ഇന്ത്യന്‍ വ്യോമമേഖല അടച്ചു, പാകിസ്ഥാനി വിമാനങ്ങള്‍ക്കിനി പ്രവേശനമില്ല..!
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ നടപടി കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാന്‍ ഉടമസ്ഥതയിലുള്ളതും സര്‍വീസ് നടത്തുന്നതുമായ എല്ലാ വിമാനങ്ങള്‍ക്കും വ്യോമാതിര്‍ത്തി അടച്ചിടും എന്ന് ഇന്ത്യ വ്യക്തമാക്കി. യാത്ര, സൈനിക വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ല എന്ന് ന്യൂഡല്‍ഹി വ്യക്തമാക്കി. അതേസമയം പാകിസ്ഥാന്‍ വഴിയെത്തുന്ന വിദേശ സര്‍വീസുകള്‍ക്ക് തടസമുണ്ടാകില്ല.
ഏപ്രില്‍ 30 മുതല്‍ മെയ് 23 വരെ വ്യോമാതിര്‍ത്തി അടച്ചിടല്‍ പ്രാബല്യത്തില്‍ ഉണ്ടാകും. ഇന്ത്യ ഔദ്യോഗികമായി വ്യോമാതിര്‍ത്തി നിയന്ത്രിക്കുന്നതോടെ, ക്വാലാലംപൂര്‍ പോലുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താന്‍ പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും സര്‍വീസ് നടത്തുന്നതുമായ എല്ലാ വിമാനങ്ങള്‍ക്കും പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചിടാന്‍ ഇസ്ലാമാബാദ് തീരുമാനിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ മരവിപ്പിക്കുക, ഹൈക്കമ്മീഷണര്‍മാരെ പിരിച്ചുവിടുക എന്നീ നടപടികള്‍ ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്റെ പ്രതികരണം.
ഏപ്രില്‍ 22-നായിരുന്നു പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ഇതില്‍ 25 ഇന്ത്യക്കാര്‍ക്കം അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിനുള്ള മറുപടിയെന്നോണമാണ് സിന്ധു നദീജല കരാര്‍ മരവിപ്പിക്കല്‍ പോലുള്ള നിര്‍ണായക നടപടികളിലേക്ക് ഇന്ത്യ കടന്നത്. ഇത് കൂടാതെ നിരവധി പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകളും ഇന്ത്യയില്‍ നിരോധിച്ചിരുന്നു. അതിനിടെ നിരവധി പാകിസ്ഥാന്‍ അഭിനേതാക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്ത്യയില്‍ അപ്രത്യക്ഷമായി.
ഹാനിയ ആമിര്‍, മഹിര ഖാന്‍ എന്നിവരുള്‍പ്പെടെ നിരവധി പാകിസ്ഥാന്‍ അഭിനേതാക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഇനി ലഭ്യമായിരിക്കല്ല. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ത്ഥന പാലിച്ചതിനാല്‍ ഈ അക്കൗണ്ടുകള്‍ ഇനി ലഭ്യമായിരിക്കില്ല എന്നാണ് ഇന്‍സ്റ്റാഗ്രാമിന്റെ വിശദീകരണം. അലി സഫര്‍, സനം സയീദ്, ബിലാല്‍ അബ്ബാസ്, ഇഖ്റ അസീസ്, ഇമ്രാന്‍ അബ്ബാസ്, സജല്‍ അലി എന്നിവരുടെ അക്കൗണ്ടുകളും ലഭ്യമല്ല.
ഡോണ്‍ ന്യൂസ്, സമ ടിവി, എആര്‍വൈ ന്യൂസ്, ജിയോ ന്യൂസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിക്കാന്‍ രണ്ട് ദിവസം മുമ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. അതിനിടെ പഹല്‍ഗാം ആക്രമണത്തില്‍ മറുപടി കൊടുക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ് എന്നാണ് വിവരം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ വിദേശകാര്യമന്ത്രിയും കരസേന മേധാവിയും എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.












Click it and Unblock the Notifications