ഓയോ സ്ഥാപകന്റെ പിതാവ് 20 നില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു; സംഭവം മകന്റെ വിവാഹത്തിന് പിന്നാലെ
മാര്‍ച്ച് ഏഴിനായിരുന്നു റിതേഷ് അഗര്‍വാളിന്റെ വിവാഹ സല്‍ക്കാരം. ദല്‍ഹി താജ് ഹോട്ടലില്‍ ആയിരുന്നു സല്‍ക്കാരം ഒരുക്കിയിരുന്നത്.

ന്യൂദല്‍ഹി: ഓയോ റൂംസ് സ്ഥാപകന്‍ റിതേഷ് അഗര്‍വാളിന്റെ പിതാവ് രമേഷ് അഗര്‍വാള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ഗുരുഗ്രാമിലെ സെക്ടര്‍ 54-ലെ ഡിഎല്‍എഫിന്റെ ദി ക്രസ്റ്റ് സൊസൈറ്റിയുടെ 20-ാം നിലയില്‍ നിന്നാണ് രമേഷ് അഗര്‍വാള്‍ വീണത്.
ദിവസങ്ങള്‍ക്ക് മുന്‍പായി റിതേഷിന്റെ വിവാഹം കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് പിതാവിന്റെ ദാരുണാന്ത്യം. ഉച്ചക്ക് ഒരു മണിയോടെ ഒരാള്‍ മുകള്‍ നിലയില്‍ നിന്ന് വീണതായി വിവരം ലഭിച്ചിരുന്നു എന്നും ഉടനെ അദ്ദേഹത്തെ ചികിത്സയ്ക്കായി പാരസ് ആശുപത്രിയില്‍ എത്തിച്ചെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.
അതേസമയം തന്റെ പിതാവാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത് എന്ന് റിതേഷ് അഗര്‍വാള്‍ സ്ഥിരീകരിച്ചു. ഞങ്ങളുടെ വഴികാട്ടിയായ വെളിച്ചവും ശക്തിയുമായിരുന്നു അദ്ദേഹം. എന്നെ വിഷമഘട്ടങ്ങളില്‍ പ്രചോദിപ്പിച്ചത് പിതാവായിരുന്നു. അദ്ദേഹത്തിന്റെ മരണം ഞങ്ങളുടെ കുടുംബത്തിന് വലിയ നഷ്ടമാണ്, എന്നായിരുന്നു റിതേഷ് പ്രസ്താവനയില്‍ അറിയിച്ചത്.

രമേഷ് അഗര്‍വാളിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. മാര്‍ച്ച് ഏഴിനായിരുന്നു ഗീതാന്‍ഷ സൂദുമായി റിതേഷിന്റെ വിവാഹം. ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് പാലസില്‍ വെച്ച് വിവാഹ സല്‍ക്കാരവും നടത്തിയിരുന്നു.
ചടങ്ങില്‍ ഉടനീളം രമേഷ് അഗര്‍വാള്‍ സജീവമായിരുന്നു. ലോകത്തെ മുന്‍നിര സാങ്കേതിക സംരംഭകരില്‍ ഒരാളും ജാപ്പനീസ് ശതകോടീശ്വരനും സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് സ്ഥാപകനുമായ മസയോഷി സണ്‍ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ഹോട്ടലുകള്‍ അടക്കമുള്ള താമസസൗകര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 2012 ല്‍ ആണ് റിതേഷ് ഓയോ റൂംസ് രൂപീകരിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഓയോ. ഇന്ത്യ, ചൈന, മലേഷ്യ, നേപ്പാള്‍, യു കെ, യു എ ഇ, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍ എന്നിവിടങ്ങളിലെ അഞ്ഞൂറിലധികം നഗരങ്ങളിലായി ആഗോളതലത്തില്‍ 4,50,000 മുറികള്‍ നിലവില്‍ ഓയോ കൈകാര്യം ചെയ്യുന്നുണ്ട്.
തന്റെ 18-ആം വയസില്‍ ആണ് റിതേഷ് ഓയോ വെബ്‌സൈറ്റ് ആരംഭിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2013 ല്‍ ഏറ്റവും മികച്ച ബിസിനസ് ആശയത്തിനുള്ള ആഗോള പുരസ്‌കാരമായ തീല്‍ ഫെലോഷിപ്പ് നേടുന്ന ആദ്യത്തെ ഏഷ്യക്കാരനായി റിതേഷ് അഗര്‍വാള്‍ മാറിയിരുന്നു.












Click it and Unblock the Notifications