'പാകിസ്ഥാന് മറുപടി കൊടുക്കാന്‍ ഇന്ത്യ സുസജ്ജം'; നരേന്ദ്ര മോദിയെ കണ്ട് പ്രതിരോധ സെക്രട്ടറി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്. അതിര്‍ത്തിയില്‍ അസ്വാരസ്യങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഇന്ത്യ തിരിച്ചടിക്ക് സന്നദ്ധമാണ് എന്ന് പ്രതിരോധ സെക്രട്ടറി നരേന്ദ്ര മോദിയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പിടിഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്നലെ പ്രധാനമന്ത്രി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, മൂന്ന് സൈനിക മേധാവികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വ്യോമസേനാ മേധാവിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു.

ഇതിന് പിന്നാലെ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അറബിക്കടലിലെ നിര്‍ണായക സമുദ്രപാതകളെക്കുറിച്ച് മോദിയെ നാവികസേനാ മേധാവി അറിയിച്ചിട്ടുണ്ട്. അതേസമയം സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യമാണ് മോദി നല്‍കിയിരിക്കുന്നത്. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള പ്രതികരണത്തിന്റെ രീതി, ലക്ഷ്യങ്ങള്‍, സമയം എന്നിവ തീരുമാനിക്കാന്‍ മോദി കഴിഞ്ഞ ചൊവ്വാഴ്ച ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
ഇതില്‍ സായുധ സേനയ്ക്ക് പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യമാണ് പ്രധാനമന്ത്രി നല്‍കിയത്. ഭീകരതയ്ക്ക് കനത്ത പ്രഹരം നല്‍കും എന്നും അദ്ദേഹം വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി (സിസിഎസ്) യോഗം ചേര്‍ന്നിരുന്നു. ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികള്‍ക്കും അതിന് പിന്നിലെ ഗൂഢാലോചനക്കാര്‍ക്കും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സര്‍ക്കാര്‍ ഒരു സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഭീകരാക്രമണത്തിന്റെ പിന്നിലുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന്റെയും സാമ്പത്തിക വളര്‍ച്ചയിലേക്കും വികസനത്തിലേക്കുമുള്ള പുരോഗതിയുടെ പശ്ചാത്തലത്തിലാണ് ഈ ആക്രമണം എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാന് ശക്തമായ സന്ദേശം നല്‍കുന്നതിനായി സിന്ധു നദീജല കരാര്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം ഇന്ന് തകര്‍ത്തു. ഭൂഗര്‍ഭ ഒളിത്താവളമാണ് സൈന്യം തകര്‍ത്തത്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ആണ് ഒളിത്താവളം കണ്ടെത്തിയത്.
ഇവിടെ നിന്ന് അഞ്ച് സ്ഫോടക വസ്തുക്കള്‍, രണ്ട് വയര്‍ലെസ് സെറ്റുകള്‍, മൂന്ന് പുതപ്പുകള്‍ എന്നിവ കണ്ടെത്തി. കണ്ടെടുത്ത ഐഇഡികളില്‍ മൂന്നെണ്ണം ടിഫിന്‍ ബോക്സുകളിലും രണ്ടെണ്ണം സ്റ്റീല്‍ ബക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. താഴ്വരയിലുടനീളം അധികൃതര്‍ വലിയ തോതിലുള്ള ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. അതേസമയം പാകിസ്ഥാന്‍ സൈന്യം ഇന്നലെയും നിയന്ത്രണ രേഖയ്ക്ക് കുറുകെ പ്രകോപനമില്ലാതെ വെടിവയ്പ്പ് പുനരാരംഭിച്ചു.
പഹല്‍ഗാം ആക്രമണത്തിന് ശേഷം നിയന്ത്രണ രേഖയ്ക്ക് പുറത്ത് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടര്‍ച്ചയായ 11-ാം ദിവസമാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ജമ്മു കാശ്മീരിലുണ്ടായ ഏറ്റവും മാരകമായ ഭീകരാക്രമണമാണിത്. അതിനിടെ ഇന്ത്യ എല്ലാ പാകിസ്ഥാനികളുടെയും വിസ റദ്ദാക്കുകയും ഇന്ത്യയില്‍ താമസിക്കുന്നവരോട് ഉടന്‍ മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.
1960 ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവച്ച സിന്ധു നദീജല കരാറും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പഹല്‍ഗാം ശൈലിയിലുള്ള ആക്രമണം ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ സേന രഹസ്യാന്വേഷണ ശേഖരണവും കര പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിരിക്കുകയാണ്. അതേസമയം യുദ്ധം വന്നാല്‍ ആണവായുധം അടക്കം പ്രയോഗിക്കും എന്നാണ് പാകിസ്താന്റെ മുന്നറിയിപ്പ്.












Click it and Unblock the Notifications