പഹല്‍ഗാം ഭീകരാക്രമണം: സ്ഥിതിഗതികള്‍ വഷളാക്കരുതെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും യുഎന്‍
ജനീവ: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ തിരിച്ചടിക്കാണ് ഇന്ത്യ ഒരുങ്ങുന്നത്. നയതന്ത്ര തലത്തില്‍ തിരിച്ചടി നല്‍കാനുള്ള നടപടികള്‍ ഇന്ത്യ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. യുദ്ധസമാനമായ സാഹചര്യമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്നത്. ഇന്ത്യയുടെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ പാകിസ്ഥാനും ആരംഭിച്ചുകഴിഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതോടെ ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന ജാഗ്രതയിലാണ് ഇന്ത്യ. ഒരു ബിഎസ്എഫ് ജവാനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിര്‍ത്തികളില്‍ പലയിടത്തും ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്. പാകിസ്ഥാന്‍ സൈന്യം പ്രകോപനം സൃഷ്ടിക്കുന്നുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

പഹല്‍ഗാമില്‍ നിരപരാധികളുടെ ജീവനെടുത്ത ഭീകരര്‍ക്കായി തിരച്ചിലും ഇന്ത്യ ഊര്‍ജിതമാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ പരോക്ഷ പിന്തുണയോടെയാണ് തീവ്രവാദ സംഘടനകള്‍ കൂട്ടക്കുരുതി നടപ്പാക്കിയതെന്ന നിഗമനത്തിലാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍.
അതിനിടെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം സമാധാനപരമായി പരിഹരിക്കണമെന്ന ആഹ്വാനവുമായി ഐക്യരാഷ്ട്ര സഭ രംഗത്തുവന്നു. ഐക്യരാഷ്ട്ര സഭാ വക്താവ് സ്റ്റെഫാന്‍ ഡുജാറിക്കാണ് ഇരു രാജ്യങ്ങളോടും സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.
ഭീകരാക്രമണത്തെ യുഎന്‍ വക്താവ് ശക്തമായി അപലപിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പരസ്പരമുള്ള ചര്‍ച്ചകളിലൂടെയും ഇടപെടലിലൂടെയും സമാധാനപരമായി പരിഹരിക്കണമെന്ന് സ്റ്റെഫാന്‍ ഡുജാറിക് ആവശ്യപ്പെട്ടു. പാകിസ്ഥാന്‍, ഇന്ത്യ സര്‍ക്കാരുകള്‍ പരമാവധി സംയമനം പാലിക്കണം. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നില്ലെന്ന് ഇരു രാജ്യങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
2019 ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മു കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാം ആക്രമണം. ആക്രമണത്തെത്തുടര്‍ന്ന് സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടികളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. ഏപ്രില്‍ 27 നകം ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാന്‍ പൗരന്മാരോടും രാജ്യം വിട്ടുപോകാനും ഉത്തരവിട്ടിട്ടുണ്ട്. പാകിസ്ഥാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യയുടെ നടപടികള്‍ക്ക് മറുപടി നല്‍കാന്‍ പാകിസ്ഥാനും നീക്കങ്ങള്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വ്യോമാതിര്‍ത്തി അടച്ചുപൂട്ടുകയും ന്യൂഡല്‍ഹിയുമായുള്ള വ്യാപാരം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതോടെ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും വിമാന സര്‍വീസുകളുടെ റൂട്ടുകളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ ലോകരാജ്യങ്ങളും ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications