അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യയില്‍ വച്ച് കൂടിക്കാഴ്ച നടത്താനിരിക്കെ ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയ്ക്കടുത്ത് പാക് സൈന്യത്തിന്റെ വെടിവെപ്പ്. സംഭവത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടോടുകൂടിയാണ് പാക്കിസ്ഥാന്‍ കരാര്‍ ലംഘിച്ച് വെടിവെച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തരകശ്മീരിലെ ബാരാമുള്ള മേഖലയിലെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ബിഎസ്എഫ് കോണ്‍സ്ട്രബിള്‍ കൃഷ്ണ കുമാര്‍ ദുബെയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വലതുകണ്‍ തുളച്ച് ബുള്ളറ്റ് കടന്നുപോയതാണ് മരണകാരണമായത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചുവെടിവെച്ചതായി റിപ്പോര്‍ട്ടുണ്ട്.

പാക് സൈന്യം മനപൂര്‍വം പ്രകോപനം സൃഷ്ടിക്കാനായി നിയന്ത്രണ രേഖയുടെ പല ഭാഗത്തും വെടിവെപ്പു നടത്തുന്നത് പതിവാണ്. കഴിഞ്ഞദിവസം ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സൈനിക സംഘത്തിനു നേരെയും ആക്രമണം ഉണ്ടായി. ഇതേ തുര്‍ന്ന് ഒരു ജാവാന് പരിക്കേറ്റിരുന്നു.
ജൂലൈ അഞ്ചിന് നൗഗാം സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റിനു നേരെയും പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തിരുന്നു. പാക്കിസ്ഥാന് ശക്തമായി തിരിച്ചടി നല്‍കാനാണ് സൈന്യത്തിന്റെ നിര്‍ദ്ദേശം. ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.












Click it and Unblock the Notifications