പാക് ജയിലുകളിലെ ഇന്ത്യന്‍ തടവുകാര്‍ക്കയച്ച പാര്‍സലുകള്‍ പാക്കിസ്ഥാന്‍ തിരിച്ചയച്ചു
ദില്ലി: പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലൊളികള്‍ക്കയച്ച പാര്‍സലുകള്‍ അധികൃതര്‍ തിരിച്ചയച്ചു. ഉറിയിലെ ഭീകരാക്രമണവും തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായ ബാധിച്ച അവസരത്തിലാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ തടവുകാരോട് കടുത്ത രീതിയില്‍ പെരുമാറുന്നത്.
അബദ്ധത്തില്‍ പാക് അതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള 438 മത്സ്യത്തൊഴിലാളികളും ഡ്യു വില്‍ നിന്നുള്ള 51 പേരും പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുകയാണ്. തടവുകാരില്‍ കൂടുതല്‍ പേരും കറാച്ചി ജയിലിലാണ് കഴിയുന്നത്. സാധാരണ രീതിയില്‍ ഇവരെ ഒരുമിച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുകയാണ് പതിവ്.

മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളാണ് ഇവര്‍ക്ക് ജയിലുകളിലേക്ക് പാര്‍സലുകള്‍ അയക്കുന്നത്. കത്തുകള്‍, ഉണങ്ങിയ ഭക്ഷണ സാധനങ്ങള്‍, ടൂത്ത് പേസ്റ്റ്, തുണിത്തരങ്ങള്‍, മരുന്നുകള്‍, പാന്‍മസാല തുടങ്ങിയവയാണ് പാര്‍സലുകളിലെ ഉള്ളടക്കം. പാര്‍സലുകള്‍ വന്നാല്‍ തടവുകാര്‍ക്ക് കൈമാറുകയാണ് പതിവ്. എന്നാല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ നടപടി.
പാക്കിസ്ഥാന്റെ നടപടിയില്‍ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ അങ്ങേയറ്റം ദു:ഖിതരാണെന്ന് ഡ്യു ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കറാച്ചി ജയിലിലെ സീലോടുകൂടിയാണ് പാര്‍സലുകള്‍ തിരിച്ചെത്തിയത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണ് പാക്കിസ്ഥാന്‍ അധികൃതരുടെ പ്രകോപനപരമായ നടപടിക്ക് പിന്നിലെന്നാണ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരണം.












Click it and Unblock the Notifications