പാകിസ്താന്റെ ഭീകരവാദനയം വിജയിക്കില്ല, അനന്തരഫലം നേരിടേണ്ടി വരും'; യുഎന്നിൽ പാകിസ്താനെതിരെ ഇന്ത്യ
യുഎന്നിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാന്റെ ഭീകരവാദനയം ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്നും പ്രവൃത്തികളുടെ അനന്തരഫലം നേരിടേണ്ടി വരുമെന്നും മന്ത്രി എസ് ജയശങ്കർ പറഞ്ഞു. കഴിഞ്ഞ ദിവസം യുഎന്നിൽ കാശ്മീർ വിഷയം പാകിസ്താൻ ഉയർത്തിയിരുന്നു. ഇതിനെതിരേയും മന്ത്രി ശക്തമായി പ്രതികരിച്ചു.
'പല രാജ്യങ്ങളും തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ കാരണം പിന്തള്ളപ്പെടേണ്ടി വരുന്നുണ്ട്. എന്നാൽ ചില രാജ്യങ്ങളാകട്ടെ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങൾ ബോധപൂർവ്വം തിരഞ്ഞെടുക്കുകയാണ്. ഒരു പ്രധാന ഉദാഹരണമാണ് ഞങ്ങളുട അയൽരാജ്യമായ പാകിസ്താൻ. നിർഭാഗ്യവശാൽ അവരുടെ തെറ്റായ നടപടികളുടെ ഫലം മറ്റുള്ളവരും അനുഭവിക്കേണ്ടി വരുന്നുണ്ട്. പ്രത്യേകിച്ച് അയൽക്കാർ.

സർക്കാർ സ്വന്തം ജനങ്ങൾക്കിടയിൽ മതഭ്രാന്ത് വളർത്തുമ്പോൾ രാജ്യത്തിന്റെ ഏറ്റവും വലിയ കയറ്റുമതിയായി തീവ്രവാദം മാറുകയാണ്. മറ്റുള്ളവരെ നശിപ്പിക്കാൻ ഉദ്ദേശിച്ച് അവർ ചെയ്ത കാര്യങ്ങൾ ഇപ്പോൾ അവരെ തന്നെ നശിപ്പിക്കുകയാണ്. മറ്റുള്ളവരെ ഇതിന് കുറ്റപ്പെടുത്താൻ സാധിക്കില്ല. ഇത് കർമയാണ്.
മറ്റുള്ളവരുടെ ഭൂമിയിൽ കണ്ണുവെയ്ക്കുന്ന രാജ്യങ്ങളെ തുറന്നപകാട്ടുകയും അവരെ ശക്തമായി തന്നെ നേരിടുകയും വേണം.ഇന്നലെ യുഎന്നിൽ ചില വിചിത്രമായ കാര്യങ്ങൾ ചിലർ പറയുന്നത് ശ്രദ്ധയിൽ പെട്ടു. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയാണ്. പാക്കിസ്താന്റെ തീവ്രവാദം വിജയിക്കാൻ പോകുന്നില്ല. മാത്രമല്ല സ്വന്തം പ്രവർത്തികൾക്ക് അനന്തരഫലം നേരിടേണ്ടിയും വരും. നമ്മുക്കിടയിൽ ഇപ്പോൾ പരിഹരിക്കാനുള്ള പ്രശ്നം പാകിസ്താൻ അനധികൃതമായി കൈയ്യേറിയ ഭൂമി ഒഴിപ്പിക്കണം എന്നതാണ്. തീവ്രവാദത്തോടുള്ള പാകിസ്താന്റെ ബന്ധം ഉപേക്ഷിച്ചേ മതിയാകൂ', അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ ഇന്ത്യ തയ്യാറാകണമെന്നും അവിടെയുള്ള മുസ്ലീം ജനസംഖ്യയെ കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് രാജ്യം നടത്തുന്നത് എന്നുമായിരുന്നു പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് കഴിഞ്ഞ ദിവസം യുഎന്നിൽ പറഞ്ഞത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ക്രൂരമായ കർഫ്യൂ അടക്കം അവിടെ നടപ്പാക്കി. ഇപ്പോൾ പുറത്തുനിന്നുള്ളവർക്ക് കാശ്മീരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. ഇതുവഴി ജമ്മു കാശ്മീരിലെ മുസ്ലീം ജനസംഖ്യ കുറക്കാനും അവിടുത്തെ ഇസ്ലാമിക പൈതൃകത്തെ നശിപ്പിക്കാനുമാണ് ശ്രമിക്കുന്നത് എന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. അതേസമയം ഇതിനെതിരെ അതിശക്തമായ ഭാഷയിൽ തന്നെ ഇന്ത്യ പ്രതികരിച്ചിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദം അനിവാര്യമായ അനന്തരഫലങ്ങൾ ക്ഷണിച്ചുവരുത്തും എന്നായിരുന്നു യുഎന്നിലെ ഇന്ത്യൻ സെക്രട്ടറി തുറന്നടിച്ചത്.












Click it and Unblock the Notifications