ഒവൈസി വീണ്ടും വില്ലന്‍, ഒറ്റ സീറ്റില്ലാതെ എസ്പിയെ വീഴ്ത്തി, ബിജെപിയെ വിജയിപ്പിച്ചത് ഈ സീറ്റുകളില്‍
ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ തരംഗമൊന്നും ഉണ്ടാക്കാന്‍ അസാദുദ്ദീന്‍ ഒവൈസിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ബിജെപിയുടെ ബി ടീമാണെന്ന പ്രതിപക്ഷ കക്ഷികളുടെ വാദം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പല സീറ്റുകളിലും സമാജ് വാദി പാര്‍ട്ടിയെ പരാജയപ്പെടുത്തിയതില്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിക്ക് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.
മണ്ഡലത്തിലെ വോട്ട് ശതമാനം പരിശോധിക്കുമ്പോള്‍ ഇങ്ങനെയാണ് വ്യക്തമാകുന്നത്. പക്ഷേ മൊത്തത്തില്‍ 0.49 ശതമാനം വോട്ട് മാത്രമാണ് ഒവൈസിക്ക് പിടിക്കാനായത്. 95 സീറ്റിലാണ് അവര്‍ മത്സരിച്ചത്. ഒറ്റ സീറ്റിലും അവര്‍ വിജയിച്ചില്ല. പക്ഷേ എസ്പിയുടെ വിജയത്തെ തടയാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

അസംഖഡിലെ മുബാറക്പൂര്‍ മണ്ഡലത്തില്‍ മാത്രമാണ് മജ്‌ലിസ് പാര്‍ട്ടിക്ക് കെട്ടിവെച്ച കാശ് നഷ്ടമാവാതിരുന്നത്. ബാക്കി എല്ലായിടത്തും തകര്‍ന്നടിഞ്ഞു. മുബാറക്പൂരില്‍ മുന്‍ ബിഎസ്പി എംഎല്‍എ ഷാ ആലമിനെയാണ് ഒവൈസി മത്സരിപ്പിച്ചത്. എന്നാല്‍ ഇതൊന്നും ഗുണം ചെയ്തില്ല. എന്നാല്‍ എസ്പിയുടെ സാധ്യതകളെ തകര്‍ക്കുന്നതില്‍ മജ്‌ലിസ് പാര്‍ട്ടി മുന്നില്‍ നിന്നു. എടുത്ത് പറയേണ്ടത് ഏഴ് സീറ്റുകളില്‍ എസ്പി തോറ്റ രീതിയാണ്. വേറെയും സീറ്റുകളില്‍ ഇവര്‍ എസ്പിയെ വീഴ്ത്തിയിട്ടുണ്ട്. പക്ഷേ ഈ ഏഴ് സീറ്റ് വളരെ നിര്‍ണായകമാണ്. മുസ്ലീം വോട്ടുകള്‍ ധാരാളമുണ്ടായിരുന്ന മണ്ഡലങ്ങളാണിത്. മുസ്ലീം വോട്ടുകളെ ഈ സീറ്റില്‍ ഒവൈസിയുടെ സാന്നിധ്യം ഭിന്നിപ്പിക്കുകയായിരുന്നു.

മൊറാദാബാദ് നഗര്‍ സീറ്റില്‍ ബിജെപി മത്സരിപ്പിച്ചത് റിതേഷ് കുമാര്‍ ഗുപ്തയെയാണ്. 1,48384 വോട്ട് റിതേഷ് നേടിയിരുന്നു. എസ്പിയുടെ മുഹമ്മദ് യൂസഫ് അന്‍സാരിക്കെതിരെ അദ്ദേഹം ജയിച്ചത് 782 വോട്ടുകള്‍ക്കാണ്. ഈ സീറ്റ് എസ്പി ജയിക്കേണ്ടതാണ്. ഇവനി മജ്‌ലിസ് പാര്‍ട്ടി പിടിച്ച വോട്ട് നോക്കാം. മജ്‌ലിസ് പാര്‍ട്ടിയുടെ വാഖി റഷീദ് 2661 വോട്ടാണ് നേടിയത്. മജ്‌ലിസ് പാര്‍ട്ടിയില്ലായിരുന്നെങ്കില്‍ ജയം എസ്പിക്കൊപ്പമാകുമായിരുന്നു. ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളതായിരുന്നു. അത് മുസ്ലീം വോട്ടുകളെ ഭിന്നിപ്പിക്കുന്നതായിരുന്നു. മുസ്ലീം വോട്ടുകള്‍ ഭിന്നിച്ചിട്ടില്ലെങ്കില്‍ ബിജെപി ഒരിക്കലും ഇവിടെ വിജയിക്കില്ലായിരുന്നു.

മൊറാദാബാദ് നഗറില്‍ ബിഎസ്പി മത്സരിപ്പിച്ചത് ഇര്‍ഷാദ് ഹുസൈനെയാണ്. ഇര്‍ഷാദ് 14013 വോട്ടുകളാണ് പിടിച്ചത്. കോണ്‍ഗ്രസിന്റെ റിസ്വാന്‍ ഖുറേഷി 5351 വോട്ടുകളും പിടിച്ചു. നാല് വഴിക്കായി മുസ്ലീം വോട്ടുകള്‍ ഈ മണ്ഡലത്തില്‍ ചിതറി പോയി. ബാരബങ്കിയിലെ കുര്‍സി മണ്ഡലത്തില്‍ ബിജെപിയുടെ സാകേന്ദ്ര പ്രതാപ് വര്‍മയുടെ വിജയമാര്‍ജിനും നേരിയതാണ്. 217 വോട്ടിനാണ് എസ്പിയുടെ രാകേഷ് കുമാര്‍ വര്‍മയെ സാകേന്ദ്ര പരാജയപ്പെടുത്തിയത്. ഇവിടെ മജ്‌ലിസ് പാര്‍ട്ടിയുടെ കുമൈല്‍ അഷ്‌റഫ് ഖാന്‍ 8541 വോട്ടാണ് നേടിയത്. ഇതുണ്ടായിരുന്നെങ്കില്‍ രാകേഷ് കുമാര്‍ വലിയ വിജയം നേടുമായിരുന്നു. പക്ഷേ ഒവൈസിയുട പ്രചാരണം അടക്കം ഇവിടെ എസ്പിക്ക് വെല്ലുവിളിയായി.

കുര്‍സിയില്‍ മുസ്ലീങ്ങളുടെയും ഒപ്പം ബിജെപി വിരുദ്ധ വോട്ടുകളാണ് മജ്‌ലിസ് പാര്‍ട്ടി നേടിയത്. സഹാരണ്‍പൂരിലെ നാകുര്‍ സീറ്റിലെ വിജയമാര്‍ജിനും മജ്‌ലിസ് പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്ന് ഉറപ്പിക്കും. ഇവിടെ ബിജെപിയുടെ മുകേഷ് ചൗധരിയാണ് ജയിച്ചത്. എസ്പിയുടെ ഡോ ധരം സിംഗ് സെയ്‌നി തോറ്റത് വെറും 315 വോട്ടിനാണ്. മജ്‌ലിസ് പാര്‍ട്ടിയുടെ റിസ്വാന നേടിയത് 3593 വോട്ടാണ്. ജോന്‍പൂരിലെ ഷാഗഞ്ചില്‍ എസ്പിയുടെ ശൈലേന്ദ്ര യാദവ് ലലായ് തോറ്റത് 719 വോട്ടിനാണ്. ഇവിടെ മജ്‌ലിസ് പാര്‍ട്ടിയുടെ നവാബ് അഹമ്മദ് ഖാന്‍ പിടിച്ചതാകട്ടെ 8128 വോട്ടുകള്‍. കോണ്‍ഗ്രസും ഇവിടെ മുസ്ലീം സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയത്. 1529 വോട്ടാണ് അവര്‍ക്ക് കിട്ടിയത്.

സുല്‍ത്താന്‍പൂര്‍ സദറില്‍ മജ്‌ലിസ് പാര്‍ട്ടിയുടെ മിര്‍ജ അക്രം ബേഗ് നേടിയത് 5251 വോട്ടാണ്. ബിജെപിയുടെ വിജയ മാര്‍ജില്‍ 1009 വോട്ടാണ്. ബിജെപി വിനോദ് സിംഗിനെയും എസ്പി അനൂപ് സാന്‍ഡയെയും ഇവിടെ മത്സരിപ്പിച്ചു. ബദോഹിയിയിലെ ഔറായിയില്‍ ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ ദിനനാഥ് ഭാസ്‌കര്‍ വെറും 1647 വോട്ടിനാണ് ജയിച്ചത്. ഇവിടെ മജ്‌ലിസ് പാര്‍ട്ടി 2190 വോട്ട് പിടിച്ചത്. ബിജ്‌നോറില്‍ ഒവൈസിയുടെ പാര്‍ട്ടി 2290 വോട്ട് പിടിച്ചു. ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി നീരജ് ചൗധരി വെറും 1445 വോട്ടിനാണ് തോറ്റത്. ഇവിടെയും ബിജെപിക്ക് ഗുണം ചെയ്തത് ഒവൈസി തന്നെയാണ്. പല മണ്ഡലങ്ങളിലും തോല്‍വിയുടെ ഭീതിയിലേക്ക് എസ്പിയെ തള്ളിയിടാനും മജ്‌ലിസ് പാര്‍ട്ടിക്ക് സാധിച്ചു.

സുല്‍ത്താന്‍പൂരിലെ ഇസോലി സീറ്റില്‍ 3308 വോട്ടാണ് മജ്‌ലിസ് പാര്‍ട്ടി പിടിച്ചത്. എസ്പി സ്ഥാനാര്‍ത്ഥി വിജയിച്ചത് 269 വോട്ടിനാണ്. കുറച്ച് കൂടി നല്ല പ്രകടനമായിരുന്നെങ്കില്‍ ഇവിടെ എസ്പി തോല്‍ക്കുമായിരുന്നു. പ്രതാപ്ഗഡ് ജില്ലയിലെ റാണിഗഞ്ചില്‍ 2649 വോട്ടിനാണ് എസ്പിയുടെ രാകേഷ് കുമാര്‍ വര്‍മ വിജയിച്ചത്. മജ്‌ലിസ് പാര്‍ട്ടി 11478 വോട്ടാണ് പിടിച്ചത്. ഇവിടെ എസ്പിയെ തകര്‍ക്കാന്‍ മജ്‌ലിസ് പാര്‍ട്ടിക്ക് സാധിക്കുമായിരുന്നു. രാംനഗറിലും ദോമാരിയാകഞ്ചിലും മജ്‌ലിസ് പാര്‍ട്ടി മികച്ച പ്രകടനം നടത്തി. നേരിയ വ്യത്യാസത്തിലാണ് വിജയിച്ചത്. ബിജ്‌നോറിലെ ദാംപൂര്‍ സീറ്റില്‍ കോണ്‍ഗ്രസാണ് ബിജെപിക്ക് വെല്ലുവിളിയായത്. 203 വോട്ടിനാണ് ദാംപൂര്‍ സീറ്റില്‍ ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹുസൈന്‍ അഹമ്മദ് 790 വോട്ട് ഇവിടെ പിടിച്ചു.

മത്സരിച്ച സീറ്റുകളില്‍ കോണ്ഗ്രസിനേക്കാള്‍ നല്ല രീതിയില്‍ മത്സരിച്ചത് മജ്‌ലിസ് പാര്‍ട്ടിയാണ്. 58 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളേക്കാല്‍ മെച്ചപ്പെട്ട പ്രകടമമാണ് അവര്‍ നടത്തിയത്. നാലര ലക്ഷത്തോളം വോട്ടുകള്‍ അവര്‍ നേടി. കോണ്‍ഗ്രസ് മൂന്ന് ലക്ഷത്തിന് മുകളില്‍ വോട്ടാണ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വോട്ട് ശതമാനം മജ്‌ലിസ് കൂടുതലായി നേടി. കഴിഞ്ഞ തവണ 0.24 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് നില. ഇത്തവമ അത് 0.49 ശതമാനമായി മാറി.












Click it and Unblock the Notifications