'വഞ്ചിക്കപ്പെട്ടു, ഉദ്ധവ് വീണ്ടും മുഖ്യമന്ത്രിയാകുന്നത് വരെ വേദന മാറില്ല': സ്വാമി അവിമുക്തേശ്വരാനന്ദ
മുംബൈ: ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെ വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത് വരെ തന്റെ വേദനയ്ക്ക് ശമനമുണ്ടാകില്ലെന്ന് ജ്യോതിര്‍മഠത്തിലെ 46-ാമത് ശങ്കരാചാര്യന്‍ സ്വാമി അവിമുക്തേശ്വരാനന്ദ. തിങ്കളാഴ്ച ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വസതിയായ 'മാതോശ്രീ' സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഞങ്ങള്‍ ഹിന്ദു മതത്തിന്റെ അനുയായികളാണ്, പാപത്തിലും പുണ്യത്തിലും വിശ്വസിക്കുന്നു. വഞ്ചനയാണ് ഏറ്റവും വലിയ പാപം. ഉദ്ധവ് താക്കറെ വഞ്ചിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് നേരിടേണ്ടി വന്ന വഞ്ചനയില്‍ ഞങ്ങളെല്ലാവരും വേദനിച്ചെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത് വരെ ഞങ്ങളുടെ വേദനയ്ക്ക് ശമനമുണ്ടാകില്ല,' അവിമുക്തേശ്വരാനന്ദ പറഞ്ഞു.

വഞ്ചന നടത്തുന്ന ഒരാള്‍ക്ക് ഹിന്ദുവായിരിക്കാന്‍ കഴിയില്ല എന്നും മഹാരാഷ്ട്രയിലെ ജനങ്ങള്‍ വഞ്ചനയില്‍ വേദനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അത് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യക്തമാണ് എന്നും അവിമുക്തേശ്വരാനന്ദ കൂട്ടിച്ചേര്‍ത്തു. ഇത് തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കുന്ന ജനങ്ങളോടുള്ള അനാദരവ് കൂടിയാണ്. ഒരു സര്‍ക്കാരിനെ അതിന്റെ ഭരണകാലത്തിനിടയില്‍ തകര്‍ക്കുന്നതും പൊതു ജനവിധിയെ അവഹേളിക്കുന്നതും തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും 40-ലധികം ശിവസേന എംഎല്‍എമാരും കൂറുമാറിയതോടെയാണ് എന്‍സിപിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാ വികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്. ഷിന്‍ഡെ പിന്നീട് ബിജെപിയുമായി കൈകോര്‍ത്ത് മുഖ്യമന്ത്രിയായി. ശിവസേനയുടെ ഷിന്‍ഡെ വിഭാഗത്തിനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിയുടെ വില്ലും അമ്പും ചിഹ്നം അനുവദിച്ചത്.
അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'അദ്ദേഹം എന്റെ അടുത്ത് വന്ന് പ്രണാമം ചെയ്തു. ഞങ്ങളുടെ അടുക്കല്‍ വരുന്നവരെ അനുഗ്രഹിക്കണം എന്നത് ഒരു നിയമമാണ്. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ അനുഗ്രഹിച്ചു, ഞങ്ങള്‍ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളല്ല, അദ്ദേഹം തെറ്റ് ചെയ്താല്‍ ഞങ്ങള്‍ അത് ചൂണ്ടിക്കാണിക്കുന്നു,' ്അദ്ദേഹം പറഞ്ഞു.
ജൂലൈ 12 ന് മുംബൈയില്‍ നടന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ ദ്വാരക പീഠത്തിലെ ശങ്കരാചാര്യ സ്വാമി സദാനന്ദ സരസ്വതിക്കൊപ്പം സ്വാമി അവിമുക്തേശ്വരാനന്ദ പങ്കെടുത്തിരുന്നു. നേരത്തെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. രാഹുലിന്റെ പ്രസംഗം ഹിന്ദു വിരുദ്ധമല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.












Click it and Unblock the Notifications