പഹല്‍ഗാം: തീവ്രവാദികള്‍ മതം ചോദിച്ചല്ല ആക്രമണം നടത്തിയത്; വിവാദമായി കർണ്ണാടക മന്ത്രിയുടെ പ്രസ്താവന
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ മതം ചോദിച്ചായിരിക്കില്ല ആക്രണം നടത്തിയതെന്ന കർണ്ണാട മന്ത്രിയുടെ അവകാശവാദം വിവാദമാകുന്നു. കൊലയാളികൾ വെടിവയ്ക്കുന്നതിന് മുമ്പ് അവരുടെ മതം ചോദിച്ചതായി ഞാന്‍ കരുതുന്നില്ലെന്നെന്നാണ് മന്ത്രി ആർ ബി തിമ്മാപൂർ പറഞ്ഞത്. 'വെടിവയ്ക്കുന്ന ഒരാൾ ജാതിയോ മതമോ ചോദിക്കുമോ? അയാൾ വെടിവെച്ചിട്ട് പോകും. പ്രായോഗികമായി ചിന്തിക്കുക. അയാൾ അവിടെ നിൽക്കുകയോ ചോദിക്കുകയോ വെടിവയ്ക്കുകയോ ചെയ്യില്ല' മന്ത്രി പറഞ്ഞു.
ഹീനമായ ഈ ആക്രമണത്തിൽ രാജ്യം അസ്വസ്ഥമാണെന്നും ഇതിനെ മതപരമായ പ്രശ്നമായി ചിത്രീകരിക്കാൻ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്. ഭീകരാക്രമണം നടത്തുമ്പോൾ അവർ മതത്തെക്കുറിച്ച് ചോദിച്ചിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ, മതത്തെ അടിസ്ഥാനമാക്കി വിഷയം രാഷ്ട്രീയവൽക്കരിക്കാൻ അത്തരമൊരു പ്രസ്താവന ഉപയോഗിക്കുന്ന ഭ്രാന്ത് ഉണ്ടാകരുതെന്നും ആർ ബി തിമ്മാപൂർ വ്യക്തമാക്കി.

മന്ത്രിയുടെ പരാമർശത്തിനെതിരെ ബി ജെ പി വക്താവ് സിആർ കേശവൻ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നു. 'കർണാടകയിലെ കോൺഗ്രസ് മന്ത്രിയായ തിമ്മാപൂരിന്റെ ക്രൂരവും ദുഷ്ടവുമായ പരാമർശങ്ങൾ ദുഃഖിതരായ കുടുംബങ്ങളുടെ സമഗ്രതയെ അപമാനിക്കുകയും പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയോടെ നടന്ന ഇസ്ലാമിക ഭീകരാക്രമണത്തിൽ കൂട്ടക്കൊല ചെയ്യപ്പെട്ട ഇരകളുടെ ധീരമായ ത്യാഗത്തെ അപമാനിക്കുകയും ചെയ്യുന്നത്. രാജ്യം ദുഃഖം ആചരിക്കുന്ന ഈ മണിക്കൂറിൽ പോലും, മത പ്രീണനത്തിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റേയും ആത്മാവും മനസ്സാക്ഷിയും പണയംവച്ച വർഗീയ കച്ചവടം നടത്തുകയാണ് കോണ്‍ഗ്രസ്' കേശവൻ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ പാകിസ്ഥാനുമായി ഒരു യുദ്ധത്തിന് തയ്യാറാകുന്നതില്‍ തനിക്ക് അനുകൂല നിലപാട് അല്ല ഉള്ളതെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കഴിഞ്ഞ ദിവസത്തെ പരാമർശത്തിനെതിരെ വലിയ വിമർശനം ഉയരുന്നതിന് ഇടയിലാണ് ആർ ബി തിമ്മാപൂരിന്റെ പ്രസ്താവന.
ബൈസാരൻ വാലിയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക പോണി റൈഡ് ഓപ്പറേറ്ററുമായിരുന്ന കൊല്ലപ്പെട്ടത്. തീവ്രവാദികൾ ഇരകളോട് അവരുടെ മതം ചോദിക്കുകയും ഹിന്ദുക്കളാണെന്ന് സ്ഥിരീകരിച്ചവരെ വെടിവെച്ച് കൊല്ലുകയും ചെയ്യുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ട ആളുകള്‍ വ്യക്തമാക്കിയത്.
അതേസമയം, പഹൽ ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖമുണ്ടാക്കിയെന്നും ഉത്തരവാദികളായവർക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഭീകരാക്രമണം പാകിസ്ഥാന്‍റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. കാശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയതെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications