പാകിസ്താന്‍ അധികകാലം ഉണ്ടാകില്ലെന്ന് ആര്‍എസ്എസ് നേതാവ്!
ദില്ലി: അയല്‍രാജ്യമായ പാകിസ്താന്‍ അധികകാലം ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് ആര്‍ എസ് എസ് നേതാവ് ദത്താത്രേയ ഹൊസബലെ. ഇന്ത്യയും പാകിസ്താനും തമ്മില്‍ സമീപകാലത്ത് ഒരു യുദ്ധമുണ്ടാകുമെന്നും അങ്ങനെ പാകിസ്താന്‍ ഇല്ലാതായിപ്പോകും എന്നൊന്നുമല്ല അദ്ദേഹം പറയുന്നത് എന്ന് മാത്രം. ആഭ്യന്തര പ്രശ്‌നങ്ങളും സാമ്പത്തിക പരാധീനതകളും നിമിത്തം പാകിസ്താന്‍ സ്വയമേവ ഇല്ലാതാകും എന്നാണ് ഹൊസബലെ കരുതുന്നത്.
പാകിസ്താന്‍ എന്നത് ഒരു രാജ്യമല്ല. ഒരു മാനസികാവസ്ഥയാണ്. ഇന്ത്യ പോളിസി ഫൗണ്ടേഷന്‍ ത്രൈമാസിക പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ എസ് എസ് ജോയിന്റ് സെക്രട്ടറിയായ ദത്താത്രേയ ഹൊസബലെ. ഇന്ത്യയെ ശത്രുക്കളായി മാത്രം കാണുന്ന രാജ്യമാണ് പാകിസ്താന്‍. ഈ ഒരു ചിന്താഗതിയില്‍ നിന്നുകൊണ്ടുള്ള നയങ്ങളും തീരുമാനങ്ങളുമാണ് പാകിസ്താന്‍ എപ്പോഴും രൂപീകരിക്കുന്നത്.

1980 - 85 കാലത്ത് യു എസ് എസ് ആര്‍ വാച്ച് എന്നൊരു ജേര്‍ണല്‍ ഇറങ്ങി. യു എസ് എസ് ആര്‍ അധികകാലം ഉണ്ടാകില്ല എന്നായിരുന്നു അതില്‍ പറഞ്ഞത്. പറഞ്ഞത് പോലെ തന്നെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ യു എസ് എസ് ആര്‍ പിളര്‍ന്നു. ഇത് തന്നെയാണ് പാകിസ്താനെയും കാത്തിരിക്കുന്ന വിധി. പല വട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും ഇന്ത്യ - പാക് ബന്ധം ഒട്ടും മുന്നോട്ട് പോയിട്ടില്ല എന്ന അഭിപ്രായവും ഹൊസബലെ മുന്നോട്ട് വെച്ചു.
ആര്‍ എസ് എസ് ഓള്‍ ഇന്ത്യ പ്രചാര പ്രമുഖ് മന്‍മോഹന്‍ വൈദ്യയും പരിപാടിയില്‍ സന്നിഹിതനായിരുന്നു. ഹൊസബലെയും വൈദ്യയും ഐ പി എഫിന്റെ ട്രസ്റ്റികളാണ്. ആര്‍ എസ് എസ് വെറ്ററന്‍ നേതാവായ രാകേഷ് സിന്‍ഹയാണ് ജേര്‍ണലിന്റെ എഡിറ്റര്‍. പാകിസ്താന് സൈന്യത്തിന്റെ ഭാഷ മാത്രമേ മനസിലാകൂ എന്നായിരുന്നു ചടങ്ങില്‍ സംസാരിച്ച റിട്ട. മേജര്‍ ജനറല്‍ ജി ഡി ബക്ഷിയുടെ അഭിപ്രായം.












Click it and Unblock the Notifications