർട്ടിയും പരോക്ഷമായി മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികളെ തകർക്കുന്നു.
ഇപ്പോൾ ഹൈദരാബാദിൽ കോൺഗ്രസിന്റെ മുന്നേറ്റം കണ്ട് വെപ്രാളപ്പെടുന്ന ഉവൈസി, ഇന്ത്യ മുന്നണിയെയും ഭയപ്പെട്ട് തുടങ്ങിയത് ആർക്ക് വേണ്ടിയാണെന്ന് ബോധ്യമാകുന്നുണ്ട്. താങ്കൾ വർഗ്ഗീയവൽക്കരിച്ച ന്യൂനപക്ഷമല്ല വയനാട്ടിലേത് എന്നറിയാവുന്നത് കൊണ്ട് രാഹുൽ ഗാന്ധിയെ ഹൈദരാബാദിലേക്ക് ക്ഷണിച്ചു കൊണ്ട് നോക്കുകയാണ്. വയനാട് രാഹുൽ ഗാന്ധി ജയിച്ചത് എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയതാണെന്ന് ആ ഭൂരിപക്ഷം നോക്കിയാൽ മനസ്സിലാവും. വയനാട് ഇന്ത്യയിലാണെങ്കിൽ, വയനാടൻ ജനത ഇന്ത്യക്കാരാണെങ്കിൽ രാഹുൽ ഗാന്ധി വയനാട്ടിൽ ഇനിയും മത്സരിക്കും.
ഇനി ഒരു കാര്യം പറയാം, ന്യൂനപക്ഷ വോട്ട് ആർക്കാണ് കൂടുതൽ കിട്ടുക എന്ന നോക്കാന് ഉവൈസിക്ക് വയനാട്ടിൽ വരാം. ഇവിടുത്തെ ന്യൂനപക്ഷം ഉവൈസിക്ക് കെട്ടി വച്ച കാശ് തിരിച്ച് തരില്ല. ഭാവിയിൽ ഹൈദരാബാദിലെ ന്യൂനപക്ഷവും കോൺഗ്രസിനൊപ്പമാവും. ഉവൈസിയല്ല; അസ്ഹറുദ്ദീൻ ആകും ഹൈദരാബാദിന്റെ ക്യാപ്റ്റൻ.
താങ്കൾ എത്ര ശ്രമിച്ചാലും ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി ഇന്ത്യയിൽ നിലം തൊടില്ല'












Click it and Unblock the Notifications