Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മശ്രി സിന്ധുതായി സപ്കല്‍ അന്തരിച്ചു; ഓര്‍മ്മയായത് 1500 ലേറെ അനാഥ കുഞ്ഞുങ്ങളുടെ അമ്മ

മഹാരാഷ്ട്ര: ആയിരത്തിയഞ്ഞൂറോളം കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ പോറ്റി വളര്‍ത്തിയ അനാഥകുഞ്ഞുങ്ങളുടെ അമ്മ ഓര്‍മ്മയായി. സിന്ധുതായി സപ്കലാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഇന്നലെ രാത്രി പൂനെയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 40 വര്‍ഷത്തിനിടെയാണ് തെരുവില്‍ കഴിഞ്ഞിരുന്ന 1500 ലേറെ കുഞ്ഞുങ്ങള്‍ക്ക് അമ്മയായി മാറിയത്.

കുഞ്ഞുങ്ങളോടൊപ്പം പുഞ്ചിരിതൂകി നില്‍ക്കുന്ന അമ്മയുടെ മുഖമാണ് സിന്ധുതായിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസിലേക്ക് ആദ്യം കടന്ന വരുന്നത്. അഞ്ച് ബാലമന്ദിരങ്ങളിലായി അമ്മയുടെ സ്‌നേഹത്തണലില്‍ വളര്‍ന്നത് ആയിരത്തിലേറെ മക്കളാണ്. കഴിഞ്ഞ വര്‍ഷം രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

1

വര്‍ധയിലെ ദരിദ്രകുടുംബത്തിലായിരുന്നു സിന്ദുതായിയുടെ ജനനം. പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും പത്താം വയസില്‍ കെട്ടിച്ച് വിടുകയായിരുന്നു. തന്നെക്കാള്‍ 20 വയസിന് മുതിര്‍ന്നയാളുമായാണ് വിവാഹം. നാലാമത്തെ കുഞ്ഞിനായി ഒമ്പത് മാസം ഗര്‍ഭിണിയായ വേളയില്‍ ഭര്‍ത്താവ് വീട്ടില്‍ നിന്നും ആട്ടിയിറക്കുകയായിരുന്നു. നാട്ടില്‍ പണക്കാര്‍ നടത്തിവന്ന അനീതിക്കെതിരെ പ്രതികരിച്ചതായിരുന്നു കുറ്റം. കാലിത്തൊഴിത്തില്‍ കിടന്നാണ് നാലാമത്തെ കുഞ്ഞിന് സിന്ധുതായി ജന്മം നല്‍കിയത്.

2

കല്ലുകൊണ്ടടിച്ച് പൊക്കിള്‍കൊടി മുറിക്കുകയായിരുന്നു. നാട്ടിലേക്ക് മടങ്ങിയെങ്കിലും സ്വന്തം അമ്മപോലും വാതില്‍ കൊട്ടിയടക്കുകയായിരുന്നു. ഒരുമ്പിട്ടിറങ്ങിയവളെന്ന് വിളിപ്പേരായി. തെരുവില്‍ പിച്ച തെണ്ടി. രാത്രി ശ്മശാനത്തില്‍ അന്തിയുറങ്ങി.അന്ത്യ കര്‍മ്മങ്ങള്‍ കഴിഞ്ഞ നിലത്ത് ചിതറിയ അരിമണി വിശപ്പ് മാറ്റി. തെരുവില്‍ തന്നെ പോലെ ആരുമില്ലാതായ മക്കളെയെല്ലാം പിന്നെ ഒപ്പം കൂട്ടി. അവര്‍ക്കെല്ലാം അമ്മയായി. മായി എന്നവര്‍ സ്‌നേഹത്തോടെ വിളിക്കുകയും ചെയ്തു. പണത്തിനായി പിച്ചതെണ്ടി പെടാപ്പാട് പെട്ടു. ചില സുമനസുകള്‍ സഹായിച്ചതോടെ ജീവിതത്തിന് തെളിച്ചമേറി.

3

അത്രയേറെ വേദനയിലും, അനിശ്ചിതത്വത്തിലും പക്ഷേ ജീവിതം അവസാനിപ്പിക്കാനും അവര്‍ തയ്യാറായിരുന്നില്ല. മരിക്കാന്‍ ഒരു നൂറു കാരണങ്ങള്‍ അവള്‍ക്ക് ഉണ്ടായിരുന്നെങ്കിലും, ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന തന്റെ കുഞ്ഞിന്റെ മുഖം കണ്ടപ്പോള്‍ അവള്‍ തീരുമാനിച്ചത്. 'ഞാന്‍ ജീവിക്കും.' ആ ഒരൊറ്റ കാരണം മതിയായിരുന്നു അവള്‍ക്ക് ഏത് കഷ്ടപ്പാടിലും പുഞ്ചിരിക്കാന്‍, എന്തിനെയും അതിജീവിക്കാന്‍... അവള്‍ ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും, അവളെ കാത്തിരുന്നത് ഒട്ടും സുഖകരമല്ലാത്ത കാര്യങ്ങളായിരുന്നു. അച്ഛനില്ലാത്ത ഒരു കുഞ്ഞുമായി ജീവിക്കുന്ന ഒരു സ്ത്രീയെ എങ്ങനെയാണ് ലോകം കാണുകയെന്നത് അവളെയും കുഞ്ഞിനെയും സമൂഹം ഒറ്റപ്പെടുത്തുമെന്ന കാര്യ്തില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ല. അവളെ കാണുമ്പോഴേ ആളുകള്‍ മുഖം തിരിക്കാന്‍ തുടങ്ങി. വിദ്യാഭ്യസമില്ലാത്ത, പണമില്ലാത്ത അവള്‍ എങ്ങനെ കുഞ്ഞിനെ പോറ്റും? ഒടുവില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷയെടുക്കാന്‍ തുടങ്ങി. പകല്‍ മുഴുവന്‍ കുഞ്ഞിനെയും കൊണ്ട് ഭിക്ഷയെടുത്തു രാത്രിയില്‍ കടത്തിണ്ണയിലോ, ശവപ്പറമ്പിലോ, തൊഴുത്തിലോ കിടന്നു നേരം വെളുപ്പിച്ചു.

4

വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനുശേഷം, അവര്‍ ചിക്കല്‍ധാരയില്‍ അനാഥര്‍ക്കായി ഒരു സ്ഥാപനം തുടങ്ങി. സ്ഥാപനത്തിനായി പണം സ്വരൂപിക്കാന്‍ അവര്‍ ഗ്രാമങ്ങള്‍തോറും, നഗരങ്ങള്‍തോറും സഞ്ചരിച്ചു. പലപ്പോഴും പണമില്ലാതെ പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക്. എന്നിട്ടും അവര്‍ അതില്‍ നിന്നും പിന്മാറിയില്ല. ഏകദേശം 1200 -ഓളം അനാഥരായ കുട്ടികളെ അവര്‍ ദത്തെടുക്കുകയും, വളര്‍ത്തുകയും ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങള്‍ അവരെ സ്‌നേഹപൂര്‍വ്വം 'മായ്' എന്ന് വിളിക്കുന്നു. അവരുടെ ദത്തെടുത്ത കുട്ടികളില്‍ പലരും ഇന്ന് അഭിഭാഷകരും ഡോക്ടര്‍മാരുമൊക്കെയാണ്. ഇപ്പോള്‍ അവരുടെ മകളും ദത്തെടുത്ത കുട്ടികളും സ്വന്തമായി അനാഥാലയങ്ങളും നടത്തുന്നുണ്ട്.

5

ഇന്ത്യയില്‍ അനാഥര്‍ക്കായി ആറ് സംഘടനകള്‍ അവരുടെ പേരില്‍ പ്രവര്‍ത്തിക്കുന്നു. അഭിമാന്‍ ബാല്‍ ഭവന്‍, മമത ഭായ് സദാന്‍, മായുടെ ആശ്രമം ചിക്കല്‍ധാര. അതുകൂടാതെ വിവിധ സാമൂഹിക പരിപാടികളില്‍ അവര്‍ പ്രഭാഷണങ്ങളും നടത്തുന്നു. അതില്‍നിന്ന് കിട്ടുന്ന പണം മുഴുവന്‍ മക്കളെ വളര്‍ത്താനാണ് അവര്‍ വിനിയോഗിക്കുന്നത്. സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2016, നാരി ശക്തി അവാര്‍ഡ് 2017 എന്നിവയുള്‍പ്പെടെ 500 ഓളം അവാര്‍ഡുകള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.ആ അമ്മയുടെ സ്‌നേഹത്തിനും അനുകമ്പയ്ക്കും ഒരു പരിധിയുമില്ല. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ ഭര്‍ത്താവ് മാപ്പ് പറഞ്ഞു മടങ്ങി വന്നപ്പോള്‍ പൂര്‍ണ്ണ മനസ്സോടെ ഭര്‍ത്താവിനെ സ്വീകരിക്കാന്‍ തയ്യാറായവരാണ് അവര്‍. മറ്റൊരാള്‍ക്ക് നന്മ ചെയ്യാന്‍ ഒരുപാട് പണമോ, സൗകര്യങ്ങളോ ഒന്നും വേണ്ട, പകരം മറ്റുള്ളവരുടെ വേദന കാണാന്‍ കഴിയുന്ന നല്ലൊരു ഹൃദയം മാത്രം മതിയെന്ന് സിന്ധുതായ് നമ്മെ ഓര്‍മിപ്പിക്കുന്നു.

6

ബാലമന്ദിരങ്ങള്‍ ഇന്ന് അഞ്ചുണ്ട്. ഡോക്ടര്‍മാരും,എഞ്ചിനീയര്‍മാരും അടക്കം മക്കളെല്ലാം നല്ലനിലയിലാവുന്നത് കണ്ട് അമ്മ സന്തോഷിച്ചതിന് അതിരില്ലായിരുന്നു. അന്ന് കാലിത്തൊഴുത്തില്‍ പിറന്ന മകള്‍ തന്നെയാണ് ബാലമന്ദിരങ്ങളിലൊന്ന് നോക്കി നടത്തുന്നത്. പണ്ട് തന്നെ ആട്ടിയിറക്കിയ ഭര്‍ത്താവ് എട്ട് വര്‍ഷം മുന്‍പ് മാപ്പിരന്ന് മുന്നില്‍ വന്ന് നിന്നു. ഭര്‍ത്താവായല്ല തന്റെ മൂത്തമകനായാണ് സിന്ധുതായ് അദ്ദേഹത്തെ ഒപ്പം കൂട്ടിയത്. ഒരുപക്ഷെ തന്നെ അന്നദ്ദേഹം തന്നെ ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ മക്കള്‍ക്കെല്ലാം ആരുണ്ടാകുമായിരുന്നെന്ന ചോദ്യമാണ് ഒരു ന്യായ വാദമായി അമ്മ പറയാറുണ്ടായിരുന്നു. സംഭവബഹുലമായ സിന്ധുതായുടെ ജീവിതകഥ 2010ല്‍ മറാത്തിയില്‍ സിനിമയുമായിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+