'ഇന്ത്യയോട് മുട്ടുന്നത് ബുദ്ധിയല്ല, നമുക്കാകെ 6 ലക്ഷം പട്ടാളക്കാരെ ഉള്ളൂ'; മുന്‍ പാക് എയര്‍ മാര്‍ഷല്‍
ലാഹോര്‍: ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നത് പാകിസ്ഥാന് ദോഷകരമാകും എന്ന മുന്നറിയിപ്പുമായി മുന്‍ പാക് എയര്‍ മാര്‍ഷല്‍ മസൂദ് അക്തര്‍. പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ ടിവിയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് മസൂദ് അക്തര്‍ തന്റെ ആശങ്കകള്‍ പങ്ക് വെച്ചത്. പാകിസ്ഥാന്റെ സൈനിക ശക്തി ഇന്ത്യയ്ക്ക് മുന്നില്‍ ദുര്‍ബലമാണ് എന്ന് സമ്മതിക്കുന്ന തരത്തിലാണ് മസൂദ് അക്തറിന്റെ പ്രതികരണം.
''ഇന്ത്യയ്ക്ക് 16 ലക്ഷം സൈനികരുണ്ട്, നമ്മുടേത് വെറും ആറ് ലക്ഷം മാത്രമാണ് എത്ര യുദ്ധം നടത്തിയാലും നമ്മളെ രക്ഷിക്കാന്‍ കഴിയില്ല. നമ്മുടെ നേതൃത്വത്തിന്റെ ജോലി ഭാവിയിലേക്ക് നോക്കുക എന്നതാണ്. രംഗങ്ങള്‍ ആശങ്കാജനകമാണ്. അതിന് ഞങ്ങള്‍ക്ക് ഉത്തരമില്ല. സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതുവരെ സംഘര്‍ഷം ലഘൂകരിക്കല്‍ നടക്കില്ല,' അദ്ദേഹം പറഞ്ഞു.

നാല് തവണ ഇന്ത്യ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. പാകിസ്ഥാന്‍ ഇനി എന്താണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ശരിക്കും ചിന്തിക്കണം എന്നും അല്ലാത്തപക്ഷം സ്ഥിതി കൂടുതല്‍ വഷളാകും എന്നും മസൂദ് അക്തര്‍ കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ പാകിസ്ഥാനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടപടി ആരംഭിച്ചത്.
പാകിസ്ഥാനിലേയും പാക് അധിന കാശ്മീരിലേയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ആയിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്. ഇതില്‍ ആഗോള ഭീകരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മൗലാന മസൂദ് അസ്ഹറിന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും അടക്കം നൂറോളം ഭീകരര്‍ ആണ് കൊല്ലപ്പെട്ടത്. നിരോധിത സംഘടനകളായ ജെയ്ഷെ-ഇ-മൊഹമ്മദ് (ജെ.ഇ.എം), ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി), ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടത്.
വിശ്വസനീയമായ ഇന്റലിജന്‍സ് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൈനിക നടപടി സ്വീകരിച്ചത് എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ ഇന്ത്യയിലെ ജനവാസ മേഖലകളെ ലക്ഷ്യമാക്കി പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതില്‍ ഒരു സൈനികനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയെന്നോണം പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളും വ്യോമതാവളങ്ങളും ആക്രമിച്ചു എന്ന് ഇന്ത്യയും സ്ഥിരീകരിച്ചു.
ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളേയും ജനവാസമേഖലകളേയും ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഇത് ചെറുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയുടെ പല വ്യോമകേന്ദ്രളും തകര്‍ത്തെന്ന പാക് വാദം പച്ചക്കള്ളമാണ് എന്നും പാകിസ്ഥാന്‍ ഇത് സംബന്ധിച്ച് വ്യാജപ്രചാരണം നടത്തുകയാണ് എന്നും ഇന്ത്യ പറഞ്ഞു. ഇപ്പോഴും ഇന്ത്യ ശ്രമിക്കുന്നത് സംഘര്‍ഷം ലഘൂകരിക്കാന്‍ ആണ്.
എന്നാല്‍ പാകിസ്ഥാന്‍ സ്ഥിതി വഷളാക്കാനാണ് ശ്രമിക്കുന്നത് എന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ശ്രീനഗര്‍, അവന്തിപ്പൂര്‍, ഉധംപൂര്‍ എയര്‍ ബേസുകളിലെ മെഡികെയര്‍ സെന്ററുകളും സ്‌കൂളുകളും പാകിസ്ഥാന്‍ ലക്ഷ്യമിട്ടിരുന്നു. അതിര്‍ത്തിയില്‍ പാക് സൈനിക നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംഘര്‍ഷം കൂടുതല്‍ വഷളാക്കാനുള്ള അവരുടെ ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ സായുധ സേന തിരിച്ചറിഞ്ഞ സൈനിക ലക്ഷ്യങ്ങളില്‍ മാത്രമാണ് കൃത്യമായ ആക്രമണം നടത്തിയത്. എന്നാല്‍ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തിവരികയാണ്. പാകിസ്ഥാന്‍ 26 ലധികം സ്ഥലങ്ങളില്‍ വ്യോമമാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. ഇന്ത്യന്‍ എസ് - 400 സംവിധാനം നശിപ്പിച്ചതായും സൂറത്തിലെയും സിര്‍സയിലെയും വ്യോമതാവളങ്ങള്‍ നശിപ്പിച്ചതായുമുള്ള പാകിസ്ഥാന്‍ അവകാശവാദങ്ങള്‍ തെറ്റാണ് എന്നും ഇന്ത്യ വ്യക്തമാക്കി.












Click it and Unblock the Notifications