Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും പാക് പ്രകോപനം; ജമ്മുവിലെ സാംബയില്‍ ഡ്രോണ്‍ ആക്രമണ ശ്രമം; പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സമാധാനത്തിന് ശേഷം വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ നടപ്പാക്കി രണ്ടു ദിവസത്തിനു ശേഷമാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ഇന്ത്യയിലേക്ക് ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായത്. ജമ്മുവിലെ സാംബയിലും പഞ്ചാബിലുമാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. ഡ്രോണുകള്‍ വന്ന സാഹചര്യം ഇന്ത്യന്‍ സൈന്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സൈന്യം അതീവ ജാഗ്രതയിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
ഇന്ത്യയെ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നടത്തുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണ ശ്രമം. ജമ്മുവിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് പാകിസ്ഥാന്റെ ഡ്രോണുകള്‍ കണ്ടെത്തിയത്. പാകിസ്ഥാനില്‍ നിന്ന് 10 മുതല്‍ 12 ഡ്രോണുകള്‍ വരെ ഇന്ത്യയെ ലക്ഷ്യംവച്ചെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് ജമ്മു വിമാനത്താവളത്തില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ വീണ്ടും നിര്‍ത്തിവച്ചു.

attack

പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇന്ത്യന്‍ സൈന്യം ആരോപിച്ചു. അതിര്‍ത്തി കടന്നെത്തിയ ഡ്രോണുകളെ ഇന്ത്യന്‍ സൈന്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. അതിന് ശേഷം പിന്നീട് ഡ്രോണുകള്‍ എത്തിയിട്ടില്ലെന്നാണ് സൈന്യം നല്‍കുന്ന വിവരം. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം വ്യക്തമാക്കി. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതില്‍ ശക്തമായ പ്രതിഷേധം അറിയിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

സുരക്ഷാ കാരണങ്ങളാല്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, മറ്റ് അതിര്‍ത്തി നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്.

ഡ്രോണ്‍ ആക്രമണ ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അതിര്‍ത്തി സംസ്ഥാനമായ
പഞ്ചാബിലെ ചില ജില്ലകളില്‍ ഇന്നലെയും ബ്ലാക്ക്ഔട്ട് നടപ്പാക്കി. അമൃത്സറില്‍ സൈറണ്‍ മുഴങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹോഷിയാര്‍പുര്‍ ജില്ലയില്‍ ദസുയ, മുരേരിയാന്‍ മേഖലകളില്‍ വീടുകളിലെ ലൈറ്റ് അണച്ച് ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചത് മുന്‍കരുതല്‍ എന്ന നിലയിലാണെന്ന് ജില്ലാ അധികൃതര്‍ വ്യക്തമാക്കി. ജലന്ധറിന് സമീപം ഇന്ത്യന്‍ സായുധ സേന ഒരു നിരീക്ഷണ ഡ്രോണ്‍ വെടിവച്ചിട്ടു. തുടര്‍ന്ന് ജലന്ധറിന്റെ ചില ഭാഗങ്ങളിലും ലൈറ്റകള്‍ അണച്ച് മുന്‍കരുതല്‍ സ്വീകരിച്ചു.

സംഘര്‍ഷത്തിന് പിന്നാലെ അടച്ചതിന് ശേഷം ഇന്നലെ പ്രവര്‍ത്തനം പുനരാരംഭിച്ച അമൃത്സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പാക് പ്രകോപനത്തെ തുടര്‍ന്ന് വീണ്ടും നിര്‍ത്തിവച്ചു. ഡല്‍ഹിയില്‍ നിന്ന് അമൃത്സറില്‍ എത്തിയ ഇന്‍ഡിഗോ വിമാനം വിമാനത്താവളത്തില്‍ ഇറക്കാനാകാതെ ആകാശത്ത് വച്ച് തിരിച്ചുപോകാന്‍ നിര്‍ബന്ധിതരായി. ഇന്നലെ വൈകിട്ട് എട്ടിന് ഡല്‍ഹിയില്‍ നിന്ന് പോയ ഇന്‍ഡിഗോ വിമാനമാണ് 9.26 ന് ഡല്‍ഹിയില്‍ തന്നെ തിരിച്ചിറക്കിയത്. ഇന്ത്യന്‍ ആര്‍മിയുടെ വെടിമരുന്ന് ഡിപ്പോ സ്ഥിതി ചെയ്യുന്ന ജലന്ധറിലെ സുരനാസിക്ക് സമീപം ഡ്രോണ്‍ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അടച്ച 32 വിമാനത്താവളങ്ങള്‍ ഇന്നലെ തുറന്നെങ്കിലും പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകളില്‍ മാറ്റങ്ങള്‍ വരുത്തി. സേവനം സാധാരണ നിലയിലാകാന്‍ ഏതാനും ദിവസംകൂടി വേണ്ടിവരുമെന്നു വിമാന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളെ ഒരിക്കലും ഇന്ത്യ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവായുധമെന്ന ഭീഷണി ഇന്ത്യയോട് വേണ്ടെന്നും ഇന്ത്യയെ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പിന്നാലെ ഇന്ത്യയിലെയും പാകിസ്ഥാനിലെയും സൈനിക ഓപ്പറേഷന്‍സ് മേധാവികള്‍ നടത്തിയ ചര്‍ച്ചയിലും വെടിനിര്‍ത്തല്‍ തുടരുമെന്ന് ഇരു രാജ്യങ്ങളും പരസ്പരം ഉറപ്പു നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് പാകിസ്ഥാന്‍ പ്രകോപനം തുടരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+