വെടിനിർത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍: ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിർദേശവുമായി ഇന്ത്യ
ഡല്‍ഹി: വെടിനിർത്തല്‍ കരാർ നിലവില്‍ വന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ അതിർത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. വെടിനിർത്തൽ ധാരണ, പാകിസ്ഥാൻ തുടർച്ചയായി ലംഘിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി രാത്രി വൈകി വിളിച്ച വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാകിസ്ഥാന്റെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടി നിർത്തലാക്കുന്നതിനായി ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡി ജി എം ഒ മാർ തമ്മിൽ ഇന്ന് വൈകുന്നേരം ഒരു ധാരണയിലെത്തി. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, ഈ ധാരണ പാകിസ്ഥാൻ ലംഘിക്കുകയാണ്. ഇന്ത്യൻ സൈന്യം ഇതിന് തിരിച്ചടി നൽകുകയും ശക്തമായ നേരിടുകയും ചെയ്യുന്നു. ഈ നുഴഞ്ഞുകയറ്റം അങ്ങേയറ്റം അപലപനീയമാണ്. പാകിസ്ഥാനാണ് ഇതിന് ഉത്തരവാദി. പാകിസ്ഥാൻ സാഹചര്യം ശരിയായി മനസ്സിലാക്കുകയും ഈ നുഴഞ്ഞുകയറ്റം തടയാൻ ഉടനടി ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു." - വിക്രം മിശ്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

സായുധ സേന സ്ഥിതിഗതികൾ കർശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും അതിർത്തികളിൽ ആവർത്തിച്ചുള്ള ലംഘനങ്ങൾ ശക്തമായി നേരിടാൻ അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് രാത്രിയോടെ ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണങ്ങളും ഷെല്ലിംഗും നടത്തിയതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് ആദ്യം എക്സിലൂടെ വ്യക്തമാക്കിയത്. ശ്രീനഗറിലും ജമ്മുവിലും വൻ സ്ഫോടനങ്ങൾ കേട്ടതായി അദ്ദേഹം എക്സിൽ കുറിച്ചു "വെടിനിർത്തലിന് എന്താണ് സംഭവിച്ചത്? ശ്രീനഗറിൽ സ്ഫോടനങ്ങൾ കേൾക്കുന്നു" - എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഡയറക്ടർ ജനറൽമാർ (ഡി ജി എം ഒ) ശനിയാഴ്ച ഫോൺ വഴി സംഭാഷണം നടത്തി, എല്ലാ മേഖലകളിലും വെടിനിർത്തൽ പുനഃസ്ഥാപിക്കാൻ ധാരണയായിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ കരാർ ലംഘിച്ചു. ഇതോടെ പാകിസ്ഥാൻ്റെ ഡിജിഎംഒയെ വിളിച്ച് വിഷയത്തിൻ്റെ ഗൗരവം മനസിലാക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു. മേയ് 12-ന് ഉച്ചയ്ക്ക് ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാർ വീണ്ടും ചർച്ച നടത്തും. ഇന്ത്യ സംയമനത്തോടെ പ്രതിരോധിക്കുന്നുണ്ടെങ്കിലും, തുടർ പ്രകോപനങ്ങൾക്ക് ആവശ്യമെങ്കിൽ തിരിച്ചടിക്കുമെന്ന് മിസ്രി മുന്നറിയിപ്പ് നൽകി.
രാത്രിയിലെ പാക് പ്രകോപനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തര യോഗം വിളിച്ചു. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഓൺലൈൻ യോഗം നടത്തി. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് യോഗത്തിൻ്റെ ലക്ഷ്യം












Click it and Unblock the Notifications