പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം; പള്ളിക്കു മുന്നില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു; 69 മരണം
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു. 169 പേര്‍ക്കോളം പരിക്കേറ്റു. തിരക്കേറിയ സമയത്ത് ദര്‍ഗയ്ക്കു മുന്നില്‍ അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില അതീവ ഗുരുതരമാണ്.
നഗരത്തിലെ ഷെഹ്സാദ് ടൗണ്‍ പ്രദേശത്തുള്ള തര്‍ലൈ ഇമാംബര്‍ഗയിലാണ് സ്ഫോടനം നടന്നത്. പാകിസ്ഥാന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്. ഷിയാ ആരാധനാലയത്തിന്റെ ഗേറ്റിനുള്ളിലെത്തിയ ചാവേര്‍ ആദ്യം വെടിവയ്പ്പ് നടത്തിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവേശന കവാടത്തില്‍ തടഞ്ഞെങ്കിലും ഇയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രവേശന കവാടത്തിനടുത്ത് നിന്നിരുന്ന നിരവധി പേര്‍ കൊല്ലപ്പെട്ടു.

സ്‌ഫോടനത്തിനു ശേഷമുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തകര്‍ന്ന ഗേറ്റും സമീപത്തെ കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നതായും കാണാം. റോഡില്‍ കൈകാലുകള്‍ വേര്‍പെട്ട നിലയില്‍ നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നത് വീഡിയോകളില്‍ കാണാം. സ്‌ഫോടനത്തില്‍ പള്ളിക്ക് കനത്ത നാശമുണ്ടായിട്ടുണ്ട്.
സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രദേശം സുരക്ഷാ സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. പ്രദേശത്ത് ഇസ്ലാമാബാദ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമാബാദിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ജാഗ്രത ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ആക്രമണത്തെ അപലപിച്ചു.












Click it and Unblock the Notifications