മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും: ഒരു മാസത്തിനിടെ ബിജെപിയെ പുല്‍കിയ കോണ്‍ഗ്രസുകാർ 25 ലേറെ
ഡല്‍ഹി: കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവുമായ പത്മജ വേണുഗോപാലിനെ സ്വന്തം പാളയത്തിലെത്തിച്ച് ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ് ബി ജെ പി. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു പത്മജ വേണുഗോപാലിന്റെ ബി ജെ പി പ്രവേശനം.
കേരളത്തില്‍ നിന്നും അടുത്തിടെ ബി ജെ പിയിലേക്ക് എത്തി ഏക പ്രമുഖ നേതാവ് പത്മജ വേണുഗോപാല്‍ ആണെങ്കിലും ദേശീയ തലത്തിലെ സ്ഥിതി അതല്ല. ലോക്സഭ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത് കൂടി കണക്കിലെടുത്ത് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ഉള്‍പ്പെടെ പ്രമുഖരായ നിരവധി പ്രമുഖ നേതാക്കളെയാണ് ബി ജെ പി കഴിഞ്ഞ 5 ആഴ്ചയ്ക്കിടെ പാർട്ടിയില്‍ എത്തിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ ബി ജെ പി പ്രവേശനം തികച്ചും അപ്രതീക്ഷിതമായിരുന്നു. അമരീന്ദർ സിംഗ്, ദിഗംബർ കാമത്ത്, എസ്എം കൃഷ്ണ, വിജയ് ബഹുഗുണ, എൻ കിരൺ റെഡ്ഡി, എൻ ഡി തിവാരി, ജഗദംബിക പാൽ, പേമ ഖണ്ഡു തുടങ്ങിയവർക്ക് പിന്നാലെ ബി ജെ പിയില്‍ എത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി അശോക് ചവാന്‍ മാറി. മഹാരാഷ്ട്ര പി സി സി വർക്കിങ് പ്രസിഡൻ്റ് ബസവരാജ് പാട്ടീലും ബി ജെ പിയിലെത്തി.
ഗുജറാത്തില്‍ നിന്നും എംപി ഉള്‍പ്പെടേയുള്ളവരാണ് ബി ജെ പിയിലെത്തിയത്. നരൻ റാഠ്വയാണ് പാർട്ടി വിട്ട എംപി. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച അരവിന്ദ് ലഡാനി, ചിരാഗ് പട്ടേൽ,സി ജെ ചാവ്ദ, മുൻ പ്രതിപക്ഷ നേതാവു കൂടിയായിരുന്ന അർജുൻ മോധ് വാദിയ എന്നിവരും ബി ജെ പിയിലെത്തി.
രാജസ്ഥാൻ എം എൽ എയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മഹേന്ദ്രജീത് സിങ് മാളവ്യ, ഉത്തർപ്രദേശ് പി സി സി വൈസ് പ്രസിഡന്റ് ഉപേന്ദ്ര സിങ്, അരുണാചല്‍ പ്രദേശിലെ മുൻ കേന്ദ്രമന്ത്രി നിനോങ് എറിങ്, വാങ്‌ലിങ് ലൊവാങ്ഡോങ് എം എല്‍ എ എന്നിവരും താമരപൂകി. മധ്യപ്രദേശിലെ പ്രമുഖ നേതാക്കളായ സുമേർ സിങ്, യോഗേന്ദ്ര സിങ്, ജബൽപൂർ മേയർ ജഗത് ബഹാദൂർ സിങും കോണ്‍ഗ്രസിനെ കൈവിട്ടു.
തമിഴ്നാട്ടില്‍ നിന്നും എം എല്‍ എ വിജയ ധരണി, ബിഹാർ എം എല്‍ എമാരായ മുരാരി പ്രസാദ്, സിദ്ധാർഥ് സൌരവ്, ജാർഖണ്ഡില്‍ നിന്നും ഗീത കോഡ എം എൽ എ എന്നിവരും കോണ്‍ഗ്രസിനോട് വിട പറഞ്ഞ് ബി ജെ പിയിലെത്തി. കോൺഗ്രസ് വക്താവ് കൌസ്തവ് ബഗ്ചി (ബംഗാൾ), നിഹാർ രഞ്ജൻ മൊഹന്ദ (മുൻ ബിഹാർ എംഎൽഎ), അശോക് വർമ, പ്രകാശ് രമോല, സുഭാഷ് വർമ (ഉത്തരാഖണ്ഡ് ) എന്നിവരും പാർട്ടി മാറി.












Click it and Unblock the Notifications