എനിക്കു വേണ്ട പത്മഭൂഷണ്‍. വല്ല വിലയും ഉണ്ടോ? കുത്തിപ്പൊക്കി വെള്ളാപ്പള്ളിയുടെ പഴയ വാക്കുകള്‍
കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ ഇക്കുറി അഭിമാന നേട്ടമാണ് കേരളം സ്വന്തമാക്കിയത്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കെടി തോമസ് എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ ലഭിച്ചപ്പോള്‍ മഹാ നടന്‍ മമ്മൂട്ടി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവരെ പത്മഭൂഷണ്‍ നല്‍കിയാണ് രാജ്യം ആദരിച്ചത്.
ഇതില്‍ വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ ലഭിച്ചതില്‍ സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ചിലര്‍ വെള്ളാപ്പള്ളിയുടെ പുരസ്‌കാര നേട്ടത്തെ അഭിനന്ദിക്കുമ്പോള്‍ മറ്റു ചിലരാകട്ടെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. കൂടുതലും വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ പത്മഭൂഷണ്‍ പുരസ്‌കാര പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ പത്മ പുരസ്‌കാരങ്ങളെപ്പറ്റി കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ വെള്ളാപ്പള്ളി പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പത്മാ പുരസ്‌കാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി ആ അഭിമുഖത്തില്‍ സംസാരിച്ചത്. പത്മഭൂഷണ്‍ നേട്ടത്തിനു പിന്നാലെ അദ്ദേഹത്തിന്റെ വാക്കുകളെ ട്രോളിക്കൊണ്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

'സാര്‍ ബിജെപിയോട് ഇത്രയും അടുത്തു നില്‍ക്കുമ്പോള്‍ പത്മഭൂഷനൊക്കെ കിട്ടത്തില്ലേ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിനുള്ള വെള്ളാപ്പള്ളിയുടെ മറുപടിയാണ് ഇപ്പോള്‍ ട്രോളായി പ്രചരിക്കുന്നത്. വെള്ളാപ്പള്ളിയുടെ വാക്കുകള്‍:
'എനിക്കു വേണ്ട പത്മഭൂഷണ്‍. പത്മഭൂഷണ് വല്ല വിലയും ഉണ്ടോ? അത് കാശ് കൊടുത്താല്‍ കിട്ടുന്ന ഒരു സാമാനമായി മാറിയില്ലേ? അതിന് അന്തസ് ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു... പത്മഭൂഷണ്‍ ഏത് പട്ടിക്കു വേണം? തരാമെന്ന് പറഞ്ഞാല്‍ ഞാന്‍ വാങ്ങിക്കുകയില്ലല്ലോ? ഞാന്‍ വല്ല അവാര്‍ഡും മേടിച്ചതായി നിങ്ങള് കേട്ടിട്ടുണ്ടോ? പല അവാര്‍ഡുകളും വരുന്നുണ്ട്. നോ എന്നു പറയും..' - ഇതായിരുന്നു മറുപടി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഈ അഭിമുഖം പുറത്തുവന്നത്. ഇപ്പോഴിതാ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് പത്മഭൂഷണ്‍ പുരസ്‌കാരം വെള്ളാപ്പള്ളിക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഈ വീഡിയോ വീണ്ടും വൈറലായത്. ഈ വിഷയത്തില്‍ വെള്ളാപ്പള്ളിയുടെ പ്രതികരണവും പിന്നാലെ വന്നു. പണ്ട് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വിവാദം ആക്കേണ്ടതല്ലെന്നും ജനങ്ങള്‍ക്കു നന്ദിയുണ്ടെന്നുമായിരുന്നു വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ എന്റെ പേര് ശുപാര്‍ശ ചെയ്തിട്ടുണ്ടോ എന്നൊന്നും അറിയില്ലെന്നും അവാര്‍ഡിനായി താന്‍ സ്വന്തം നിലയില്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications