പുല്‍വാമ ആക്രമണം; ഇന്ത്യന്‍ പട്ടികയിലെ 22 കേന്ദ്രങ്ങളില്‍ ഭീകര ക്യാംപുകള്‍ ഇല്ലെന്ന് പാകിസ്താന്
ഇസ്ലാമാബാദ്: ഇന്ത്യ കൈമാറിയ 22 കേന്ദ്രങ്ങളില്‍ തീവ്രവാദ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പാകിസ്താന്. പുല്‍വാമ ആക്രമണവുമായി ബന്ധമുണ്ടെന്ന് കാണിച്ച് നല്കിയ പ്രാഥമിക പട്ടികയിലെ 54 പേര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും പാകിസ്താന് അറിയിച്ചു. വേണമെങ്കില്‍ ഈ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ഇന്ത്യയെ അനുവദിക്കുമെന്നും പാകിസ്താന് വിദേശമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
''ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താൻ ഈ കാവൽക്കാരന് ചങ്കുറപ്പുണ്ടായിരുന്നു''
അതേസമയം, ഇന്ത്യ കൈമാറിയ 54 പേരുടെ പട്ടികയില്‍ നടത്തിയ അന്വേഷണത്തില്‍ അവര്‍ക്കാര്‍ക്കും ആക്രമണവുമായുള്ള ബന്ധത്തെ കുറിച്ച് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയിലുണ്ട്. കൂടാതെ 22 കേന്ദ്രങ്ങളില്‍ തീവ്രവാദ ക്യാംപുകളൊന്നുമില്ല. ഈ സ്ഥലങ്ങളില്‍ ഇന്ത്യക്ക് വേണമെങ്കില്‍ നേരിട്ട് പോയി അന്വേഷിക്കാനുള്ള അനുവാദം തരാന്‍ പാകിസ്താന് തയ്യാറാണെന്നും വിദേശ മന്ത്രാലയം പറയുന്നു.
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അന്വേഷണത്തിന്റെ പ്രാഥമിക നിഗമനങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ഒരു കൂട്ടം ചോദ്യങ്ങള്‍ക്കൊപ്പം പാകിസ്താന് ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. അതോടൊപ്പം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇസ്ലാമാബാദില് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ് ഇ മുഹമ്മദാണെന്ന് കാണിച്ച് തെളിവുകള്‍ ഫെബ്രുവരി 27ന് ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു.
ഈ തെളിവുകളടങ്ങിയ ഫയല്‍ ലഭിച്ച ഉടനെ തന്നെ പാകിസ്താന് ഒരു അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചെന്നും വിദേശ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യ നല്കിയ 91 പേജുകളും 6 ഭാഗങ്ങളുമുള്ള ഫയലില്‍ 2 ഭാഗങ്ങളില്‍ മാത്രമേ പുല്‍വാമ ആക്രമണത്തെ കുറിച്ച് പറയുന്നുള്ളൂ. മറ്റു ഭാഗങ്ങളിലെല്ലാം പൊതുവായ ആരോപണങ്ങള്‍ മാത്രമാണ്. പുല്‍വാമ ആക്രമണത്തെ കുറിച്ചുള്ള ഭാഗങ്ങളില്‍ മാത്രമേ പാകിസ്താന് അന്വേഷണം നടത്തിയിട്ടുള്ളൂ.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
ആക്രമണം നടത്തിയ ആദില്‍ ദാറിന്റെ കുറ്റസമ്മത വീഡിയോ അടക്കം അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ നല്കിയ എല്ലാ തെളിവുകളിലും കൃത്യമായ അന്വേഷണം നടത്തിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുല്‍വാമ ആക്രമണത്തെ കുറിച്ചുള്ള വീഡിയോകളും മെസേജുകളും പങ്കുവെച്ച വാട്സ്ആപ്പ്, ടെലിഗ്രാം അക്കൗണ്ടുകളിലും അന്വേഷണം നടത്തിയിട്ടുണ്ട്. സംശയമുള്ള 90 പേരും നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും 22 കേന്ദ്രങ്ങള്‍ അംഗീകൃതമല്ലാത്ത ട്രെയിനിംഗ് കേന്ദ്രങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ കൈമാറിയ ജിഎസ്എം നമ്പറുകളെ കുറിച്ചും അന്വേഷണം നടത്തിയിട്ടുണ്ട്. വാട്സ് ആപ്പില്‍ നിന്നും വിവരം ശേഖരിക്കാനായി യുഎസ് സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇന്ത്യ കൈമാറിയ തെളിവുകള്‍ മുന്നോട്ടുള്ള അന്വേഷണത്തിന് ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.