പാകിസ്താനില്‍ പെട്രോള്‍ വില 80 രൂപ!! ഇന്ത്യയില്‍ എന്തുകൊണ്ട് ഉയര്‍ന്നു നില്‍ക്കുന്നു? ഇതാണ് കാരണം
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 68 ഡോളറാണ്. ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില പല നഗരങ്ങളിലും നേരിയ വ്യത്യാസമുണ്ടാകും. എങ്കിലും പെട്രോള്‍ ലിറ്ററിന് ശരാശരി വില 102 രൂപയാണ്. കേരളത്തില്‍ 105 രൂപ ഈടാക്കുന്ന ജില്ലകളുമുണ്ട്. മുംബൈ നഗരത്തില്‍ ഇന്നത്തെ പെട്രോള്‍ വില 103 രൂപയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിയ വില വര്‍ധനവ് വരുന്ന വേളയില്‍ തന്നെ സമരങ്ങളാല്‍ നിറയുമായിരുന്നു തെരുവുകള്‍. എന്നാല്‍ ക്രമേണ വില കൂടി പെട്രോള്‍ ലിറ്ററിന് 100 രൂപ കടന്നിട്ടും ഇപ്പോള്‍ പ്രതിഷേധങ്ങളില്ല. വളരെ രസകരമായ കാര്യം, അമേരിക്കയിലും പാകിസ്താനിലുമെല്ലാം ഇന്ത്യയിലേക്കാള്‍ പെട്രോളിന് 21 രൂപ കുറവാണത്രെ. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് നല്‍കിയ വാര്‍ത്തയിലാണ് ഇക്കാര്യമുള്ളത്.

ഇന്ത്യയേക്കാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള രാജ്യമാണ് പാകിസ്താന്‍. അവിടെയുള്ള പെട്രോള്‍ വില ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ വളരെ കുറഞ്ഞ നിരക്കേ വരുന്നുള്ളൂ. ഇന്ത്യയിലേയും പാകിസ്താനിലേയും അമേരിക്കയിലേയും വിലകള്‍ സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പ്രചരിക്കുന്നുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.
പാകിസ്താനിലെയും അമേരിക്കയിലെയും വില
അമേരിക്കയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.4 രൂപയും പാകിസ്താനില്‍ 80.4 രൂപയുമാണ് വില. ചൈനയില്‍ 94.5 രൂപയും ബംഗ്ലാദേശില്‍ 85 രൂപയുമാണ് വില എന്നും വാര്‍ത്തയില്‍ പറയുന്നു. ഭൂട്ടാനില്‍ പെട്രോള്‍ ലിറ്റളിന് 58.8 രൂപയേ ഉള്ളൂവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഇന്‍ഫോഗ്രാഫിക്‌സ് ഡാറ്റയില്‍ വ്യക്തമാക്കുന്നു എന്നും വാര്‍ത്തയിലുണ്ട്. ലിബിയ, ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ പെട്രോളിന് രണ്ടര രൂപയേ ഉള്ളൂ.
എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഇത്രയും ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയാണ് ഒരു കാരണം. ഇന്ത്യയില്‍ ഇന്ധന നികുതി ഉയര്‍ന്നതാണ്. കേന്ദ്രത്തിന്റെ എക്‌സൈസ് നികുതി, സംസ്ഥാനങ്ങളുടെ വാറ്റ് അല്ലെങ്കില്‍ വില്‍പ്പന നികുതി, കൂടാതെ ഡീലര്‍മാരുടെ കമ്മീഷന്‍ എന്നിവ പെട്രോളിന്‍മേല്‍ ഈടാക്കുന്നു.
അതുകൊണ്ടുതന്നെ ആഗോള വിപണിയില്‍ എണ്ണവില വലിയ തോതില്‍ കുറഞ്ഞാലും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കുറയാന്‍ സാധ്യത വളരെ കുറവാണ്. നേരത്തെ ആഗോള വിപണിയില്‍ വില കുറഞ്ഞ വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതിയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില പുതുക്കി നിശ്ചയിക്കുകയാണ് ഇന്ത്യയിലെ പതിവ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് എണ്ണ കമ്പനികളാണ്.
ഇന്ത്യ ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അതേസമയം, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന അളവ് കൂടുതലാണ്. ഇന്ത്യയും ആഭ്യന്തര ഉല്‍പ്പാദനത്തിന് പ്രോല്‍സാഹനം നല്‍കി വരുന്നുണ്ട്. ഇറാനും ലിബിയയുമെല്ലാം പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളായതിനാലാണ് അവിടെ കുറഞ്ഞ നിരക്കില്‍ പെട്രോള്‍ വാങ്ങാന്‍ സാധിക്കുന്നത്.












Click it and Unblock the Notifications