വയറുവേദന; പി ചിദംബരത്തെ വൈദ്യപരിശോധനയ്ക്കായി ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു
ദില്ലി: ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടർന്നാണ് ചിദംബരത്തെ എയിംസിൽ എത്തിച്ചത്. ഉച്ചയോടെയാണ് അദ്ദേഹത്തെ എയിംസിൽ എത്തിച്ചത്.
ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി ചിദംബരം സെപ്റ്റംബർ അഞ്ചാം തീയതി മുതൽ തീഹാർ ജലിലിലാണ്. ജാമ്യം തേടി ചിദംബരം കോടതിയെ സമീപിച്ചെങ്കിലും ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ദില്ലിയിലെ പ്രത്യേക കോടതി ഒക്ടോബർ 17വരെ നീട്ടി നൽകുകയായിരുന്നു.

ചിദംബരം ആവശ്യപ്പെട്ടാൽ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ചിദംബരത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് വീട്ടിൽ നിന്നുള്ള ഭക്ഷണം ജയിലിൽ എത്തിച്ച് നൽകാൻ കോടതി അനുമതി നൽകിയിരുന്നു. ജയിലിൽ കഴിയുന്ന ചിദംബരത്തിന്റെ ശരീരഭാരത്തിൽ നാല് കിലോയോളം കുറവുണ്ടായതായാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
ജയിലിൽ കസേരയോ തലയിണയോ അനുവദിക്കുന്നില്ലെന്നും അതിനാൽ കടുത്ത നടുവേദന അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നും ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചിരുന്നു. ചിദംബരത്തിന് ജാമ്യം അനുവദിച്ചാൽ അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലി ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചത്.
കേന്ദ്ര ധനമന്ത്രിയായിരിക്കെ ചിദംബരത്തിന്റെ അധ്യക്ഷതയിലുള്ള സമിതി അനുമതി നല്‍കിയത് മൂലം ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയുടെ വിദേശ ഫണ്ട് നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ആരോപണം. ചിദംബരത്തിന് പുറമെ മകൻ കാർത്തി ചിദംബരവും കേസിൽ പ്രതിയാണ്.












Click it and Unblock the Notifications