പബ്ജി വഴി പരിചയം, പ്രണയം മൊട്ടിട്ടു: 22കാരനെ വിവാഹം കഴിക്കാന്‍ പാക് യുവതി മക്കളുമായി ഇന്ത്യയില്‍
നോയിഡ: പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട യു പി സ്വദേശിയെ വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യില്‍ നിന്ന് പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട് കണ്ടെടുത്തിട്ടുണ്ട്.
പബ്ജിയിലൂടെ പരിചയപ്പെട്ട 22കാരനെ വിവാഹം കഴിക്കാന്‍ നാല് മക്കളുമായാണ് യുവതി അനധികൃതമായി ഇന്ത്യയില്‍ എത്തിയത്. ഗൗതം ബുദ്ധ നഗര്‍ പൊലീസാണ് ഇവരെ പിടികൂടിയത്. യുവതിയും കുട്ടികളും പാകിസ്ഥാനില്‍ നിന്നാണെത്തിയതെന്ന് അഡീഷണല്‍ പൊലീസ് കമ്മിഷണര്‍ സുരേഷ് റാവു കുല്‍ക്കര്‍ണി പറഞ്ഞു.

'പ്രാഥമിക അന്വേഷണത്തില്‍, ഗ്രേറ്റര്‍ നോയിഡയിലെ റബുപുര സ്വദേശിയായ സച്ചിന്‍ എന്ന യുവാവുമായി താന്‍ പബ്ജി വഴി പരിചയപ്പെട്ടെന്ന് യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് സുഹൃത്തുക്കളായെന്നും ബസും മറ്റ് യാത്ര സൗകര്യങ്ങള്‍ ഉപയോഗിച്ച് നേപ്പാള്‍ വഴി ഇന്ത്യയിലെത്തുകയായിരുന്നു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്'- കമ്മിഷണർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവതിയും നാല് കുട്ടികളും സച്ചിനൊപ്പം ഒരു വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഒരു പലചരക്ക് കടയിലെ ജീവനക്കാരനാണ് സച്ചിന്‍. ഞങ്ങള്‍ പബ്ജി വഴിയാണ് പരിചയപ്പെട്ടതെന്നും പിന്നീട് നല്ല സുഹൃത്തുക്കളായെന്നും സച്ചിന്‍ പൊലീസിനോട് പറഞ്ഞു.
യുവതി സച്ചിനൊപ്പം താമസിക്കുന്നുണ്ടെന്ന് സച്ചിന്റെ കുടുംബത്തിന് അറിയാമായിരുന്നു. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് സൗദി അറേബ്യയിലാണെന്നാണ് സച്ചിന്‍ പറഞ്ഞത്. സച്ചിനെ വിവാഹം കഴിക്കുന്നതിനുള്ള നടപടികളെ കുറിച്ചറിയാന്‍ യുവതി നഗരത്തിലെ ഒരാളെ സമീപിച്ചിരുന്ന. യുവതി പാകിസ്ഥാന്‍ സ്വദേശിയാണെന്ന് അറിഞ്ഞതോടെ ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ ഒന്നിലധികം ഏജന്‍സികള്‍ യുവതിയെ ചോദ്യം ചെയ്യുന്നുണ്ട്.
യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എംബസി വഴിയും ശേഖരിക്കുന്നുണ്ട്. യുവതിയുടെ ഭര്‍ത്താവ് സൗദയിലാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്നാണ് യുവതി പൊലീസിനോട് പറയുന്നത്. ഭര്‍ത്താവ് പതിവായി തന്നെ ഉപദ്രവിച്ചിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു.
പാകിസ്ഥാനിലെ സ്ഥലവും വീടും വിറ്റതിന് ശേഷമാണ് യുവതി ഇന്ത്യയിലേക്ക് എത്തിയത്. 12 ലക്ഷം രൂപയ്ക്കാണ് യുവതി വീടും സ്ഥലവും വിറ്റത്. തുടര്‍ന്ന് ഈ പണത്തിന് വിമാന മാര്‍ഗം വഴി നേപ്പാളിലേക്ക് എത്തുകയായിരുന്നു. യുവതിയുടെ സഹോദരന്‍ പാക് സൈന്യത്തിലാണെന്നും മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications