ബോട്ടില്‍ തീവ്രവാദികളെത്തിയത് മുംബൈ മോഡല്‍ ഭീകരാക്രമണത്തിന്
ദില്ലി: ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി ഗുജറാത്ത് തീരം ഇന്ത്യയിലേക്ക് കടക്കാനെത്തിയ പാക് തീവ്രവാദികള്‍ ലക്ഷ്യം വെച്ചത് മുംബൈ മോഡല്‍ ഭീകരാക്രമണത്തിനെന്ന് റിപ്പോര്‍ട്ട്. പുതുവര്‍ഷദിനത്തില്‍ ഗോവയില്‍ ആഘോഷത്തിനെത്തുന്നവരായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 31ന് അര്‍ദ്ധരാത്രിക്കുശേഷമായിരുന്നു തീരസംരക്ഷണ സേനയുടെ കണ്ണുവെട്ടിച്ച് ഭീകരര്‍ ഇന്ത്യന്‍ തീരം ലക്ഷ്യമിട്ടത്.

എന്നാല്‍ ഗുജറാത്തിലെ പോര്‍ബന്തറില്‍വെച്ച് ഇന്ത്യന്‍ തീരസംരക്ഷണ സേനയെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ച ബോട്ടിനെ ഒരു മണിക്കൂറോളം പിന്തുടര്‍ന്നശേഷം കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ക്കുകയായിരുന്നു. വേഗം കൂട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സേന ആക്രമണം ശക്തിയാക്കിയതോടെ ബോട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. വന്‍ സ്‌ഫോടക ശേഖരവും ആയുധങ്ങളും ബോട്ടിലുണ്ടായിരുന്നതായാണ് വിവരം.

നാലുപേരായിരുന്നു ബോട്ടിലെ യാത്രക്കാര്‍. ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോസ്റ്റ് ഗാര്‍ഡ്. പുതുവത്സരം പ്രമാണിച്ച് ഇന്ത്യന്‍ നഗരങ്ങളില്‍ തീവ്രവാദി ആക്രമണമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ സേന ശക്തമായ നിരീക്ഷണമാണ് തീരത്ത് നടത്തിക്കൊണ്ടിരുന്നത്.

പാക്കിസ്ഥാനിലെ കറാച്ചിയില്‍നിന്നുമെത്തിയ ലഷ്‌കര്‍ ഭീകരര്‍ തന്നെയാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. 2008 നവംബര്‍ 26ന് മുംബൈയില്‍ ആക്രമണം നടത്തിയ അജ്മല്‍ കസബും കൂട്ടരും ഇന്ത്യയിലെത്തിയത് മത്സബന്ധന ബോട്ടുവഴിയായിരുന്നു. മുംബൈയില്‍ പലയിടങ്ങളിലായി ഇവര്‍ നടത്തിയ ആക്രമണത്തില്‍ 164 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.












Click it and Unblock the Notifications