ഇന്ത്യയെ പിണക്കാതെ പലസ്തീൻ! സ്ഥാനപതിയെ പാക്കിസ്ഥാനിൽ നിന്നും തിരിച്ചുവിളിച്ചു...
പാക്കിസ്ഥാനിലെ പലസ്തീൻ സ്ഥാനപതി മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദുമായി വേദി പങ്കിട്ടതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ദില്ലി/ഇസ്ലാമാബാദ്: പാക്ക് ഭീകരൻ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട സ്ഥാനപതിയെ പലസ്തീൻ തിരിച്ചുവിളിച്ചു. സംഭവത്തിൽ ഖേദപ്രകടനം നടത്തിയതിന് പിന്നാലെയാണ് പലസ്തീന്റെ നടപടി. പാക്കിസ്ഥാനിലെ പലസ്തീൻ സ്ഥാനപതി മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദുമായി വേദി പങ്കിട്ടതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

ഇന്ത്യയുടെ പ്രതിഷേധം കണക്കിലെടുത്ത പലസ്തീൻ, സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തോട് വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പാകിസ്ഥാനിലെ സ്ഥാനപതി വലീദ് അബ്ദുൽ അലിയെ തിരിച്ചുവിളിക്കുന്നതായി പലസ്തീൻ അറിയിച്ചത്.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുൽ ദവ തലവനുമായ ഹാഫിസ് സയീദിനൊപ്പം റാവൽപിണ്ടിയിൽ സംഘടിപ്പിച്ച റാലിയിലാണ് പലസ്തീൻ സ്ഥാനപതി വേദി പങ്കിട്ടത്. ഇസ്രായേൽ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാനിലെ തീവ്ര മതസംഘടനകളുടെ കൂട്ടായ്മയായ ദിഫാ ഇ പാകിസ്ഥാൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചത്.












Click it and Unblock the Notifications